ഐപിഎല്‍ ശമ്പളം തന്നെ 16 കോടി രൂപ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഈ കാർ വാങ്ങുന്ന ആദ്യ മുതലാളി റിഷഭ് പന്ത്
പതിനഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായ റിഷഭ് പന്ത്. കരിയറിന്റെ ഏറ്റവും നല്ലസമയത്തിലൂടെ കടന്നു പോവുമ്പോഴാണ് അപ്രതീക്ഷിതമായി വലിയൊരു കാർ അപകടത്തിൽ പന്തിന് പരിക്കേൽക്കുന്നത്. 2022 ഡിസംബറില്‍ ഡൽഹിയില്‍ നിന്ന് കുടുംബത്തെ കാണാന്‍ ജന്മദേശമായ റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ താരത്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്.
മെർസിഡീസ് ബെൻസിന്റെ പെർഫോമൻസ് വിഭാഗമായ എഎംജി നിർമിക്കുന്ന GLE എസ്‌യുവി സ്വന്തമാക്കി അധികനാൾ എത്തുന്നതിനു മുമ്പാണ് റിഷഭ് പന്ത് രാജ്യത്തെ നടുക്കുന്ന അപകടത്തിൽ പെടുന്നത്. അമിതവേഗത്തിലെത്തിയ ലക്ഷ്വറി എസ്‌യുവി ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് കത്തിയമരുകയും ചെയ്‌തു. വാഹനത്തിൽ നിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. എന്തായാലും കരിയർ തിരിച്ചുപിടിക്കാൻ ഇക്കഴിഞ്ഞ ഐപിഎൽ സീസൺ പന്തിനെ സഹായിച്ചിട്ടുണ്ട്.

ഐപിഎല്ലിലെ മിന്നുന്ന പ്രകടനം അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ താരത്തിന് ഇടംനേടിക്കൊടുക്കുകയും ചെയ്‌തു. സഞ്ജു സാംസണിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറാവുമോ അതോ പന്തിന് ആദ്യ ഇലവനിൽ സ്ഥാനം കിട്ടുമോ എന്നകാര്യമാണ് ആരാധകർ ഇപ്പോൾ നോക്കിയിരിക്കുന്നത്. അപകടത്തെ തുടർന്ന് ഏറെ നാൾ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ബിസിസിഐയുടെ മുഖ്യ കരാറിലുള്‍പ്പെട്ടിട്ടുള്ള താരങ്ങളിൽ ഒരാളാണ് റിഷഭ്.
ഏറ്റവുമുയര്‍ന്ന ശമ്പളം ലഭിക്കുന്ന വിഭാഗങ്ങളിൽ ഒന്നായ എ കരാറിലാണ് പന്തിന്റെ സ്ഥാനം. എ ഗ്രേഡിലുള്‍പ്പെട്ട താരങ്ങളുടെ പ്രതിവര്‍ഷ ശമ്പളം അഞ്ചു കോടി രൂപ വീതമാണ്. ഇതിന് പുറമെ ഐപിഎല്ലിലെയും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് ഈ ഡൽഹിക്കാരൻ. ഡൽഹി ക്യാപിറ്റൽസിന്റെ നായകനായ റിഷഭ് പന്ത് ഒരു സീസണിൽ വാങ്ങുന്നത് 16 കോടി രൂപയാണ്.

അതിനാൽ തന്നെ കത്തിനശിച്ച ബെൻസ് കാറിന് പകരക്കാരനായി ദേ ഇപ്പോൾ തന്റെ യാത്രകൾക്കായി പുത്തനൊരു വണ്ടി വാങ്ങിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റർ. ക്രിക്കറ്റ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും ഡിമാന്റുള്ള ഡിഫൻഡർ 110 എസ്‌യുവിയാണ്. ടി20 ലോകകപ്പ് ടീമിനൊപ്പം ചേരുന്നതിനായി മുംബൈ വിമാനത്താവളത്തിൽ പന്ത് പുത്തൻ വാഹനത്തിൽ വന്നിറങ്ങിയതോടെയാണ് ഗരാജിലെ അതിഥിയുടെ വിശേഷം പുറംലോകം അറിയുന്നത്.
കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് റിഷഭ് പന്ത് വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആഡംബര എസ്‌യുവിയുടെ വെറ്റ് കളർ ഓപ്ഷനാണ് ക്രിക്കറ്റ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഒരുപാട് ചരിത്രമുള്ള പരുക്കൻ എസ്‌യുവിയായ ഡിഫൻഡർ ശരിക്കും സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും ഡിമാന്റുള്ള മോഡൽ കൂടിയാണ്. 90, 110, 130 തുടങ്ങീ വ്യത്യസ്‌ത വേരിയന്റുകളിലാണ് ലാൻഡ് റോവർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

