പാവങ്ങൾക്ക് പണം വാരിക്കോരി കൊടുക്കുന്ന ഇൻഫ്ലുവൻസർ! റിയൽ ലൈഫ് റോക്കി ഭായിക്ക് ആഡംബര ബൈക്ക് സമ്മാനിച്ച് സുഹൃത്ത്
സ്‌മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ജീവിതം തന്നെ മാറിമറിയുമെന്ന് പഠിപ്പിച്ചു തന്നെ കാലമായിരുന്നു കൊവിഡ് മഹാമാരിയുടേത്. രാജ്യം അടച്ചുപൂട്ടലിലൂടെ കടന്ന് പോയ സമയത്ത് എല്ലാവരും മൊബൈൽ ഫോണിന്റെ ലോകത്ത് ഒതുങ്ങിക്കൂടിയവരാണ്. ചിലർ ഈ സമയത്ത് യൂട്യൂബിലൂടെ വ്ലോഗിംഗ് ഒക്കെ ചെയ്‌ത് പ്രശസ്‌തരാവുകയും ചെയ്‌തു. കേരളത്തിൽ മാത്രമല്ല, അന്യസംസ്ഥാനങ്ങളിലും ഇത്തരം യൂട്യൂബേഴ്‌സിന്റെ വളർച്ച ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ ഇൻഫ്ലുവൻസർമാരിൽ വേറിട്ടുനിൽക്കുന്നവർ വളരെ അപൂർവമായിരിക്കും. എന്നെങ്കിലും പണക്കാരനായാൽ പാവങ്ങളെയെല്ലാം സഹായിക്കണമെന്ന് സ്വപ്‌നം കാണുന്നവരായിക്കുമല്ലോ നമ്മളിൽ പലരും.
അത്തരത്തിൽ സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാവുന്ന ഇൻഫ്ലുവൻസറാണ് ഹർഷ സായി. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പ്രശസ്‌തിയാർജിച്ച ഈ ചെറുപ്പക്കാരനെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന ഹർഷയെ പോലുള്ള ചെറുപ്പക്കാർ വളരെ ചുരുക്കം തന്നെയായിരിക്കും. ഏതാനും സിനിമകളിലും വളരെ ചെറിയ അഭിനയിക്കാൻ കക്ഷിക്കായിട്ടുണ്ട്.

ഹർഷ സായിക്ക് ഇൻസ്റ്റാഗ്രാമിൽ 13.7 മില്യൺ ഫോളോവേഴ്‌സും യൂട്യൂബിൽ 10.9 മില്യൺ ഫോളോവേഴ്‌സുമാണുള്ളത്. പാവപ്പെട്ടവർക്ക് പണവും മറ്റ് സമ്മാനങ്ങളുമെല്ലാം വാരിക്കോരി കൊടുക്കുന്ന ഹർഷയെ പലരും സ്നേഹത്തോടെ വിളിക്കുന്നത് റിയൽ-ലൈഫ് റോക്കി ഭായ് എന്നാണ്. സമൂഹത്തെ തന്നാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്ന ഹർഷ സായിക്ക് ഇപ്പോഴിതാ ആഡംബര ബൈക്ക് സമ്മാനം കൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്.
ഇതിന്റെ വീഡിയോ ഹർഷ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ ഏത് സുഹൃത്താണ് ലക്ഷങ്ങൾ വില വരുന്ന സമ്മാനം കൊടുത്തിരിക്കുന്നതെന്ന് ഇൻഫ്ലുവൻസർ വെളിപ്പെടുത്തിയിട്ടില്ല. ഹർഷയ്ക്ക് വാഹനം സമ്മാനം ലഭിക്കുന്നതിന്റെ വീഡിയോ ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് 25.3 മില്യൺ ആളുകളാണ്.

ട്രയംഫിൻ്റെ ജനപ്രിയ മോഡലുകളിൽ ഒന്നായ സ്ട്രീറ്റ് ട്രിപ്പിൾ 765 ബൈക്കാണ് ഇൻഫ്ലുവൻസറിന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നതു പോലെ റെഡ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ സ്ട്രീറ്റ് ട്രിപ്പിൾ വല്ലാത്തൊരു അഴകാണ്. R, RS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളിന്റെ RS പതിപ്പാണ് ഹർഷ സായിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.
11.81 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന സൂപ്പർബൈക്കിന് 14.89 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. 765 സിസി, ഇൻലൈൻ-ട്രിപ്പിൾ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ക്വിക്ക് ഷിഫ്റ്ററുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 128.2 bhp പവറിൽ പരമാവധി 80 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മെക്കാനിക്കൽ വശങ്ങളിലേക്ക് വരുമ്പോൾ സസ്പെൻഷനായി മുൻവശത്ത് ഷോവയിൽ നിന്നുള്ള ബിഗ് പിസ്റ്റൺ USD ഫോർക്കുകളും പിന്നിൽ ഓഹ്ലിൻസിൽ നിന്നുള്ള മോണോഷോക്കുമാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 765 RS മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡിസ്‌ക് ബ്രേക്കുകളാണ് സമ്മാനിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക് റൈഡർ എയ്‌ഡ്‌സ് സ്യൂട്ടിലേക്ക് വന്നാൽ സ്ട്രീറ്റ് ട്രിപ്പിൾ റോഡ്, റെയിൻ, സ്‌പോർട്ട്, റൈഡർ, ട്രാക്ക് മോഡ് എന്നിങ്ങനെ 5 റൈഡിംഗ് മോഡുകളുമായാണ് വരുന്നത്.
ഡ്യുവൽ-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ്, 15 ലിറ്റർ ഫ്യുവൽ ടാങ്ക്, ഗൾവിംഗ് സ്വിംഗാർം, റേഡിയേറ്റർ കൗളുകൾ, ലാപ് ടൈമർ, ക്രൂയിസ് കൺട്രോൾ സിസ്റ്റം, അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ബ്ലൂടൂത്ത് മൊഡ്യൂൾ തുടങ്ങിയ ഫീച്ചറുകളാലും ട്രയംഫിന്റെ ബൈക്ക് സമ്പന്നമാണ്. എന്തായാലും ഹർഷ സായി എന്ന റോക്കി ഭായിക്ക് ഇത്തരമൊരു സമ്മാനം കിട്ടിയതിൽ ഫോളോവേഴ്‌സ് എല്ലാം ഹാപ്പിയായിരിക്കും.


Click it and Unblock the Notifications








