ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ നിന്നും ബംഗ്ലാവിലേക്ക്, ഇന്ത്യന്‍ സംരംഭകന്റെ യാത്രകൾ ഇപ്പോൾ കോടികളുടെ കാറുകളിൽ
കോടീശ്വരനാവാൻ ആഗ്രഹിക്കാത്ത സാധാരണക്കാരുണ്ടാവില്ല അല്ലേ. ഇതിനായി രാപ്പകൽ കഷ്‌ടപ്പെടുന്നവരുമുണ്ട്. ഒറ്റ രാത്രികൊണ്ട് ധനികനാവാൻ ലോട്ടറിയെടുക്കുന്നവരുടെ എണ്ണവും എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നർക്കെല്ലാം ഒരിക്കലും മറക്കാനാവാത്ത ഒരു പഴയ കാലം ഉണ്ടായിരുന്നിരിക്കുമല്ലോ. അശ്രാന്തമായ പരിശ്രമത്തിന് ജീവിതത്തില്‍ ഫലമുണ്ടാകുമെന്നതിന് സംശയമൊന്നും വേണ്ട. അതിന് ഉത്തമ ഉദാഹരണമാണ് ഒഡീഷ സ്വദേശിയായ സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ സൗമേന്ദ്ര ജെനയുടെ ജീവിതം. ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ഇദ്ദേഹം പങ്കുവെച്ച രണ്ട് ചിത്രങ്ങളും അതിനൊപ്പം എഴുതിയ കുറിപ്പുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സ്വന്തം ജീവിതാനുഭവം തന്നെയായാണ് സൗമേന്ദ്ര ജെന രണ്ട് ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇതിൽ ആദ്യത്തെ ചിത്രം ഒഡീഷയിലെ തന്റെ ബാല്യകാലം ചിലവഴിച്ച വീടിന്റേതായിരുന്നുവെങ്കിൽ രണ്ടാമത്തേത് 17 വർഷത്തെ കഠിനാധ്വാനത്തിലൂടെ താൻ നേടിയെടുത്ത ആഡംബര വീടും കാറുകളുമായിരുന്നു. ദുബായിലെ ജീവിതത്തിൽ യാത്രകൾക്കായി ഉപയോഗിക്കുന്നത് പോര്‍ഷ ടെയ്ക്കാനും മെർസിഡീസ് ബെൻസ് ജി-വാഗണ്‍ ബ്രാബസ് 800 എസ്‌യുവിയുമാണ്.

ജീവിതത്തില്‍ താന്‍ വളര്‍ന്നുവന്ന സാഹചര്യവും നിലവിലെ സാഹചര്യവും ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം യുവതലമുറയ്ക്ക് പ്രോത്സാഹനം നൽകുക എന്നതു കൂടിയാണ് സൗമേന്ദ്ര ജെന ഈ രണ്ട് ചിത്രങ്ങളും പങ്കുവെക്കുന്നതിലൂടെ ഉദ്ദേശിച്ചത്. അന്ന് എന്റെ വീടായിരുന്നു ഇത്. ഒഡീഷയിലെ റൂര്‍ക്കേല എന്ന ചെറിയ പട്ടണം. ഞാന്‍ ജനിച്ചതും വളര്‍ന്നതും 12-ാം ക്ലാസ് വരെ പഠിച്ചതും (1988-2006) ഇവിടെയായിരുന്നുവെന്ന് അടിക്കുറിപ്പിൽ പറയുന്നു.
അതോടൊപ്പം 2021-ല്‍ വീണ്ടും അവിടം സന്ദര്‍ശിച്ചു. 17 വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും കുറുക്കുവഴികള്‍ ഇല്ലാത്ത അധ്വാനത്തിന്‍റെയും കഥയാണ് ഇന്ന് എന്റെ ദുബായിലെ വസതി പറയുന്നത്. വിജയത്തിന് സമയമെടുക്കുമെന്നും സൗമേന്ദ്ര ജെന കുറിപ്പിൽ കൂട്ടിച്ചേർക്കുകയുണ്ടായി. സാമ്പത്തിക രംഗത്താണ് സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ ഒഡീഷക്കാരൻ തന്റെ കഴിവ് തെളിയിച്ചത്.

