ജയിലർ കളക്ഷൻ 600 കോടി, ചെക്കിന് പുറമെ തലൈവർക്ക് ബിഎംഡബ്ല്യു ആഡംബര കാറുകളും സമ്മാനം
ചരിത്ര വിജയം നേടി രജനീകാന്ത് ചിത്രം ജയിലർ ബോക്‌സ് ഓഫീസ് തൂത്തുവാരി മുന്നോട്ടു കുതിക്കുകയാണ്. പോയ മാസം തുടക്കത്തിൽ തീയറ്ററുകളിൽ എത്തിയ മാസ് ആക്ഷൻ സിനിമ ഇന്നും ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. സമീപകാലത്ത് ഏറ്റവും ഹിറ്റായ രജനീ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. ലോകമെമ്പാടും നിന്നുമായി ചിത്രം 600 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
താര ജാഡകളില്ലാതെ സിനിമാ രജനിയുടെ അഴിഞ്ഞാട്ടമായിരുന്നു ജയിലറിൽ കാണാനായത്. സിനിമക്ക് അകത്തും പുറത്തുമെല്ലാം വളരെ സിമ്പിളാണ് സൂപ്പർസ്റ്റാർ എന്ന് ഏവർക്കുമറിയാം. മേക്കപ്പുകൾ ഒന്നുമില്ലാതെ ആൾട്ടൂക്കത്തിലേക്ക് ഇറങ്ങിയെത്തുന്ന രജനിയുടെ ഫാൻബേസും സ്വീകാര്യതയും വേറെ ലെവലാണ്. സിനിമ പുറത്തിറങ്ങിയതിനു ശേഷം നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ചയാളാണ് രജനി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടതും കണ്ടക്ടറായി ജോലി നോക്കിയിരുന്ന ഡിപ്പോയിൽ അടുത്തിട രജനീകാന്തിന്റെ അപ്രതീക്ഷിത സന്ദർശനവുമെല്ലാം വലിയ വാർത്തയായിരുന്നു. ഇതിനുപിന്നാലെ വീണ്ടും താരം വാർത്തകളിൽ നിറയുകയാണ്. എന്തെന്നല്ലേ, രജനീകാന്തിന് പുത്തൻ ആഡംബര കാർ സമ്മാനമായി കിട്ടിയിരിക്കുന്നതാണ് ആ ട്രെൻഡിംഗ് ന്യൂസ്. ജയിലറിന്റെ സൂപ്പർഹിറ്റ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ നിർമാതാക്കളായ സൺപിക്ചേഴ്‌സിന്റെ കലാനിധിമാരനാണ് കോടികൾ വിലമതിക്കുന്ന പുതിയ കാർ സമ്മാനം നൽകിയിരിക്കുന്നത്.
സമ്മാനമായി രണ്ട് ബിഎംഡബ്ല്യു കാറുകളാണ് രജനിയുടെ വീട്ടുമുറ്റത്ത് കലാനിധിമാരൻ കൊണ്ടിട്ടത്. എന്നിട്ട് ഒരു ഓഫറും കൊടുത്തു. ഇതിൽ ഇഷ്‌ടമുള്ള വാഹനം നിങ്ങൾക്ക് തെരഞ്ഞെടുക്കാമെന്ന്. ബിഎംഡബ്ല്യു X7 എസ്‌യുവി, ബിഎംഡബ്ല്യു i7 സെഡാൻ എന്നീ കാറുകളിൽ നിന്ന് ഇഷ്ടപ്പെട്ട വാഹനം താരം തെരിഞ്ഞെടുക്കുന്ന വിഡിയോയും സൺപിക്ച്ചേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത് ആരാധകർ അപ്പാടെ ഏറ്റെടുത്ത് ആഘോഷിക്കുകയാണിപ്പോൾ.

ലോകമെമ്പാടും എസ്‌യുവി ട്രെൻഡ് അലയടിക്കുമ്പോൾ ഒഴുക്കിനൊത്ത് നീന്തുകയാണ് രജനിയുടേയും സ്റ്റൈൽ. ബിഎംഡബ്ല്യു i7 സെഡാൻ വേണ്ടെന്നു വെച്ച് സൂപ്പർസ്റ്റാർ ബിഎംഡബ്ല്യു X7 എസ്‌യുവിയാണ് സമ്മാനത്തിൽ നിന്നും തെരഞ്ഞെടുത്തത്. കലാനിധിമാരൻ തന്നെ ലക്ഷ്വറി വാഹനത്തിന്റെ താക്കോലും രജനിക്ക് കൈമാറിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനോടെ എത്തുന്ന ജർമൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഏത് മോഡലാണ് തലൈവരുടെ ഗരാജിലേക്ക് എത്തിയതെന്ന് ഇപ്പോൾ വ്യക്തമല്ല.
ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെട്രോൾ പതിപ്പിന്റെ എക്സ്ഷോറൂം വില 1.23 കോടി രൂപയും ഡീസൽ മോഡലിന്റേത് 1.26 കോടി രൂപയുമാണ്. അതായത് ചെന്നൈയിൽ വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം 1.51 കോടി മുതൽ 1.54 കോടി രൂപ വരെ വരുമെന്നാണ് കണക്കുകൾ. അതേസമയം ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാനായ i7 മോഡലിന് ചെന്നൈയിൽ 2.08 കോടി രൂപയാണ് വില വരുന്നത്.

രജനി എടുക്കാതിരുന്ന ആഡംബര കാർ ഇനി ജയിലർ സംവിധായകൻ നെൽസനെ തേടിയെത്തുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. എന്തായാലും രജനീകാന്തിന് സമ്മാനമായി തെരഞ്ഞെടുത്ത ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം. ഈ വർഷം ജനുവരിയിലാണ് വാഹനത്തിന്റെ പുത്തൻ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. xDrive40i പെട്രോൾ, xDrive40d ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന എസ്‌യുവിക്ക് M സ്പോർട്ട് പാക്കേജ് സ്റ്റാൻഡേർഡായും ലഭിക്കുന്നുണ്ട്.
സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും കിഡ്‌നി ഗ്രില്ലിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന കാസ്‌കേഡ് ലൈറ്റിംഗ് എലമെന്റും ഉൾപ്പെടുന്ന മുൻവശമാണ് X7 എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റ്. ബോണറ്റ് ലൈനിന് സമീപമുള്ള എൽഇഡി ഡിആർഎല്ലുകൾ, മുന്നിലെയും പിന്നിലെയും ബമ്പറുകളിലെ സിൽവർ ട്രിം, സ്റ്റാൻഡേർഡായി 20 ഇഞ്ച് അലോയ് വീലുകൾ, റീപ്രൊഫൈൽ ചെയ്ത എൽഇഡി ടെയിൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പ് എന്നിവയാണ് വാഹനത്തിന്റെ മറ്റ് ഡിസൈൻ എലമെന്റുകൾ.
അകത്തേക്ക് കയറിയാലും ആഡംബരത്തം തുളുമ്പുന്ന ഇന്റീരിയറാണ് ജർമൻ ബ്രാൻഡ് X7-ൽ ഒരുക്കിയിരിക്കുന്നത്. മെലിഞ്ഞ എയർ വെന്റുകളും പുതിയ സെലക്ടർ ലിവറും ഉള്ള ഒരു പുനർനിർമിച്ച 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഏറ്റവും ശ്രദ്ധേയം. 14.9 ഹൈറെസലൂഷൻ കണ്‍ട്രോൾ ഡിസ്പ്ലേ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ്, തുടങ്ങിയ ആഡംബര സൗകര്യങ്ങളും യാത്രയ്ക്ക് ഹരമേകാനായി ഒരുക്കിയിട്ടുണ്ട്.
തീർന്നില്ല, ഇതുകൂടാതെ വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വോയ്‌സ് അസിസ്റ്റന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും കാറിന്റെ ഭാഗമാണ്. സുരക്ഷക്ക് മുൻഗണ നൽകുന്നതിനാൽ ADAS ടെക്കും ബിഎംഡബ്യു X7 എസ്‌യുവിയുടെ ഭാഗമാണ്. മെർസിഡീസ് ബെൻസ് GLS, ഔഡി Q7, വോൾവോ XC90, ലാൻഡ് റോവർ ഡിസ്കവറി എന്നിങ്ങനെ ഇന്ത്യയിലെ മറ്റ് മൂന്ന്-വരി ആഡംബര എസ്‌യുവികൾക്കെതിരെയാണ് X7 മാറ്റുരയ്ക്കുന്നത്.
Kalanithi Maaran gifted Superstar Rajinikanth a brand new X7 for the humongous success of JAILER. pic.twitter.com/XcF5V7aHvj
— LetsCinema (@letscinema) September 1, 2023


Click it and Unblock the Notifications








