ഒരു ഏകദിനം കളിച്ചാൽ കിട്ടുന്നത് പലരുടേയും വാർഷിക ശമ്പളം, 1.15 കോടിയുടെ കാർ വാങ്ങി ഇന്ത്യൻ ക്രിക്കറ്റർ
യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അറിയപ്പെടുന്ന പേരാണ് വെങ്കിടേഷ് അയ്യർ. ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 2021-ൽ അരങ്ങേറ്റം കുറിച്ച ബാറ്റർ വളരെ പെട്ടന്ന് ദേശീയ കുപ്പായത്തിലും എത്തി. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട താരം ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ സീസണിലെ ഫോമൗട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായിരുന്നുവെങ്കിലും കെകെആറിന്റെ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച വെങ്കിടേഷ് അയ്യർ അധികം വൈകാതെ ടീമിലേക്ക് തീരിച്ചെത്തിയേക്കും. നിലവില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഇടംപിടിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിൽ 8 കോടിയാണ് താരത്തിന്റെ ശമ്പളം.
ദേശീയ ടീമിൽ ഇടംപിടിച്ചാൽ മാച്ച് ഫീസും വെങ്കിടേഷിന് ലഭിക്കും. ഒരു ഏകദിന മത്സരത്തിന് ആറ് ലക്ഷം രൂപയും, ടി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് വെങ്കിടേഷ് അയ്യരിന് ലഭിക്കുന്നത്. ക്രിക്കറ്റ് കഴിഞ്ഞാൽ വാഹനങ്ങളോടും ഏറെ കമ്പമുള്ളയാളാണ് കക്ഷി. ടൊയോട്ട ഫോര്‍ച്യൂണറും, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കും സ്വന്തമായിട്ടുള്ള താരം ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര വാഹനവും സ്വന്തമാക്കിയിരിക്കുകയാണ്.

റേഞ്ച് റോവർ വെലാറാണ് വെങ്കിയുടെ ഗരാജിലെ പുത്തൻ അതിഥി. പുത്തൻ ആഡംബര എസ്‌യുവിയെ കൂടെക്കൂട്ടിയ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ദി ബീസ്റ്റ് ആൻഡ് ബീസ്റ്റ് എന്ന അടിക്കുറിപ്പോടെ വാഹനത്തിന് മുന്നിലിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സഹതാരങ്ങളും ആരാധകരുമെല്ലാം താരത്തിന് കമന്റ് ബോക്സിലൂടെ ആശംസകൾ നേരാനും എത്തിയിട്ടുണ്ട്.
റേഞ്ച് റോവർ വെലാറിന്റെ വൈറ്റ് കളർ ഓപ്ഷനാണ് വെങ്കി തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്ലോസി ബ്ലാക്കിൽ ഒരുങ്ങിയ ഫ്രണ്ട് ഗ്രില്ലും കറുപ്പിലൊരുക്കിയിരിക്കുന്ന ഡ്യുവൽ-ടോൺ ഇഫക്റ്റ് എസ്‌യുവിയുടെ സ്‌പോർട്ടി സ്വഭാവം ഉയർത്തുന്നുണ്ട്. റേഞ്ച് റോവർ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ 2024 വെലാറിന്റെ വില 93 ലക്ഷം രൂപയായിരുന്നു.

എന്നാൽ അടുത്തിടെ 2024 റേഞ്ച് റോവറിന്റെ വില 6.40 ലക്ഷം രൂപ വെട്ടിക്കുറച്ചതോടെ വെങ്കിടേഷ് അയ്യരിന് വാഹനം 87.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് കിട്ടിയിരിക്കാം. എന്നാൽ ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 1.15 കോടി രൂപയ്ക്ക് മുകളിലാണ് ഈ ആഡംബര എസ്‌യുവിക്ക് വരുന്ന ഓൺ-റോഡ് വില. റേഞ്ച് റോവർ ഇവോക്കിനും റേഞ്ച് റോവർ സ്‌പോർട്ടിനും ഇടയിലാണ് സ്ഥാനമെങ്കിലും കാഴ്ച്ചയിൽ കിടിലമാണ് വാഹനം.
ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപമാണ് വെലാറിനുള്ളത്. പുതിയ പിക്‌സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്‌ത ബമ്പറുകളും ഫ്രണ്ട് ഗ്രില്ലും, റാപ് എറൗണ്ട് ടെയിൽലാമ്പുകളുമെല്ലാമാണ് എസ്‌യുവിക്ക് മിഴിവേകുന്നത്. അകത്തളത്തിലേക്ക് കയറിയാലും ആഡംബരപൂർണമായ അകത്തളമാണ് വാഹനത്തിൽ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ പണികഴിപ്പിച്ചിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യവും കണക്റ്റിവിറ്റിയും സുരക്ഷാ സൗകര്യങ്ങളാലും സമ്പന്നമാണ് വെങ്കിടേഷ് അയ്യരുടെ ഏറ്റവും പുതിയ റേഞ്ച് റോവർ വെലാർ. വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള പുതിയ 11.4 ഇഞ്ച് കർവ്ഡ് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സ്‌പെഷ്യൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ആക്റ്റീവ് റോഡ് നോയ്‌സ് ക്യാൻസലേഷൻ, എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സവിശേഷതകളാണ് വണ്ടിയിലുള്ളത്.
കഴിഞ്ഞില്ല, ഇതിനു പുറമെ 4G വൈ-ഫൈ ഹോട്ട്സ്പോർട്ടുള്ള കണക്റ്റഡ് കാർ ടെക് നാവിഗേഷൻ പ്രോ, കോൺഫിഗർ ചെയ്യാവുന്ന ആംബിയൻ്റ് ലൈറ്റിംഗ്, 360 പാർക്കിംഗ് എയ്‌ഡ് എന്നിവയും അതിലേറെയും പോലുള്ള പ്രധാന ഹൈലൈറ്റുകളാലും റേഞ്ച് റോവർ വെലാർ കിടിലമാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഉള്ള 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയുടെ ഹൃദയം.
വെങ്കിടേഷ് അയ്യർ ഇതിൽ ഏത് വേരിയന്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 250 bhp പവറിൽ 365 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസല്‍ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 430 Nm torque ആണ് നൽകുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാലും വാങ്ങാൻ തോന്നും.
റേഞ്ച് റോവർ വെലാര്‍ പെട്രോള്‍ വെറും 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോൾ മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം ആഡംബര എസ്‌യുവിയുടെ ഡീസല്‍ മോഡല്‍ 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ വേഗം എത്തിപ്പിടിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 217 കിലോമീറ്ററാണ്. ഹാർഡ്‌കോർ എസ്‌യുവി ആയതിനാൽ 530 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഇതിനുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