3-ഡോർ പതിപ്പ് ഡിഫൻഡർ 90 എന്നറിയപ്പെടുന്നു. അതേസമയം 5-ഡോർ പതിപ്പാണ് ഡിഫൻഡർ 110 എന്ന മോഡൽ. കൂടാതെ ഡിഫൻഡർ 130 എന്നറിയപ്പെടുന്ന 5-ഡോർ വേരിയൻ്റിനേക്കാൾ അല്പം നീളമുള്ള എസ്‌യുവിയുടെ മൂന്ന്-വരി പതിപ്പും ഇന്ത്യയിൽ ലഭ്യമാണ്. ഇതിൽ 110 പതിപ്പാണ് റിഷഭ് സ്വന്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 97 ലക്ഷം രൂപ മുതൽ 2.35 കോടി രൂപ വരെയാണ് ബ്രിട്ടീഷ് കാറിന്റെ എക്സ്ഷോറൂം വില വരുന്നത്.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിലെത്തുന്ന വാഹനത്തിന്റെ ഏത് വേരിയന്റാണ് റിഷഭ് കൂടെക്കൂട്ടിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എഞ്ചിനുകളിലും 3.0 ലിറ്റർ ഡീസൽ എഞ്ചിനിലും ലാൻഡ് റോവർ ഡിഫൻഡർ ലഭ്യമാണ്. ഓഫ്-റോഡ് പ്രേമികൾക്കിടയിൽ വളരെ പ്രചാരമുള്ള ഐക്കണിക് എസ്‌യുവി സുരക്ഷയുടെ അങ്ങേയറ്റമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ തലമുറ ഡിഫൻഡർ അതിൻ്റെ രൂപത്തിനും ഭാവത്തിനും ലോകമെമ്പാടുമായി ആരാധകരെ സൃഷ്‌ടിച്ചിട്ടുണ്ട്.

എക്സ്റ്റീരിയർ പോലെ തന്നെ ആരേയും കൊതിപ്പിക്കുന്ന ഇന്റീരിയറാണ് റിഷഭ് പന്തിന്റെ ഡിഫൻഡറിലും ലാൻഡ് റോവർ ഒരുക്കിയിട്ടുള്ളത്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, പൂർണ ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ടെക്, മെറിഡിയൻ പ്രീമിയം സ്പീക്കർ സിസ്റ്റം എന്നീ സവിശേഷതകളാൽ സമ്പന്നമാണ് വാഹനം.
ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഒരു ബട്ടണിൽ തൊടുമ്പോൾ ഉയർത്താവുന്ന ഇലക്ട്രോണിക് എയർ സസ്പെൻഷൻ, 360-ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, തുകൽ അപ്ഹോൾസ്റ്ററി, റബർ ഫ്ലോറിംഗ് എന്നിവ പോലുള്ള അത്യാധുനിക സേഫ്റ്റി ഫീച്ചറുകളാലും എസ്‌യുവി സമ്പന്നമാണ്.

ഡിഫെൻഡർ 110 എസ്‌യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ് റിഷഭ് പന്ത്. എന്നാൽ സിനിമാ താരങ്ങൾക്കിടയിൽ ഏറെ ഫാൻസുള്ളതിനാൽ സുനിൽ ഷെട്ടി, അർജുൻ കപൂർ, ആയുഷ് ശർമ്മ, സണ്ണി ഡിയോൾ, സഞ്ജയ് ദത്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, കരീന കപൂർ, സോനം കപൂർ, ജിമ്മി ഷെയർഗിൽ, നേഹ കക്കർ, മമ്മൂട്ടി തുടങ്ങിയ സെലിബ്രിറ്റികൾ ഐക്കോണിക് എസ്‌യുവി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








