റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും. സെലിബ്രിറ്റികളുടെ ആഡംബര ജീവിതം കണ്ട് മോഹിച്ച പലരും സമൂഹ മാധ്യമങ്ങളിൽ അഭ്യാസം കാണിച്ച് സ്റ്റാറാവാൻ ശ്രമിക്കുന്ന കാലഘട്ടം കൂടിയാണിത്. എളുപ്പത്തിൽ കാശുകാരനാവാനുള്ള കുറുക്കുവഴിയായാണ് പലരും സോഷ്യൽ മീഡിയയെ കാണുന്നത് തന്നെ. യൂട്യൂബും ഇൻസ്റ്റഗ്രാമും ഫെയ്‌സ്ബുക്കുമെല്ലാം നല്ല രീതിയിൽ വിനിയോഗിക്കുന്ന ധാരാളം ആളുകളുണ്ട് എന്നത് തിരസ്ക്കരിക്കാനാവാത്ത യാഥാർഥ്യമാണ്.
പക്ഷേ എല്ലാത്തിനും രണ്ട് വശമുണ്ടല്ലോ. അത്തരത്തിൽ സോഷ്യൽ മീഡിയയും വ്ലോഗിംഗും മുഴുവൻ സമയ ജോലിയായി എടുത്ത് ഓൺലൈനിൽ വൈറലായ ഉള്ളടക്കം സൃഷ്ടിക്കുന്നവരാണ് ഇതിൽ അധികവും. ഈയിടെയായി, പൊതുനിരത്തുകളിൽ അഭ്യാസം കാണിച്ച് റീൽ എടുക്കാനും വീഡിയോ എടുത്ത് വൈറലാവാനുമുള്ള യുവതലമുറയുടെ തിരക്കാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

ഇത് പലപ്പോഴും മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുകയും ജീവന് തന്നെ ഭീഷണിയാവാറുമുണ്ട്. കേരളത്തിൽ നമ്മുടെ പൊലീസും എംവിഡിയുമെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾ അധികം റിപ്പോർട്ട് ചെയ്യാറില്ലെങ്കിലും വടക്കേ ഇന്ത്യയിലേക്ക് അല്ലെങ്കിൽ കേരളത്തിന് പുറത്തേക്ക് സോഷ്യൽ മീഡിയയിൽ വൈറലാവാനും ശ്രദ്ധനേടാനുമെല്ലാമായി ചെയ്യുന്ന സ്റ്റണ്ടുകൾ ഒരു സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്.
അത്തരത്തിൽ ഡൽഹിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഗോൾഡൻ നിറത്തിൽ ഒരുക്കിയ ഇസൂസു വി-ക്രോസിൽ വന്നിറങ്ങുന്ന രണ്ട് ചെറുപ്പക്കാരുടെ റീലാണ് ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഡൽഹിയിലെ ഒരു ഫ്ലൈ ഓവറിൽ ഗതാഗതം തടസെപ്പെടുത്തിക്കൊണ്ട് കാർ നിർത്തി അതിൽ നിന്നുമിറങ്ങി ഗോഷ്ടി കാണിക്കുന്ന വീഡിയോയാണ് സംഭവം.

വീഡിയോ വൈറലായതോടെ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് പൊലീസിനോട് ആവശ്യപ്പെടുന്നുണ്ട്. ഡൽഹിയിലെ പശ്ചിമ വിഹാർ മേഖലയിലാണ് സംഭവം. വാഹനങ്ങളുടെ വലിയ തിരക്കിന് മുന്നിലേക്ക് മോഡിഫൈ ചെയ്‌ത ഗോൾഡൻ ഇസൂസു റോഡിന് കുറുകെയിട്ട് ബ്ലോക്ക് ആക്കുകയാണ്. തുടർന്നും വാഹനം നിർത്തി ഡ്രൈവറും കൂടെയുണ്ടായിരുന്ന വ്യക്തിയും പുറത്തേക്ക് ഇറങ്ങുകയാണ്.
തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച് സ്ഥാപിച്ച ക്യാമറയിലേക്ക് നോക്കി ഇരുവരും എന്തോ ആഗ്യം കാണിക്കുന്നതും കാണാം. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഡ്രൈവർ റോഡിൻ്റെ മധ്യത്തിൽ വി-ക്രോസ് നിർത്തിയതായി വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. വാഹനം ഓടിച്ചിരുന്നയാൾ കഴുത്തിൽ ഒരുപാട് സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് ശേഷം ഇതേ ഇസൂസു വി-ക്രോസ് ഫ്രണ്ട് ഡോർ തുറന്നിട്ട് ഡൽഹിയുടെ തിരക്കേറിയ റോഡിൽ ഓടിക്കുന്ന മറ്റൊരു ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്.
ഇനിയുമുണ്ട് ഡ്രൈവറുടെ വക അഭ്യാസങ്ങൾ. റോഡിൽ അശ്രദ്ധമായി കാർ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ വണ്ടി ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് സ്റ്റൈൽ കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. ഈ വീഡിയോ വൈറലായതോടെ പൊലീസിനോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റ് എഴുതിയിട്ടിരിക്കുന്നത്. അവരിൽ പലരും ഡൽഹി പൊലീസിനെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും ടാഗ് ചെയ്തിട്ടുമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഡൽഹി പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വ്യക്തി നടത്തിയ റോഡ് സ്റ്റണ്ടിനെ പലരും വിമർശിച്ചപ്പോൾ, മറ്റുള്ളവർ ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെടുന്നത്. ഈ ആഴ്ച്ച ആദ്യം, ഹോളി ആഘോഷത്തിനിടെയുണ്ടായ വാഹന സ്റ്റണ്ടുകളുടെ വീഡിയോയും ഇത്തരത്തിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. തുടർന്ന് മൂന്ന് ആളുകൾക്കെതികെ നോയിഡ പൊലീസ് കേസെടുത്ത് വലിയ പിഴിയും ഈടാക്കിയിരുന്നു.

മോട്ടോർ വാഹന നിയമത്തിലെ ആറ് വകുപ്പുകൾ ലംഘിച്ചതിന് നോയിഡ പൊലീസ് 33,000 രൂപയോളമാണ് ഇവർക്കെതിരെ പിഴ ചുമത്തിയത്. ചിത്രങ്ങൾ എടുക്കുന്നതിനോ വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിനോ റോഡിൽ കൂടി യാത്ര ചെയ്യുന്നവരെ അപകടത്തിലാക്കുന്ന വിധത്തിൽ ചെയ്യുന്ന ഇത്തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങൾ സമീപ വർഷങ്ങളിൽ വർധിച്ചിട്ടുണ്ട്. പൊതുവഴികൾ എല്ലാവർക്കുമുള്ളതാണെന്നും ഇത് ആർക്കും ഇത്തരം സ്റ്റണ്ടുകൾ നടത്താനുള്ള സ്ഥലമല്ലെന്നും ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.


Click it and Unblock the Notifications








