വാട്‌സ്ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യാം; പുതിയ ടെക്‌നിക്കുമായി റെയിൽവേ
സാങ്കേതികവിദ്യയുടെ വികാസം എല്ലാ മേഖലകളെയും വളരെ കാര്യമായി സ്വാധീനിച്ചിരിക്കുകയാണ്. ട്രെയിൻ യാത്രകളിൽ വരെ സഹായകരമാവുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ഐആര്‍സിടിസി അടുത്തിടെയായി പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. നിരവധി പരിഷ്ക്കാരങ്ങളിലൂടെ കൂടുതൽ യാത്രക്കാരെ തങ്ങൾക്കൊപ്പം കൂട്ടാനാണ് റെയിൽവേയുടെ പദ്ധതി.
തീവണ്ടി യാത്ര ഇഷ്ടപ്പെടുന്നവരും അത് ഏറെ ആസ്വദിക്കുന്ന ഒരു വലിയ വിഭാഗവും നമുക്കിടയിലുണ്ട്. രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗമായ റെയിൽവേയെയാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്കായി ആശ്രയിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാം എന്നതാണ് ട്രെയിൻ യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഈ യാത്രകളിൽ നല്ല ഭക്ഷണം കിട്ടില്ല എന്ന കാരണത്താൽ പലരും ട്രെയിനുകൾ പരിഗണിക്കാറില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. റെയിൽവേ പാൻട്രിയിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരവും രുചിയും പണ്ടേ പരാജയമാണ്.

ഇക്കാര്യത്തിന് ഇതുവരെ ഒരു പരിഹാരം കണ്ടെത്താനാവാതെ വലഞ്ഞിരുന്ന ഐആര്‍സിടിസി ഈ പ്രശ്‌നത്തിന് അറുതിവരുത്തിയിരിക്കുകയാണ്. എങ്ങനെയാണെന്നല്ലേ... യാത്രക്കിടയിൽ ഇഷ്ട ഭക്ഷണം വാട്‌സ്ആപ്പ് വഴി ഓർഡർ ചെയ്യുന്ന സംവിധാനമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് ഇ-കാറ്ററിംഗ് സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സജ്ജീകരണം നടപ്പിലാക്കുന്നത്.
ഇനി യാത്രക്കാർക്ക് പിഎൻആർ നമ്പർ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ വാട്‌സ്ആപ്പ് വഴി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാനാകും. ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണ സംവിധാനം ഉറപ്പു വരുത്തുന്നതിനായി ഈ സൗകര്യം കൊണ്ടു വരുന്നതിനെപ്പറ്റി റെയിൽവേ അധികൃതർ പോയ വർഷം തന്നെ തീരുമാനമെടുത്തിരുന്നു. ഐആര്‍സിടിസി പ്രത്യേകമായി വികസിപ്പിച്ച വെബ്‌സൈറ്റ് www.catering.irctc.co.in വഴിയും അതിന്റെ ഇ-കാറ്ററിംഗ് ആപ്പ് ഫുഡ് ഓൺ ട്രാക്കിലൂടെയും ഇ-കാറ്ററിംഗ് സേവനങ്ങൾ നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ കാരണം വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നത് ഒരു വലിയ പോരായ്‌മയായിരുന്നു.

ഇ-കാറ്ററിംഗ് സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ റെയിൽവേ യാത്രക്കാർക്ക് ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി വാട്‌സ്ആപ്പ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇതിനായി +91-8750001323 എന്ന ബിസിനസ് നമ്പരാണ് ഉപയോഗിക്കേണ്ടത്. ഇപ്പോൾ തെരഞ്ഞെടുത്ത ട്രെയിനുകളിലും യാത്രക്കാരിലുമാണ് ഇ-കാറ്ററിംഗ് സേവനങ്ങൾക്കായി വാട്‌സ്ആപ്പ് ആശയവിനിമയം നടപ്പിലാക്കിയിട്ടുള്ളത്. പിന്നീടുള്ള ഘട്ടത്തിൽ ഉപഭോക്തൃ ഫീഡ്ബാക്കുകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും മറ്റ് ട്രെയിനുകളിലേക്കും റെയിൽവേ ഈ സേവനം വ്യാപിപ്പിക്കുക.
വാട്‌സ്ആപ്പ് കമ്മ്യൂണിക്കേഷൻ വഴി ഇ-കാറ്ററിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നതിന് തുടക്കത്തിൽ രണ്ട് ഘട്ടങ്ങളായിരുന്നു പദ്ധതിയിട്ടിരുന്നത് എന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തിൽ www.ecatering.irctc.co.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇ-കാറ്ററിംഗ് സേവനങ്ങൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അതിന് ശേഷം ബിസിനസ് വാട്സ്ആപ്പ് നമ്പറിൽ നിന്ന് ഉപഭോക്താവിന് ഒരു സന്ദേശം ലഭിക്കും. ഇത്തരത്തിലായിരിക്കും വാട്സ്ആപ്പിലൂടെയുള്ള സേവനം ഉപഭോക്താവിന് ലഭ്യമാകുന്നത്.

ഈ ഓപ്ഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് വെബ്‌സൈറ്റ് വഴി നേരിട്ട് സ്റ്റേഷനുകളിൽ ലഭ്യമായ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ബുക്ക് ചെയ്യാൻ കഴിയും. അടുത്ത ഘട്ടമായി ഉപയോക്താവിന്റെ വാട്‌സ്ആപ്പ് നമ്പർ പിന്നീട് ഒരു ഇന്ററാക്റ്റീവ് ടു വേ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമായി മാറും. ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു AI പവർ ചാറ്റ്ബോട്ട് യാത്രക്കാർക്കുള്ള ഇ-കാറ്ററിംഗ് സേവനം അനുവദിക്കും.
നിലവിൽ ഐആർസിടിസിയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും പ്രവർത്തനക്ഷമമാക്കിയ ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് ഒരു ദിവസം ഏകദേശം അമ്പതിനായിരത്തിൽ അധികം ഭക്ഷണം വിറ്റു പോകുന്നുണ്ടെന്നാണ് മൊത്തത്തിലുള്ള കണക്കുകൾ. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് വാട്സ്ആപ്പ്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെല്ലാം ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുമാണ് എന്നതിനാൽ റെയിൽവേ നടപ്പിലാക്കിയ ഈ സംവിധാനം വലിയ ഹിറ്റാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റത്തിന്‍റെ പാതയിലുള്ള റെയിൽവേ ഇത്തരത്തിലുള്ള മികച്ച സേവനങ്ങള്‍ നല്‍കിവരുന്നത്.


Click it and Unblock the Notifications








