വളർത്തുമൃഗങ്ങളുമായുള്ള യാത്ര ഇനി കൂടുതൽ ഈസി, ഓൺലൈൻ ബുക്കിംഗ് തുടങ്ങാൻ റെയിൽവേ
വിദേശ രാജ്യങ്ങളിലെ പല കാര്യങ്ങളും അനുകരിക്കാൻ ശ്രമിക്കാറുള്ളവരാണ് നമ്മളിൽ പലരും. വസ്ത്രത്തിന്റെ കാര്യത്തിലായാലും സംസ്ക്കാരത്തിന്റെ കാര്യത്തിലായാലും ഇക്കാര്യങ്ങളൊക്കെ ഒരുഘട്ടത്തിലെങ്കിലും അനുകരിക്കാൻ ആഗ്രഹിച്ചവരായിരിക്കാം നാം. വളർത്തുമൃഗങ്ങൾക്കും വിദേശത്ത് പ്രത്യേക പരിഗണനകൾ ലഭിക്കാറുണ്ട്. യാത്രകൾക്കായാലും താമസത്തിനായാലും പെറ്റ്സിനെ അവിടെ നിയന്ത്രണങ്ങളൊന്നുമില്ല.
എന്നാൽ നമ്മുടെ നാട്ടിൽ ഇക്കാര്യം നേരെ തിരിച്ചാണുള്ളത്. യാത്രകളിൽ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടുവാൻ നമുക്ക് ഒരുപാട് പരിമിതികളുണ്ട്. ഇനി യാത്ര പോവാനായാൽ പെറ്റ്-ഫ്രണ്ട്‌ലിയായുള്ള താമസ സ്ഥലും കണ്ടെത്താനും പാടാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് വളർത്തുമൃഗങ്ങളുള്ള വീടുകളുടെ എണ്ണം ഇന്ത്യയിൽ ക്രമാനുഗതമായി ഉയർന്നുവരികയാണ്. അതിനാൽ നിയമങ്ങളിലെല്ലാം ചെറിയ പൊളിച്ചെഴുത്ത് ആവശ്യമായുണ്ട്. സ്വന്തം വാഹനങ്ങളിൽ സൗകര്യപ്രദമായി ഇവയ്ക്കൊപ്പം യാത്ര പോകാമെങ്കിലും പൊതുഗതാഗത സൗകര്യങ്ങളിൽ ഇത് എളുപ്പമല്ല.

എന്നാൽ യാത്രകളിൽ വളർത്തുമൃഗങ്ങളെ കൂട്ടുവാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ നിലപാടുമായി റെയിൽവേ കുറച്ചുകാലം മുമ്പ് മുന്നോട്ടുവന്നിരുന്നു. സതേൺ റെയിൽവേ പുറത്തിറക്കിയ നിർദ്ദശമനുസരിച്ച് ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്ത് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവാനാവും. കൃത്യമായ ബുക്കിംഗോടു കൂടിയെ ഇതിന് സാധ്യമാവുകയുള്ളൂ. ഇപ്പോൾ ഇതിന്റെ ഭാഗമായി വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് നടപടികൾ കൂടുതൽ ലളിതമാക്കുകയാണ് ഇന്ത്യൻ റെയിൽവേ.
വളർത്തുനായകൾക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ആരംഭിക്കാനുള്ള നിർദ്ദേശം റെയിൽവേ മന്ത്രാലയം അടുത്തിടെ തയാറാക്കിയിരുന്നു. റെയിൽവേ യാത്രക്കാർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ ബുദ്ധിമുട്ടില്ലാതെ ട്രെയിനിൽ കൊണ്ടുപോകാൻ സഹായിക്കുന്ന നിർണായക നീക്കമാണിത്. വളർത്തുമൃഗങ്ങളുടെ ബുക്കിംഗ് അവകാശം ടിടിഇക്ക് നൽകുന്ന കാര്യവും റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

യാത്രാ ദിവസം പ്ലാറ്റ്‌ഫോമിലെ പാഴ്‌സൽ ബുക്കിംഗ് കൗണ്ടറുകൾ സന്ദർശിച്ച് മുഴുവൻ കൂപ്പേയും ബുക്ക് ചെയ്‌താൽ വളർത്തുമൃഗങ്ങളുടെ കൂടെ യാത്ര ചെയ്യാം എന്നതായിരുന്നു ഇതുവരെയുള്ള നിയമം. വളർത്തുമൃഗങ്ങളെ എസി ഫസ്റ്റ് ക്ലാസിലോ ഫസ്റ്റ് ക്സാസ് ക്യാബിനിലോ കൂപ്പെയിലൊ അല്ലെങ്കിൽ ലഗേജ് ബുക്കിംഗിൽ ലഗേജ് കം ബ്രേക്ക് വാനിൽ ട്രെയിൻ മാനേജറുടെയോ ഗൈഡിന്‍റെയോ മേൽനോട്ടത്തില് കൊണ്ടുപോകാം. പക്ഷേ ഇതുമൂലം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത്.
ഇത് കണക്കിലെടുത്താണ് വളർത്തുമൃഗങ്ങൾക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്ന കാര്യം റെയിൽവേ മന്ത്രാലയം ഇപ്പോൾ പരിഗണിക്കുന്നത്. ഇതിനായി ഐആർസിടിസിയുടെ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ആന, കുതിര, നായ്ക്കൾ, പക്ഷികൾ എന്നിങ്ങനെ എല്ലാ വലിപ്പത്തിലുള്ള മൃഗങ്ങൾക്കും പ്രത്യേകമാണ് നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നായ്ക്കൾ, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് അവരുടെ യാത്രകളിൽ ഉടമകളെ അനുഗമിക്കാം.

ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിൽ നിങ്ങൾക്ക് വളർത്തുമൃഗത്തെ നിങ്ങളോടൊപ്പം കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട് എന്ന കാര്യവും മറക്കേണ്ട. അവ എന്തെല്ലാമെന്ന് അറിയാത്തവർക്കായി പറഞ്ഞുതരാം. ടിക്കറ്റ് ബുക്ക് ചെയ്‌തതിന് ശേഷം അത് ഫോട്ടോകോപ്പി എടുത്ത് നിങ്ങളുടെ വളർത്തുമൃഗത്തിനുള്ള എല്ലാ പ്രതിരോധ കുത്തിവയ്‌പ്പുകളും പൂർത്തിയാക്കേണം. പുറപ്പെടുന്നതിന് 24-48 മണിക്കൂർ മുമ്പായി മൃഗഡോക്ടറിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും എടുക്കണം.
വാക്സിനേഷൻ സർട്ടിഫിക്കറ്റിനൊപ്പം ബുക്കിങ് സമയത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം പ്രസക്തമായ തിരിച്ചറിയൽ രേഖകളും കരുതുക. യാത്രയ്ക്കിടയിൽ പെറ്റ്സിനെ എൻഗേജാക്കി നിർത്താൻ വെള്ളവും ഭക്ഷണവും അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടവും കൊണ്ടുപോകേണ്ടതും അത്യാവിശ്യം തന്നെയാണ്. പാസഞ്ചർ നെയിം റെക്കോർഡിൽ ഒരു യാത്രക്കാരന് ഒരു നായയെ മാത്രമേ ഒപ്പം കൊണ്ടുപോകുവാൻ സാധിക്കൂ.

നേരത്തെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ എസി ഫസ്റ്റ് ക്ലാസിൽ രണ്ടോ നാലോ ബർത്തുകളുള്ള മുഴുവൻ കൂപ്പുകളും യാത്രക്കാർക്ക് ബുക്ക് ചെയ്യേണ്ടിയിരുന്നു. ഇതിനായുള്ള ഫീസും വളരെ ഉയർന്നതായിരുന്നു. കൂടാതെ ഒരു നായയ്ക്ക് 30 കിലോ എന്ന നിരക്കിൽ ട്രെയിനിന് ബാധകമായ ലഗേജ് നിരക്കും ഈടാക്കിയിരുന്നു. ഇനി നിയമത്തിൽ കൂടുതൽ ഇളവ് ലഭിക്കുമ്പോൾ ഒരു നായയ്ക്ക് 60 കിലോഗ്രാം എന്ന നിരക്കിൽ എസി ഫസ്റ്റ് ക്ലാസിൽ കൊണ്ടുപോകാം.
എന്നിരുന്നാലും എസി 2 ടയർ, എസി 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് കംപാർട്ട്‌മെന്റുകളിൽ ഇപ്പോഴും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുമതിയില്ല. യാത്രക്കാരൻ അവരുടെ പെറ്റ്‌സിനായി ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കിൽ, അവരിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യും. ടിക്കറ്റ് നിരക്കിന്റെ ആറിരട്ടിയാണ് ടിടിഇ ഇതിനായി ഈടാക്കിയിരുന്നത്.


Click it and Unblock the Notifications