Anti-Sleep Alarm ഇനി വണ്ടിയോടിച്ച് ആരും ഉറങ്ങില്ല, ആന്റി-സ്ലീപ്പ് അലാറവുമായി വിദ്യാർഥികൾ
ഇന്ത്യയിൽ രാത്രികാലങ്ങളിലുണ്ടാവുന്ന അപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഡ്രൈവർമാർ ഉറങ്ങിപോവുന്നതും അമിതവേഗതയുമെല്ലാമാണ് ഇത്തരം അപകടങ്ങളുടെ പിന്നിലുള്ള പ്രധാന കാരണങ്ങൾ. ഇതിന് കൃത്യമായ പരിഹാരങ്ങളൊന്നും നിർദേശിക്കാനില്ലെങ്കിലും ചില മുൻകരുതലുകളും മറ്റുമെടുത്താൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാവും.
എന്നാൽ റോഡപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ആന്റി-സ്ലീപ്പ് അലാറം സംവിധാനം കണ്ടുപിടിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഒരുകൂട്ടം വിദ്യാർഥികൾ. ഇതിന്റെ പ്രവർത്തനം വളരെ പ്രായോഗികമായ രീതിയിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. സിസ്റ്റത്തിൽ ഒരു സെൻസർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അത് ഡ്രൈവറുടെ കണ്ണുകൾ അടച്ചാൽ ഒരു ബസർ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങും. അങ്ങനെ ശബ്ദം കേട്ട് ഡ്രൈവർ ഉണരുന്ന രീതിയാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.

ഇനി ബസർ ശബ്ദം കേട്ട് ഡ്രൈവർ ഉണരുന്നില്ലെങ്കിൽ വാഹനം യാന്ത്രികമായി നിർത്താനും ആന്റി-സ്ലീപ്പ് അലാറം സഹായിക്കും. ബസർ ഓഫായിട്ടും ഡ്രൈവർ കണ്ണുകൾ തുറക്കുന്നില്ലെങ്കിൽ കാറിന്റെ വീൽ തനിയെ വേഗത കുറച്ച് നിർത്തും. ആന്റി-സ്ലീപ്പ് അലാറം സിസ്റ്റം നിർമിക്കാൻ മൂന്നാഴ്ച്ചയോളം സമയം മാത്രമാണ് വേണ്ടി വന്നത്. അഞ്ച് വിദ്യാർഥികളുടെ സംഘമാണ് ഈ നൂതന സംവിധാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
ബസുകളുടെയും ട്രക്കുകളുടെയും ഡ്രൈവർമാർക്കായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹൊഷംഗബാദ് ജില്ലയിലെ ഒരു ബസ് അപകടം നേരിട്ട് കണ്ടതിന് ശേഷമാണ് തന്നിൽ ഈ അലാറം സംവിധാനം ഉണ്ടാക്കാനുള്ള പ്രചോദനം ഉണ്ടായതെന്ന് വിദ്യാർഥികളിലൊരാൾ പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് ഈ വലിയ അപകടത്തിന് പിന്നിലുണ്ടായ കാരണം. ആന്റി-സ്ലീപ്പ് അലാറം സിസ്റ്റം പ്രദർശിപ്പിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ എഎൻഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെ സംഭവം വൈറലാവുകയും ചെയ്‌തു.
#WATCH | Indore, Madhya Pradesh: Students made anti-sleep alarms to avoid road accidents. pic.twitter.com/XbrUGvqerf
— ANI (@ANI) April 20, 2023
എന്നാൽ ഏവരും വീഡിയോയെ സ്വീകരിച്ചിട്ടൊന്നുമില്ല. വീഡിയോ കണ്ട ചില ട്വിറ്റർ ഉപയോക്താക്കൾ വിദ്യാർഥികൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ച് മുന്നോട്ടുവന്നപ്പോൾ ചിലർ സിസ്റ്റത്തിന് ചില പരിഹാരങ്ങൾ (Fixing) ആവശ്യമാണെന്ന ആശങ്കയും ഉന്നയിച്ചു. 100 കിലോമീറ്റർ വേഗതയിൽ സെൻസർ തെറ്റായ റീഡിംഗ് നൽകിയാൽ എന്താണ് ഫലമെന്നും മറ്റൊരാൾ കമന്റ് ചെയ്യുകയുണ്ടായി. പെട്ടെന്ന് വീലുകൾ നിർത്തുന്നത് വാഹനത്തിന് കൂടുതൽ കേടുപാടുകൾ വരുത്തുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
നിലവിൽ വിദ്യാർഥികൾ നിർമിച്ച ആന്റി-സ്ലീപ്പ് അലാറം ഏറ്റവും അടിസ്ഥാന രൂപത്തിലാണുള്ളത്. അത് പ്രൊഡക്ഷൻ ഫോമിലേക്ക് മാറുന്നതിന് മുമ്പ് ധാരാളം പരിശോധനകളും ഫിക്‌സിംഗും ആവശ്യമായി വന്നേക്കാം. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങുന്നത് മൂലമുണ്ടാകുന്ന റോഡപകട കേസുകൾ ഇന്ത്യയിൽ അനേകമാണ്. ആയതിനാൽ എത്രത്തോളം പ്രായോഗികമാണെന്ന വശം മാറ്റി നിർത്തിയാൽ ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന്റെ കണ്ടുപിടുത്തം ഏറെ സ്വീകാര്യമായ നടപടിയാണ്.
ട്രക്ക്, ബസ് ഡ്രൈവർമാർ രാത്രി ഡ്യൂട്ടി എടുക്കുകയോ വേണ്ടത്ര വിശ്രമമില്ലാതെ ദീർഘനേരം ഓടുകയോ ചെയ്യുന്ന ഹൈവേകളിലാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ളത്. റോഡപകടങ്ങളില്‍ ഇന്ത്യ യുഎസിനും ചൈനയ്ക്കും മുന്നിലാണ്. ഇത്തരം അപകടങ്ങളിൽ ഓരോ വര്‍ഷവും ഒന്നര ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. 2025-ന് മുമ്പ് രാജ്യത്ത് റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും 50 ശതമാനം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കാന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 14,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിരത്തുകളിലെ നിയമലംഘനങ്ങൾ തടയിടാനായി 726 എഐ ക്യാമറകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാന ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 നിർമിത ബുദ്ധിയുള്ള (AI) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന അപകടമേഖലകൾ, നിയമലംഘനം കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications








