ലോൺ ഒന്നും വേണ്ട! 'ചില്ലറ കാശിന്' ഏഥർ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങി യുവാവ്; സംഭവം ഇങ്ങനെ
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഇലക്‌ട്രിക് സ്‌കൂട്ടർ തരംഗമാണല്ലോ. ഏഥർ എനർജിയും ഓലയുമെല്ലാം വാഴുന്ന വിഭാഗത്തിൽ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ കുത്തൊഴുക്കാണ് കാണാൻ സാധിക്കുന്നത്. സ്വന്തമായൊരു വണ്ടി വേണമെന്ന് സ്വപ്‌നം കാണാത്ത ഏതെങ്കിലും ആളുകൾ നമുക്കിടയിലുണ്ടോ അല്ലേ. ആരുടേയും സഹായമില്ലാതെയോ അല്ലെങ്കിൽ ബസ് കാത്ത് നിൽക്കാതെ താത്പര്യമുള്ള വഴികളിലൂടെയെല്ലാം ചീറി പായാൻ സ്വന്തമായൊരു വാഹനം ഉണ്ടെങ്കിൽ അതിന്റെ ഗുണമൊന്ന് വേറെ തന്നെയാണ്.
ഇഷ്ടപ്പെട്ട വണ്ടി സ്വന്തമാക്കാനുള്ള പണത്തിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന ധാരാളം ആളുകളേയും നമുക്ക് കാണാനാവും. നാണയങ്ങൾ ശേഖരിച്ച് വെച്ച് ബൈക്കും കാറും എല്ലാം വാങ്ങിയ കഥയൊക്കെ നാം പലതവണ സോഷ്യൽ മീഡിയയിലൂടെയെല്ലാം കണ്ടിട്ടും കേട്ടിട്ടുമുണ്ടാവും അല്ലേ. അത്തരത്തിൽ ഒരു സംഭവം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. ജയ്പൂരിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ 10 രൂപ നാണയങ്ങൾ മാത്രം ഉപയോഗിച്ച് പുതിയ ഏഥർ 450 ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിരിക്കുകയാണ്.

ഈ അതുല്യമായ പേയ്‌മെൻ്റ് രീതിയിലൂടെ വണ്ടിവാങ്ങിയ വ്യക്തിയുടെ വാർത്തയും ചിത്രങ്ങളും ഏഥർ എനർജിയുടെ സിഇഒ തരുൺ മേത്ത തന്നെയാണ് X എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ 1 രൂപ നാണയങ്ങളെല്ലാം സ്വരുക്കൂട്ടിയാണ് പലരും വണ്ടി വാങ്ങിയതെങ്കിൽ ജയ്‌പൂരിൽ നിന്നുള്ള ഇദ്ദേഹം കിട്ടാൻ അൽപം പാടായ 10 രൂപ നാണയങ്ങൾ ശേഖരിച്ചാണ് ഏഥർ 450 ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനെത്തിയത്.
അഭിമാനിയായ ഉപഭോക്താവിന് ഇവിയുടെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ ചൂടൻ ചർച്ചയായിട്ടുണ്ട്. വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രത്തിൽ 10 രൂപ നാണയങ്ങൾ നിറച്ച സഞ്ചികൾ ഒരു മേശയിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്നതും കാണാം. ചില്ലറ കാശ് കൊടുത്ത് ഏഥർ എനർജിയുടെ ഏത് മോഡലാണ് ജയ്‌പൂരിൽ നിന്നുള്ള യുവാവ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

നിലവിൽ ബെംഗളൂരു ഇവി സ്റ്റാർട്ടപ്പ് ഈ ശ്രേണിയിൽ 450S, 450X, 450 അപെക്സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 450S എന്ന ബേസ് മോഡലിന് 1.10 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം ഏഥറിന്റെ മുൻനിര മോഡലായ 450 അപെക്‌സിന് 1.89 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഏത് വേരിയന്റാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ലാത്തതിനാൽ 10 രൂപയുടെ നാണയത്തുട്ടുകൾ എത്ര രൂപയുടേതാണെന്ന് കണക്കാൻ സാധിക്കില്ല.
എന്തായാലും കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ വാർത്തയാവാറുണ്ട്. വ്യത്യസ്‌തമായ വഴികളിലൂടെ സഞ്ചരിച്ച് വാർത്തകളിൽ ഇടംപിടിക്കാനുള്ള എന്തെങ്കിലും മാർഗമാണോ അതോ മറ്റെന്തെങ്കിലും ആഗ്രഹങ്ങളുടെ പുറത്താണോ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്ന് വ്യക്തമല്ല. മുകളിൽ സൂചിപ്പിച്ച മോഡലുകൾ കൂടാതെ ഏഥർ എനർഡി ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഫാമിലി ഓറിയൻ്റഡ് സ്‌കൂട്ടറായ റിസ്റ്റ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

സ്റ്റാൻഡ്-അപ്പ് കോമേഡിയൻ അനുഭവ് സിംഗ് ബസ്സി സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രം ഉൾപ്പെടെ ഒരുപിടി ടീസറുകൾ കമ്പനി ഇതിനകം പങ്കിട്ട് ഹൈപ്പ് ഉയർത്തുന്നുണ്ടെന്ന് വേണം പറയാൻ. പെർഫോമൻസിനേക്കാൾ പ്രായോഗികത തേടുന്ന ഉപഭോക്താക്കളെയാണ് വരാനിരിക്കുന്നഫാമിലി സ്കൂട്ടർ ലക്ഷ്യമിടുന്നതെന്നതെന്നാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ നൽകുന്ന സൂചന.
ബ്രാൻഡിന്റെ മറ്റ് 450 സ്‌കൂട്ടറുകളിൽ നിന്നും വ്യത്യസ്‌തമായി പക്വമായ രൂപകൽപ്പനയും രണ്ട് യാത്രക്കാർക്ക് മതിയായ ഇടവും വാഹനം വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ എൽഇഡി ലൈറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വിശാലമായ ഫുട്‌ബോർഡ്, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ മറ്റ് ഉപകരണങ്ങളും സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് റിസ്റ്റ ഇവി എന്നതും എടുത്തു പറഞ്ഞേക്കാം.

വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് അതിവേഗ ചാർജിംഗും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ലഭിക്കുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ആതർ റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടറിൽ മികച്ച ബാറ്ററി പായ്ക്കിനൊപ്പം ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് മോട്ടോർ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. ഇതിലൂടെ ആകർഷകമായ ആക്‌സിലറേഷനും മികച്ച വേഗതയും കൈവരിക്കാൻ ഫാമിലി ഇവിക്കാവും.


Click it and Unblock the Notifications








