വാലന്‍റൈൻസ് ദിനം ആൻഡമാനിൽ അടിച്ചുപൊളിക്കാം, ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
വാലന്‍റൈൻസ് ദിനം ഒരുതവണയെങ്കിലും ആഘോഷിക്കാത്ത ആളുകൾ യുവതലമുറയിൽ അധികമാരും ഉണ്ടാവില്ല അല്ലേ. ഫെബ്രുവരി 14-ന്റെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ ഞൊടിയിടയിൽ ഉത്തരം വന്നിരിക്കും. ഇത്തവണത്തെ പ്രണയദിനം ആഘോഷമാക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (IRCTC) കമിതാക്കൾക്ക് ഒപ്പമുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് അവിസ്മരണീയമായ ഒരു യാത്രാ പാക്കേജ് അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ വാലന്‍റൈൻസ് ദിനം അവിസ്‌മരണീയമാക്കാൻ എത്തുന്നത്. എങ്ങനെയെന്നല്ലേ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കാണ് പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം പാക്കേജുകളെല്ലാം സാധാരണക്കാർക്ക് അപ്രാപ്യമായൊരു കാലമായിരുന്നു മുമ്പെങ്കിലും ഇപ്പോൾ കാര്യങ്ങളൊക്കെ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഇന്ന് യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ യാത്രാ പ്രേമികൾകളെ കൈയിലെടുക്കാനാണ് ഐആർസിടിസിയുടെ തീരുമാനം.

ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുള്ള ഈ യാത്ര ആരംഭിക്കുന്നത് 2023 ഫെബ്രുവരി 10-നാണ്. ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. എന്നാൽ യാത്ര ട്രെയിനിലല്ല കേട്ടോ. ലഖ്‌നൗവിൽ തുടങ്ങി പോർട്ട് ബ്ലെയറിൽ അവസാനിക്കുന്ന യാത്രയിലുടനീളം വിമാനങ്ങളിലാവും സഞ്ചാരം. പോർട്ട് ബ്ലെയർ, നോർത്ത് ബേ ഐലൻഡ്, റോസ് ഐലൻഡ്, ഹാവ്‌ലോക്ക്, നീൽ ദ്വീപുകൾ, സെല്ലുലാർ ജയിൽ, രാധാ നഗർ ബീച്ച്, കാലാപഥർ ബീച്ച്, ഭരത്പൂർ ബീച്ച് എന്നീ അതിസുന്ദരമായ സ്ഥലങ്ങളാണ് എക്സോട്ടിക് ആൻഡമാൻ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പാക്കേജ് 6 പകലും 5 രാത്രിയും നീണ്ടുനിൽക്കും. ഫെബ്രുവരി 14-ന് ദമ്പതികൾക്ക് വൈകുന്നേരം ബരാതാങ് ദ്വീപിലും പോർട്ട് ബ്ലെയറിലും തങ്ങളുടെ വാലന്റൈൻസ് ദിനം ആഘോഷിക്കാം. അതൊരു സ്വപ്ന സാക്ഷാത്കാരമല്ലേ? ട്രിപ്പിൾ ഒക്യുപൻസി റൂമിൽ യാത്ര ചെയ്യുന്ന മുതിർന്നയാൾക്കുള്ള പാക്കേജിന്റെ വില 57,180 രൂപയാണ്. രണ്ടുപേർക്ക് ഒരു മുറി പങ്കിടുന്നതിന് ഒരാൾക്കുള്ള ചെലവ് 58,560 രൂപയാണ്. അതേസമയം തനിച്ച് യാത്ര ചെയ്യുന്നവർ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ആൻഡമാൻ നിക്കോബാർ പാക്കേജിനായി 73,330 രൂപയും മുടക്കേണ്ടി വരും.