സാമ്പത്തിക ഷയങ്ങള്‍ കൈകാര്യംചെയ്യുന്ന ഇൻഫ്ലുവെൻസർ എന്ന നിലയിൽ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും സൗമേന്ദ്ര ജെന സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇദ്ദേഹത്തിനുള്ളത്. അതേസമയം യൂട്യൂബിൽ നിലവിൽ, 4.8 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും സൗമേന്ദ്രയ്ക്കുണ്ട്. നിലവിൽ ദുബായിലാണ് കക്ഷിയുടെ സ്ഥിരതാമസം.
ഇന്ത്യയിൽ താമസിച്ചിരുന്നപ്പോൾ ജെന ഇവിടുത്തെ ഉപയോഗങ്ങൾക്കായി മെർസിഡീസ് ബെൻസ് G350d ആഡംബര എസ്‌യുവി സ്വന്തമാക്കിയിരുന്നു. ദുബായിലേക്ക് താമസം മാറിയപ്പോൾ അദ്ദേഹം സ്വന്തമായി പോർഷ ടെയ്‌കാൻ ഇലക്ട്രിക് സെഡാൻ വാങ്ങുകയായിരുന്നു. ജർമൻ ആഡംബര വാഹന നിർമാതാക്കളിൽ നിന്നുള്ള ഈ സൂപ്പർ-പവർഫുൾ സെഡാൻ നാല് വ്യത്യസ്ത വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്.

ടെയ്‌കാൻ RWD, ടെയ്‌കാൻ 4S, ടെയ്‌കാൻ ടർബോ, ടെയ്‌കാൻ ടർബോ എസ് എന്നവയാണ് ഇലക്ട്രിക് സെഡാന്റെ വ്യത്യസ്‌ത വേരിയന്റുകൾ. ഇതിൽ ഏതാണ് സൗമേന്ദ്ര ജെനയുടെ പോർച്ചിലുള്ളതെന്ന് വ്യക്തമല്ല. ഇന്ത്യയിൽ പോർഷ ടെയ്‌കാന് 1.89 കോടി രൂപയിൽ നിന്ന് ആരംഭിച്ച് 2.53 കോടി രൂപ വരെ എക്സ്ഷോറൂം വിലവരുമെന്നാണ് കണക്കുകൾ. ഇവിയുടെ ടോപ്-ഓഫ്-ലൈൻ ടർബോ എസ് വേരിയന്റിൽ ഓരോ ആക്‌സിലിലും സ്ഥാപിച്ചിരിക്കുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
അങ്ങനെ 761 bhp പവറിൽ പരമാവധി 1050 Nm torque വരെ ഉത്പാദിപ്പിക്കാൻ പോർഷയുടെ ഇവിക്കാവും. ഈ സെഡാനെ കൂടുതൽ രസകരമാക്കുന്നത് ഓൾ-വീൽ ഡ്രൈവ് സംവിധാനമാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 2.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാവുന്ന ടെയ്‌കാന് പരമാവധി മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനാവും.
ടെയ്‌കാന് പുറമെ ദുബായിൽ 2025 മോഡൽ മെർസിഡീസ് ബെൻസ് G63 AMG ലക്ഷ്വറി എസ്‌യുവിയും ഈ സംരംഭകനുണ്ട്. ഈ പ്രത്യേക എസ്‌യുവി ഒബ്‌സിഡിയൻ ബ്ലാക്ക് നിറത്തിലുള്ള ഒരു ക്ലാസിക് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. "6307" എന്ന വിഐപി രജിസ്ട്രേഷൻ നമ്പറും സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ സൗമേന്ദ്ര ജെന വാങ്ങിയിട്ടുണ്ട്. ജി-വാഗണിന്റെ പെർഫോമൻസ് പതിപ്പ് ആര് കണ്ടാലും മോഹിക്കുന്ന വാഹനങ്ങളിൽ ഒന്നാണ്.


Click it and Unblock the Notifications








