ട്രയൽ റണ്ണിന് റെഡിയായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍, റൂട്ട് ഏതാണെന്ന് അറിയേണ്ടേ
ഹൈഡ്രജന്‍ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിന്‍ യാഥാർഥ്യമാവാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുകൾ കൂടി മതിയാവും. തമിഴ്‌നാട്ടിലെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) 80 ശതമാനം ജോലികളും പൂർത്തിയായ ഹൈഡ്രജൻ ട്രെയിൻ ഉടൻ തന്നെ ട്രാക്കിലേക്ക് ഇറങ്ങും. പെയിന്റിംഗ്, ഹൈഡ്രജൻ സിലിണ്ടറുകൾ ബന്ധിപ്പിക്കൽ, സാങ്കേതിക ജോലികൾ എന്നിവ മാത്രമേ ബാക്കിയുള്ളൂ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ട്രെയിൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അടുത്ത മാസം ഹരിയാനയിലെ 89 കിലോമീറ്റർ ജിന്ദ്-സോണെപത് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തുമെന്നുമാണ് റെയിൽവേയുടെ അറിയിപ്പ്.
ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും സുസ്ഥിര യാത്രകള്‍ക്കുമായുള്ള ശ്രമങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജവും നൽകുന്നതിനുമായാണ് ഹൈഡ്രജന്‍ ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡീസലിൽ നിന്ന് ഇലക്ട്രിക് എഞ്ചിനുകളിലേയ്ക്ക് മാറിയതിന് പിന്നാലെ, ഹൈഡ്രജനും കൂടി ഇന്ധനമാക്കുന്നതോടെ രാജ്യത്തിന്റെ ഗതാഗത രംഗത്ത് വലിയൊരു പരിവർത്തനത്തിനും സാക്ഷ്യംവഹിക്കുന്നതായിരിക്കും ഈ മാറ്റം.

ഇതോടെ ഹൈഡ്രജൻ ട്രെയിൻ സ്വന്തമാകുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. 1,200 bhp കരുത്തുള്ള എഞ്ചിൻ ഘടിപ്പിച്ച ഈ ഹൈഡ്രജൻ ട്രെയിൻ 110 കിലോമീറ്റർ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ആഗോളതലത്തിൽ ട്രെയിനുകളുടെ കാര്യക്ഷമതയ്ക്ക് തുല്യവുമായിരിക്കുമെന്നുമാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്. മറ്റ് രാജ്യങ്ങളിൽ പരമാവധി അഞ്ച് കോച്ചുകൾ മാത്രമേയുള്ളൂവെങ്കിലും ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിൽ 10 കോച്ചുകൾ ഉണ്ടായിരിക്കും.
140 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈഡ്രജൻ ട്രെയിൻ. 2,638 യാത്രക്കാരെ വഹിക്കാൻ കഴിയുള്ള തരത്തിലാണ് ട്രെയിൻ ഡിസൈൻ ചെയ്തിരിക്കുന്നതും. ഹൈഡ്രജൻ ഓക്സിജനുമായി പ്രതിപ്രവർത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളാണ് ഹൈഡ്രജൻ ട്രെയിനിൽ ഉപയോഗിക്കുന്നത്. ഓരോ ട്രെയിനും 80 കോടി രൂപ നിർമാണ ചെലവാണ് വേണ്ടി വരിക.

2,800 കോടി രൂപ ചെലവിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ വികസിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി പർവതപ്രദേശങ്ങളിൽ പോലും ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എന്തായാലും ആദ്യ ട്രെയിൻ നോർത്തേൺ റെയിൽവേയായിരിക്കും പ്രവർത്തിപ്പിക്കുക. ഇതിന് ശേഷം മറ്റുള്ള മേഖലകളിലേക്കും ഹൈഡ്രജൻ തീവണ്ടികൾ എത്തും.
2030 ഓടെ ഇന്ത്യൻ റെയിൽവേയെ കാർബൺ-ന്യൂട്രലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. 2300 കോടി രൂപ ചെലവിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സെൻട്രൽ റെയിൽവേ ബോർഡിന്റെ ആശയമാണ് ഹൈഡ്രജൻ ട്രെയിൻ എന്ന പദ്ധതി. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഈ സംരംഭം പ്രഖ്യാപിക്കുന്നതെങ്കിലും ഐസിഎഫ് ഫാക്ടറി നിലവിൽ 80 ശതമാനം ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.
പരീക്ഷണ ഓട്ടങ്ങൾ വിജയിച്ചുകഴിഞ്ഞാൽ ഏപ്രിൽ അവസാനത്തോടെ ട്രെയിൻ പൊതുജനങ്ങൾക്കായി എത്തിക്കുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു. ഇന്ത്യയ്ക്ക് മുമ്പ് ഇംഗ്ലണ്ട്, ചൈന, ജർമനി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തിയിരിക്കുന്നത്. കല്‍ക്കരിയില്‍ നിന്നും പെട്രോളിയത്തിലേക്കും പിന്നീട് വൈദ്യുതിയിലേക്കും കുതിച്ച റെയിൽവേ ശൃംഖലയുടെ ഹൈഡ്രജിനിലേക്കുള്ള ചുവട് വെയ്പ്പ് ചരിത്ര മുഹൂർത്തം തന്നെയായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








