പുതിയ Jawa 42 Bobber മോട്ടോർസൈക്കിൾ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം റുതുരാജ് ഗെയ്‌ക്‌വാദ്
പുതിയ ജാവ 42 ബോബർ മോട്ടോർസൈക്കിൾ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം റുതുരാജ് ഗെയ്‌ക്‌വാദ്. കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരായ ടി20 ഇന്റർനാഷണലിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം ഗെയ്‌ക്‌വാദിന് പരിമിതമായ അവസരം മാത്രമായിരുന്നു ലഭിച്ചത്. എന്നാൽ ഇന്ത്യന്‍ ടി20 ടീമിലേക്കു വന്നപ്പോള്‍ പലപ്പോഴും സ്ലോ ബാറ്റിങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടിട്ടുള്ള താരമാണ് ഇദ്ദേഹം.
എന്നാൽ അടുത്തിടെ വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ഒരോവറില്‍ ഏഴ് സിക്‌സും 50 ഓവര്‍ മാച്ചില്‍ ഡബിള്‍ സെഞ്ച്വറിയും കുറിച്ച് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരുന്നു. വെറും 159 ബോളില്‍ 16 സിക്‌സറുകളും 10 ബൗണ്ടറികളുമടക്കം പുറത്താവാതെ 220 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഐപിഎല്ലിന്റെ അവസാന മൂന്ന് സീസണുകളിലും ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിച്ചാണ് ശ്രദ്ധനേടിയെടുത്തത്. ഈ സന്തോഷത്തിന്റെ ഭാഗമായാണ് റുതുരാജ് ഗെയ്‌ക്‌വാദ് ജാവ 42 ബോബർ സ്വന്തമാക്കിയിരിക്കുന്നത്.

ക്ലാസിക് ലെജൻഡ് ജാവയുടെ പുതിയ ബൈക്കിന് ഇന്ത്യയിലുടനീളം ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മൂൺസ്റ്റോൺ വൈറ്റ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ജാവ 42 ബോബറാണ് ക്രിക്കറ്റ് താരം തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. ബൈക്കിന് ഇന്ത്യയിൽ 2.07 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 42 ബോബർ, പഴയ പെരാക്കിന് ശേഷം ജാവയിൽ നിന്നുള്ള ജാവയുടെ രണ്ടാമത്തെ മോഡലും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന ഫാക്‌ടറി നിർമിത ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളുമാണ്.
42 ബോബർ സ്റ്റാൻഡേർഡ് 42 റോഡ്സ്റ്റർ അടിസ്ഥാനമാക്കിയാണ് നിർമിച്ചെടുത്തിരിക്കുന്നത്. എന്നിരുന്നാലും റോഡ്സ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റൈലിംഗിൽ സമൂലമായ മാറ്റങ്ങൾ ലഭിക്കുന്നുണ്ടെന്നത് തന്നെയാണ് ഹൈലൈറ്റ്. താഴ്ന്ന സെറ്റ് ഫ്ലോട്ടിംഗ് സിംഗിൾ സീറ്റ്, ഫാറ്റർ ടയറുകൾ, മിനിമലിസ്റ്റ് ബോഡി വർക്ക്, ഫോർവേഡ് സെറ്റ് ഫൂട്ട് പെഗുകൾ, പുതിയ ഹാൻഡിൽബാറുകൾ എന്നിവ ഉപയോഗിച്ച് റൈഡിംഗ് എർഗണോമിക്‌സ് വളരെയധികം പരിഷ്‌ക്കരിക്കപ്പെടുന്നു. സസ്‌പെൻഷൻ സജ്ജീകരണവും മോഡലിനായി പുനർനിർമാണം നടത്തിയിട്ടുണ്ടെന്നാണ് ക്ലാസിക് ലെജൻഡ്‍സ് ജാവ അവകാശപ്പെടുന്നത്.

സ്റ്റാൻഡേർഡ് 42 റോഡ്സ്റ്റർ മോട്ടോർസൈക്കിളിൽ നിന്നും വ്യത്യസ്തമായി 42 ബോബറിന് പെറാക്കിൽ നിന്ന് വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിൻ കടമെടുത്തിരിക്കുന്നതും സ്വാഗതാർഹമായ തീരുമാനമാണ്. ഈ എഞ്ചിൻ പരമാവധി 30.2 bhp കരുത്തിൽ 32.74 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡ് ആയി മോഡലിന് നൽകിയിട്ടുമുണ്ട്. മിസ്റ്റിക് കോപ്പർ, മൂൺസ്റ്റോൺ വൈറ്റ്, ഡ്യുവൽ-ടോൺ ജാസ്പർ റെഡ് എന്നീ കളർ ഓപ്ഷനുകളാണ് ബൈക്കിൽ സ്വന്തമാക്കാനാവുന്നത്.
മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ മിസ്റ്റിക് കൂപ്പർ നിറത്തിന് 1.99 ലക്ഷം രൂപയും മൂൺസ്റ്റോൺ വൈറ്റ് നിറത്തിന് 2.11 ലക്ഷം രൂപയും ജാസ്പർ റെഡ് ഡ്യുവൽ ടോണിന് 2.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ റൗണ്ട് ഹെഡ്‌ലാമ്പ്, ഇൻഡിപെൻഡൻ്റ് ക്ലോക്ക് കൺസോൾ, പുതിയ ഹാൻഡിൽബാർ, പുതിയ ഫ്യുവൽ ടാങ്ക്, പുനർരൂപകൽപ്പന ചെയ്ത സീറ്റ് എന്നിവയാണ് ജാവ 42 ബോബറിലെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്.
കൺസോളിന് എൽസിഡി സ്‌ക്രീൻ ലഭിക്കുന്നവെന്നത് കൂടാതെ ഫംഗ്‌ഷനുകൾ നിയന്ത്രിക്കാൻ ഒരു പുതിയ സ്വിച്ച് ഗിയറും ജാവ സമ്മാനിച്ചിട്ടുണ്ട്. ഫ്ലോട്ടിംഗ് സീറ്റിന് 2-ഘട്ടമായി ക്രമീകരിക്കാവുന്ന സവിശേഷത ലഭിക്കുന്നുമുണ്ട്. ഇത് റൈഡറുടെ മുൻഗണനകൾ അനുസരിച്ച് മുന്നിലേക്കും പിന്നിലേക്കും നീക്കാൻ കഴിയും. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്പെന്‍ഷന്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, വ്യത്യസ്തമായി പൊസിഷന്‍ ചെയ്ത ഫുട്പെഗുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ പെറാക്കുമായി ഇതിന് ധാരാളം സാമ്യമുണ്ട്.
തനതായ സെഗ്മെന്റ് പരിഗണിക്കുമ്പോള്‍ 42 ബോബറിന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ലെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയ്ക്കെതിരെയാണ് ഇത് പ്രധാനമായും മത്സരിക്കുന്നത്. ക്ലാസിക് ലെജന്‍ഡ്സിന്റെ പഴയ ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാനുള്ള വിജയകരമായ ശ്രമമാണ് ജാവ. കാര്യമായ വിൽപ്പന കണക്കുകൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും മോശമല്ലാത്ത വിൽപ്പന ബ്രാൻഡ് ഇന്ത്യയിൽ നിന്നും കണ്ടെത്തുന്നുണ്ട്.


Click it and Unblock the Notifications








