30 ലക്ഷത്തിന്റെ ബൈക്കിന് കാശ് എറിഞ്ഞ് വിഐപി നമ്പറും സ്വന്തമാക്കി ഉടമ! സൂക്ഷിച്ച് നോക്കിയാൽ ട്വിസ്റ്റ് കാണാം
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിനെ കുറിച്ച് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നും വേണ്ടിവരില്ല. കാറുകൾ മാത്രമല്ല, വില കൂടിയ ഇരുചക്ര വാഹനങ്ങളും നിർമിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് ബ്രാൻഡ്. ഇവരുടെ ടൂവീലർ വിഭാഗമായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലും സജീവമായാണ് പ്രവർത്തിക്കുന്നത്. ഈ വർഷം ജനുവരിയിൽ R 1300 GS എന്നൊരു പുതുപുത്തൻ അഡ്വഞ്ചർ ബൈക്ക് കമ്പനി പുറത്തിറക്കിയിരുന്നു. 23.35 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ബവേറിയൻ കമ്പനിയിപ്പോൾ. വ്യത്യസ്‌ത എഡിഷനുകളിലായി വരുന്ന വാഹനം ശരിക്കും നമ്മുടെ നിരത്തുകൾക്കൊരു വിസ്‌മയം തന്നെയായിരിക്കും.
ഏപ്രിൽ മാസത്തോടെ വിതരണം ആരംഭിക്കാനായിരുന്നു ആദ്യത്തെ പദ്ധതിയെങ്കിലും സംഭവം വൈകുകയായിരുന്നു. അൽപം വൈകിയെങ്കിലും ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവിന് ബൈക്ക് കൈമാറിയിരിക്കുകയാണിപ്പോൾ. മോഡലിന്റെ പ്രത്യേക പതിപ്പായ R 1300 GSA ട്രോഫി മഹാരാഷ്ട്രയിലെ പൂനെയിലാണ് വിതരണം ചെയ്‌തിരിക്കുന്നത്. 30 ലക്ഷം വിലയുള്ള ഈ മോട്ടോർസൈക്കിളിന്റെ ഡെലിവറിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.

വണ്ടിയെടുത്തത് വലിയൊരു സെലിബ്രിറ്റിയല്ലെങ്കിലും ഇത്രയും വിലയുള്ള ബൈക്കിന്റെ നമ്പർ പ്ലേറ്റിലും പ്രത്യേകതയുണ്ട്. "0001" എന്ന VIP രജിസ്ട്രേഷൻ നമ്പരാണ് R 1300 GSA ട്രോഫി ഉടമ സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര അഡ്വഞ്ചർ ബൈക്കിന്റെ വിലയോളം വരുന്നതാണ് ഈ വിഐപി നമ്പർ എന്നാണ് വിലയിരുത്തൽ. ഒപ്പം ഉടമയായ യോഗേഷ് ചവാന്റെ പേരിനെ സൂചിപ്പിക്കുന്ന YC എന്ന അക്ഷരവും കിട്ടിയിട്ടുണ്ട്.
R 1300 GSA ഡെലിവറി എടുക്കുമ്പോൾ യോഗേഷിനൊപ്പം കുടുംബാംഗങ്ങളും കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. മുകളിൽ പറഞ്ഞതുപോലെ, ഈ വർഷം ജനുവരിയിലാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു R 1300 GS അഡ്വഞ്ചർ പുറത്തിറക്കിയത്. വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന ADV ബൈക്കിന്റെ സ്റ്റാൻഡേർഡ് മോഡലിന് 23.35 ലക്ഷം രൂപയിൽ എക്സ്ഷോറൂം വില ആരംഭിക്കുമ്പോൾ അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് 24.40 ലക്ഷമാണ് വില വരുന്നത്.

മുകളിലുള്ള ബൈക്കിന്റെ ഉടമ തെരഞ്ഞെടുത്ത വകഭേദം സ്റ്റൈൽ GS ട്രോഫി വകഭേദമാണ്. ഇതിന്റെ എക്സ്ഷോറൂം വില 24.65 ലക്ഷം രൂപയാണ് വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും എല്ലാമായി പൂനെയിലെ ഇതിന് ഓൺ-റോഡ് വില 30.37 ലക്ഷം രൂപയോളം വരുമെന്നാണ് കാർടോക്ക് പറയുന്നത്. സ്റ്റൈൽ ഓപ്ഷൻ 719 വേരിയന്റിലും ബിഎംഡബ്ല്യു മോട്ടോറാഡ് R 1300 GSA വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി 26.65 ലക്ഷമാണ് ചെലവ് വരുന്നത്.
ഉയർന്ന ശേഷിയുള്ള ബിഎംഡബ്ല്യു R 1300 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് 1,300 സിസി ട്വിൻ-സിലിണ്ടർ ബോക്‌സർ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 145 bhp പവറിൽ പരമാവധി 149 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 6-സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഡ്രൈവ് മോഡിനൊപ്പം ഓട്ടോമേറ്റഡ് ഷിഫ്റ്റ് അസിസ്റ്റൻസും (ASA) ഇതിലുണ്ട്.
R 1300 GS അഡ്വഞ്ചർ ഒരു ഷീറ്റ് മെറ്റൽ മെയിൻ ഫ്രെയിമിൽ അലുമിനിയം ലാറ്റിസ് ട്യൂബ് റിയർ ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷന്റെ കാര്യത്തിൽ മുന്നിൽ ടെലിലീവർ EVO സിസ്റ്റവും പിന്നിൽ ഒരു പാരലെവർ EVO സ്വിംഗാർമും ലഭിക്കുന്നു. ഡൈനാമിക് സസ്പെൻഷൻ അഡ്ജസ്റ്റ്മെന്റ് (DSA), അഡാപ്റ്റീവ് വെഹിക്കിൾ ഹൈറ്റ് കൺട്രോൾ എന്നിവയും പ്രീമിയം മോട്ടോർസൈക്കിളിലുണ്ട്.
നാല് റൈഡിംഗ് മോഡുകൾ, ആക്ടീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളീഷൻ വാണിംഗ്, ലെയ്ൻ ചേഞ്ച് വാണിംഗ് എന്നിവ ഉൾപ്പെടുന്ന റൈഡിംഗ് അസിസ്റ്റൻസ് പാക്കേജാണ് ഈ ആഡംബര അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകൾ. ഫുള്ളി എൽഇഡി ലൈറ്റുകൾ, 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, കീലെസ് റൈഡ്, ഹീറ്റഡ് ഗ്രിപ്പുകൾ എന്നിവ ഫീച്ചറുകളാലും ബിഎംഡബ്ല്യു R 1300 GS സമ്പന്നമാണ്.


Click it and Unblock the Notifications








