വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്കും മകനും 4 കോടിയുടെ ആഡംബര എസ്‌യുവി സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം
വില കൂടിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ താത്പര്യമില്ലാത്തവരുണ്ടോ അല്ലേ. സെലിബ്രിറ്റികളും വലിയ വ്യവസായി പ്രമുഖരുമെല്ലാം ഇത്തരം കാറുകൾ വാങ്ങുന്ന വാർത്തകൾ നാം സ്ഥിരമായി കാണാറും കേൾക്കാറുമുള്ളതാണ്. ലക്ഷ്വറി വാഹനങ്ങളിലെ കൊമ്പനായി അറിയപ്പെടുന്ന മോഡലാണ് ലാൻഡ് റോവർ ഡിഫൻഡർ. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിൻ്റെ ഐതിഹാസിക മോഡൽ 2020-ലാണ് ഇന്ത്യൻ നിരത്തുകളിൽ തിരികെയെത്തുന്നത്. പിന്നീട് മിക്കവരും ഈയൊരു എസ്‌യുവി വാങ്ങിക്കൂട്ടാൻ മത്സരിക്കുകയായിരുന്നു. 90, 110,130 എന്നീ മൂന്ന് വ്യത്യസ്‌ത ബോഡി ശൈലിയിൽ ഡിഫൻഡർ ഇന്ത്യയിൽ വാങ്ങാനും കിട്ടും.
1.49 കോടി രൂപ മുതൽ 3.10 കോടി രൂപ വരെയാണ് ഡിഫൻഡർ എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന വില. കസ്റ്റമെസേഷന് അനുസരിച്ച് ഈ വില ഇനിയും ഉയരുകയും ചെയ്യും. ഇപ്പോഴിതാ വീണ്ടും ഡിഫൻഡർ വാർത്തകളിൽ നിറയുകയാണ്. വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്കും മകനും 4 കോടി രൂപയോളം വരുന്ന ഈ ലക്ഷ്വറി എസ്‌യുവി സമ്മാനം നൽകിയിരിക്കുകയാണ് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം.

മറ്റാരുമല്ല, എപ്പോഴും വാർത്തകളിൽ ഇടംനേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമായ ഹാർദിക് പാണ്ഡ്യയാണ് തൻ്റെ മകനായി പുതിയ ഡിഫൻഡർ സമ്മാനം നൽകിയിരിക്കുന്നത്. ക്രിക്കറ്റിൽ ബാഡ് ബോയ് ഇമേജുണ്ടെങ്കിലും ആള് ശുദ്ധഹൃദയനാണ് ഇതെല്ലാം മനസിലാക്കി തരുന്ന കാര്യമാണ്. മുൻഭാര്യയായ നടാഷ സ്റ്റാൻകോവിച്ചിനും മകനായ അഗസ്ത്യക്കുമായി സമ്മാനിച്ചിരിക്കുന്ന വാഹനത്തിൻ്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻഹിറ്റാണ്.
മുംബൈയിലെ ലാൻഡ് റോവർ വിതരണക്കാരായ നവ്‌നീത് മോട്ടോഴ്‌സാണ് പുതിയ വാഹനം സമ്മാനമായി നൽകിയ വിവരം ചിത്രങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്പോർട്ടിയർ ലുക്ക് സമ്മാനിക്കുന്ന ബ്ലാക്ക് നിറത്തിലുള്ള ഡിഫൻഡറാണ് ഇവർക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 2024 ജൂലൈയിലാണ് ഹാർദിക്കും നടാഷയും തങ്ങളുടെ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.

അതിന് ശേഷവും മകൻ അഗസ്ത്യയുടെ സന്തോഷത്തിനായി ഇരുവരും ഇടയ്ക്ക് ഒരുമിച്ച് കൂടാറുണ്ട്. ജീവിതത്തിൽ പുതിയ പങ്കാളികളെ കണ്ടെത്തുമ്പോഴും തന്‍റെ മകന്‍റെയും മുൻഭാര്യയുടെയും കാര്യത്തിൽ ഹാർദിക് കാണിക്കുന്ന ഈ കരുതൽ ആരാധകരുടെ മനം കവരുകയാണ്. ശ്രീലങ്കൻ കടൽതീരത്ത് മഹികയ്‌ക്കൊപ്പം പ്രണയാർദ്രനായി പാണ്ഡ്യയുടെ ചിത്രങ്ങളും അടുത്തിടെ ആരാധകർ ഏറ്റെടുത്തിരുന്നു.
വേർപിരിഞ്ഞാലും പരസ്പര ബഹുമാനം നിലനിർത്താമെന്നും കുഞ്ഞിന്‍റെ വളർച്ചയിൽ മാതാപിതാക്കൾ ഒന്നിച്ചുനിൽക്കണമെന്നുമുള്ള നടാഷയുടേയും ഹാർദിക്കിൻ്റേയും തീരുമാനവും സോഷ്യൽ മീഡിയയിൽ വലിയ കൈയടി നേടുന്നുണ്ട്. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.
ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. 5018 മില്ലീമീറ്റർ നീളവും 2105 മില്ലീമീറ്റർ വീതിയും 1967 മില്ലീമീറ്റർ ഉയരവും 3022 മില്ലീമീറ്റർ വീല്‍ബേസുമുള്ള ലാൻഡ് റോവർ ഡിഫൻഡർ കമ്പനിയുടെ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
900 mm വരെ വാട്ടർവേഡിംഗ് കപ്പാസിയും എസ്‌യുവിയുടെ പ്രത്യേകതയാണ്. ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായതിനാൽ യാത്രകൾ അത്യാഡംബരമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ പോലുള്ളവയാണ് ഡിഫൻഡറിലെ പ്രധാന ഫീച്ചറുകൾ.
ഇതുകൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകൾ, 4-സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹീറ്റഡ് ഫംഗ്ഷനുള്ള സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം ലാൻഡ് റോവർ ഡിഫൻഡർ ആഡംബര എസ്‌യുവിയിലുണ്ട്. 2020-ലായിരുന്നു ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വിവാഹിതരായത്. എന്നാൽ 4 വർഷങ്ങൾക്കു ശേഷം 2024-ൽ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകുകയായിരുന്നു.


Click it and Unblock the Notifications