ഈ പാക്കേജ് വിലയിൽ വിമാനക്കൂലി, കാഴ്ചകൾ കാണാനുള്ള ഷട്ടിൽ, പോർട്ട് ബ്ലെയറിൽ നിന്ന് ഹാവ്‌ലോക്ക് ദ്വീപിലേക്കും നീൽ ദ്വീപിലേക്കും തിരികെ പോർട്ട് ബ്ലെയറിലേക്കും ആഡംബര യാത്രയും ഉൾപ്പെടുന്നു. കൂടാതെ പാക്കേജിന്റെ വിലയിൽ ഫെറി ഫീസ്, താമസം, ഭക്ഷണം, പാനീയങ്ങൾ, കാഴ്ചകൾ, യാത്രാ ഇൻഷുറൻസ്, ജിഎസ്ടി, പ്രവേശന ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു. പ്രഭാതഭക്ഷണവും അത്താഴവും മാത്രമാണ് ഐആർസിടിസി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യാത്രക്കാർ RT-PCR ടെസ്റ്റ് നെഗറ്റീവ് ആണെന്നതിന്റെ തെളിവ് കൊണ്ടുവരേണ്ടതുണ്ട്. യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ടെസ്റ്റ് പൂർത്തിയാക്കേണ്ടതുണ്ട്.
ഈ ടൂർ പാക്കേജ് ഐആർസിടിസി വെബ്‌സൈറ്റിൽ ബുക്കിംഗിന് ലഭ്യമാണ്. സന്ദർശകർക്ക് IRCTC ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ പോയി ടൂറിനായി ടിക്കറ്റ് റിസർവ് ചെയ്യാം. അതേ സമയം കൂടുതൽ വിവരങ്ങൾ അറിയാനായി ഈ നമ്പറിൽ 8287930908, 8287930902 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്. യാത്ര പ്രേമികൾക്ക് ചെലവുകളെ കുറിച്ചോർത്ത് അവലാതിപ്പെടാതെ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ഇത്തരം പുതിയ ടൂർ പാക്കേജുകൾ വളരെ വിജയകരമായി പൂർത്തിയാക്കിയ ചരിത്രവും ഇന്ത്യൻ റെയിൽവേയ്ക്കുണ്ട്. രാജ്യത്ത് ട്രെയിനിലുള്ള യാത്രകൾക്ക് പുറമെ ഇത്തരം യാത്രകളിലും ഐആർസിടിസി നടത്തുന്ന ചുവടുവെപ്പിനെ പ്രശംസിക്കേണ്ടതാണ്. കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ പതിവില്ലാത്തതിനാൽ വര്‍ഷത്തില്‍ എപ്പോഴും ആന്‍ഡമാന്‍ സന്ദര്‍ശിക്കാമെങ്കിലും ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള യാത്ര കൂടുതല്‍ മികച്ച അനുഭവമാകും. ആയതിനാൽ ഇന്ത്യൻ റെയിൽവേ ടൂർ പാക്കേജിനായി തെരഞ്ഞെടുത്തിരിക്കുന്ന സമയവും സന്ദർഭവും ഉത്തമമാണ്.
ഘോരവനങ്ങൾ, നീല ജലാശയങ്ങൾ ഒപ്പം പോയകാലത്തിന്റെ കഥ പറയുന്ന ചരിത്ര അവശേഷിപ്പുകളുമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പ്രത്യേകതകൾ. 572 ദ്വീപ് സമൂഹങ്ങളാണ് ആൻഡമാനിലുള്ളത്. ഇവയിൽ ചിലതിൽ ആൾതാമസമുണ്ടെങ്കിലും ഭൂരിഭാഗം ദ്വീപും ഇപ്പോഴും നിഗൂഢതകൾ ഒളിപ്പിച്ച് ആൾപാർപ്പില്ലാതെ കിടക്കുന്നവയുമാണ്. കൃത്യമായ ഗൈഡുകളില്ലാതെ ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുന്നതിലും മികച്ച അനുഭവമായിരിക്കും ഇത്തരം ടൂർ പാക്കേജുകൾ നൽകുക എന്നതിനാൽ തീർച്ചയാവും ഐആർസിടിസിയുടെ പാക്കേജുകൾ മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








