അമേരിക്കയിൽ പോയി സൂപ്പർബൈക്ക് വാങ്ങിയാലും വിശ്വാസം അതല്ലേ എല്ലാം, റേസിംഗിലെ പെൺകരുത്തിന്റെ നിഞ്ച കണ്ടോ
സ്ത്രീകൾ വാഹനമോടിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയുള്ള കാര്യമല്ലല്ലോ. ഓട്ടോമാറ്റിക് കാറുകളുടേയും സ്‌കൂട്ടറുകളുടേയും വരവാണ് ലേഡീസിനെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതെന്ന് വേണമെങ്കിൽ പറായാം. പക്ഷേ ഇതിനിടയിൽ ബൈക്കോടിക്കുന്ന സ്ത്രീകൾ ഇപ്പോഴും വളരെ ചരുക്കമായിരിക്കും. പക്ഷേ മോട്ടോർസൈക്കിളുകളോട് കമ്പം കയറി അതിനെ മെരുക്കി നടക്കുന്ന പെണ്ണുങ്ങൾ നിരത്തുകൾക്ക് എപ്പോഴും ഒരു വർണ്ണക്കാഴ്ച്ചായായിരിക്കുമല്ലോ. നാട് എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും ബൈക്കോടിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ഒന്ന് നോക്കി നിൽക്കാൻ തോന്നും. സോഷ്യൽ മീഡിയയുടെ വരവോട് കൂടി ഇത്തരം കാഴ്ച്ചകളും വാർത്തകളുമെല്ലാം നമുക്ക് സുപരിചിതവുമായിരിക്കും.
അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കവസാക്കിയുടെ ഒന്നാന്തരം സൂപ്പർബൈക്ക് സ്വന്തമാക്കിയ ദീപിക റെഡ്ഡി എന്ന കൗമാരക്കാരിയാണ് നമ്മുടെ കഥാനായിക. ഇന്ത്യക്കാരിയാണെങ്കിലും കക്ഷി ആഡംബര മോട്ടോർസൈക്കിൾ വാങ്ങിയത് സ്ഥിരതാമസമാക്കിയ ട്രംപ് അണ്ണന്റെ സ്വന്തം അമേരിക്കയിലാണ് കേട്ടോ. സംഭവം കാലിഫോർണിയിലാണെങ്കിലും പുതിയ വാഹനം വാങ്ങുമ്പോൾ ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് പൂജയൊക്കെ ചെയ്‌ത് നാരങ്ങയും വെച്ചാണ് ബൈക്ക് ഇറക്കിയിരിക്കുന്നത്.

ബൈക്കിന്റെ ഡെലിവറിയെടുക്കുന്ന സമയത്ത് പൂജാരിയെക്കൊണ്ട് വാഹനം പൂജിക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ദീപിക തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ കവസാക്കി നിഞ്ച ZX4RR സ്വന്തമാക്കിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലോഗറും പ്രൊഫഷണൽ റേസറുമാണ് കക്ഷിയെന്നത് കൂടി അറിഞ്ഞുവെച്ചോളൂ. 2021 ടിവിഎസ് നാഷണൽ ചാമ്പ്യനാണ് ദീപിക.
ഹൈദരാബാദ് സ്വദേശിനിയായ ദീപിക പഠനത്തിനായാണ് കാലിഫോർണിയയിലേക്ക് ചേക്കേറിയിരിക്കുന്നതെന്നാണ് വിവരം. കാറായാലും ബൈക്കായാലും സ്വന്തമായൊരു വാഹനം വാങ്ങുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണല്ലോ. നാരങ്ങവെച്ചും അമ്പലത്തിൽ അല്ലെങ്കിൽ പള്ളിയിൽ പോയി പുതിയ വണ്ടി പൂജിക്കുന്നതുമെല്ലാം ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണ്. നമ്മൾ മലയാളികളും ഇക്കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ച്ചകളും വരുത്താറില്ല.

ഇപ്പോൾ കുടിയേറ്റം കൂടുതൽ നടക്കുന്നുണ്ടെങ്കിലും ഏത് രാജ്യത്ത് എത്തിയാലും ഇന്ത്യക്കാർക്ക് ആചാരം വിട്ടൊരു കളിയുമില്ലെന്നതാണ് സത്യം. അതിന് ഉദാഹരണമാണ് ദീപിക കവസാക്കി സ്വന്തമാക്കിയ പോസ്റ്റിലും കാണാനാവുന്നത്. കവസാക്കി നിഞ്ച ZX-4RR ഒരു സ്പോർട്സ് ബൈക്കാണ്. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ZX-4R മോഡലിന്റെ ഹയർ സ്പെക്ക് വേരിയന്റാണിതെന്നും പറയാം. എന്നാൽ ZX-4R-ൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ പരിമിതമായ സംഖ്യകളിൽ മാത്രമേ ഈ മോട്ടോർസൈക്കിൾ ലഭ്യമാകൂ.
ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, അഡ്‌ജസ്റ്റബിൾ സസ്‌പെൻഷൻ, കവസാക്കിയുടെ സിഗ്നേച്ചർ ഗ്രീൻ കളർ ഓപ്ഷൻ എന്നിവയെല്ലാമാണ് ZX-4R പതിപ്പിൽ നിന്നും നിഞ്ച 4RR സൂപ്പർബൈക്കിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ. 399 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ-ഫോർ എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 14,500 ആർപിഎമ്മിൽ 80 bhp കരുത്തും 13,000 ആർപിഎമ്മിൽ 39 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

ഡിസൈനിലേക്ക് നോക്കിയാൽ നിഞ്ച സീരീസ് പിന്തുടർന്ന് പോവുന്ന അതേ ശൈലി തന്നെയാണ് കവസാക്കി നിഞ്ച ZX-4RR മോഡലും സ്വീകരിച്ചിരിക്കുന്നത്. ഷാർപ്പ് ഫെയറിംഗ്, ട്വിൻ-എൽഇഡി ഹെഡ്‌ലൈറ്റുകൾ, അപ്‌സ്വെപ്റ്റ് ടെയിൽ എന്നിവയാൽ ബൈക്കിന്റെ സ്റ്റൈലിംഗ് സ്പോർട്ടിയാണ്. ഹൈ-ടെൻസൈൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന മോഡലിന്റെ സസ്പെഷൻനായി മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ബാക്ക്-ലിങ്ക് മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടറ്റത്തും 17 ഇഞ്ച് അലോയ് വീലുകളോടെ വരുന്ന നിഞ്ച ZX-4RR ബ്രേക്കിംഗിനായി മുൻവശത്ത് 290 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ 220 mm ഡിസ്ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 189 കിലോഗ്രാം ഭാരമുള്ള മോഡലിന് 135 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. ഇന്ത്യയിൽ ഏകദേശം 10 ലക്ഷം രൂപയ്ക്കടുത്താണ് കവസാക്കിയുടെ ഈ സൂപ്പർബൈക്കിനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില.


Click it and Unblock the Notifications








