സൂര്യയുടെ ഫ്ലോപ്പ് പടത്തിന് ശേഷം വിജയ് അണ്ണന്റെ വില്ലനിലേക്ക്, അത്യാഡംബര എസ്‌യുവിയിൽ പാൻഇന്ത്യൻ പ്രതിനായകൻ
ബോബി ഡിയോൾ എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ആനിമലിലെ ആ കൊടൂര വില്ലനായിരിക്കാം. ഇന്ന് പക്കാ മസിലുപിടുത്തവുമായി നടക്കുന്ന ബോബി ഡിയോൾ തൊണ്ണൂറുകളിലെ യുവത്വത്തിന്റെ ഹരമായിരുന്നുവെന്ന് പറഞ്ഞാൽ പലർക്കും അത്രവേഗം വിശ്വസിക്കാനായേക്കില്ല. സിനിമ കരിയറിൽ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോയിട്ടുള്ള താരപുത്രനെ ഇടയ്ക്ക് ബോളിവുഡ് വരെ മറന്നുപോയിരുന്നുവെങ്കിലും പിന്നീടുള്ള ബോബിയുടെ രണ്ടാംവരവ് മരണമാസായിരുന്നുവെന്ന് വേണം പറയാൻ. രൺബീർ കപൂർ നായകനായി എത്തിയ ആനിമലിലൂടെ പാൻഇന്ത്യൻ വില്ലനായി മാറിയിരിക്കുകയാണ് കക്ഷി.
ദക്ഷിണേന്ത്യൻ സിനിമകളിൽ വരെ കോടികൾ പ്രതിഫലം വാങ്ങിക്കൊണ്ടാണ് ബോബി ഡിയോൾ ഇപ്പോൾ അഭിനയിക്കുന്നത്. സൂര്യയുടെ ബ്രഹ്മാണ്ഡ പടമായ കങ്കുവയിലും വില്ലൻ ഇങ്ങേരായിരുന്നു. പടം എട്ടുനിലയിൽ പൊട്ടിയെങ്കിലും താരമൂല്യം കൈവിടാതെ തന്നെ ബോബിയുടെ പക്കലുണ്ട്. പടത്തിലഭിനയിക്കാൻ 5 കോടി രൂപയോളമാണ് ഹിന്ദി നടൻ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

തുടരെ തുടരെ നെഗറ്റീവ് വേഷങ്ങൾ മാത്രം ചെയ്യുന്ന താരം ഇപ്പോൾ സാക്ഷാൽ ദളപതി വിജയ്‌യുടെ അവസാന പടത്തിലെ വില്ലനായാണ് പ്രത്യക്ഷപ്പെടാൻ പോവുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിതത്തിന് ജനനായകൻ എന്നാണ് പേരിട്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ 300 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. അടുത്ത വർഷം റിലീസിനെത്തുന്ന ചിത്രത്തിൽ വിജയ്‌യുടെ വില്ലനായിട്ടാണ് ബോബി വേഷമിടുന്നത്.
ഇതോടൊപ്പം ഒരുപിടി ബോളിവുഡ് ചിത്രങ്ങളും കൈയിലുള്ള നടൻ അടുത്തിടെയാണ് റേഞ്ച് റോവർ സ്പോർട്ട് SV എന്ന ആഡംബര എസ്‌യുവി സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ഇതേ വാഹനത്തിൽ വന്നിറങ്ങുന്ന താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് താരം റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കുന്നത്. നിലവിൽ റോഡിലൂടെയുള്ള ബോബിയുടെ യാത്രകളെല്ലാം ഈ കൂറ്റൻ വണ്ടിയിലാണ്.

സേഫ്റ്റിക്കും ആഡംബരത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് നിർമിച്ചിരിക്കുന്ന റേഞ്ച് റോവർ സ്പോർട് SV എസ്‌യുവിക്ക് 2.60 കോടി രൂപയോളമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി 3.50 കോടി രൂപയോളം വരും വാഹനത്തിന്റെ ഓൺ-റോഡ് വില. സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന ബോബിയുടെ വണ്ടിയും ഇപ്പോൾ ഇൻഡസ്ട്രി ഹിറ്റാണ്.
4.4 ലിറ്റർ ട്വിൻ ടർബോ മൈൽഡ് ഹൈബ്രിഡ് V8 എഞ്ചിനാണ് റേഞ്ച് റോവർ സ്പോർട് SV എസ്‌യുവിയുടെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന കൂറ്റൻ എഞ്ചിന് പരമാവധി 626 bhp പവറിൽ 800 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. പെര്‍ഫോമന്‍സിലേക്ക് വന്നാൽ ആരേയും അമ്പരിപ്പിക്കുന്ന വിധത്തിലുള്ള കണക്കുകളാണ് ഈ ബ്രിട്ടീഷ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് മുമ്പോട്ട് വെക്കാനാവുക.

വെറും 3.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ ബോബി ഡിയോളിന്റെ എസ്‌യുവിക്കാവും. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള റേഞ്ച് റോവർ സ്പോർട്ടിന്റെ പരമാവധി വേഗത മണിക്കൂറിൽ 290 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. 4വീൽ ഡ്രൈവ് സംവിധാനമാണ് ഓഫ് റോഡിംഗിൽ ആശാനെ കിടുവാക്കുന്നത്.
റേഞ്ച് റോവർ സ്പോർടിന്റെ ഇൻ്റീരിയറിലേക്ക് കയറിയാലും സംഗതി ഉഷാറാണ്. ഡാഷോർഡിൽ ലെതർ പാഡുകൾ, ഡോർ പാഡുകൾ, മൾട്ടി-ഫംഗ്ഷൻ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൺട്രോളുകൾക്കുള്ള ഡിജിറ്റൽ ഡയൽ സ്‌ക്രീൻ, മസാജർ ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് സീറ്റുകൾ, 19 സ്പീക്കർ പ്രീമിയം 800W ഓഡിയോ സിസ്റ്റം ഉൾപ്പെടെ നിരവധി സവിശേഷതകളും ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
റേഞ്ച് റോവർ സ്പോർട് കൂടാതെ റേഞ്ച് റോവർ വോഗ്, ലാൻഡ് റോവർ ഫ്രീലാൻഡർ 2, മെർസിഡീസ് ബെൻസ് എസ്-ക്ലാസ് എന്നീ അത്യാഡംബര കാറുകളും ബോബി ഡിയോളിന്റെ പോർച്ചിലുണ്ട്. എന്തായാലും ബോളിവുഡിൽ മാത്രം ഒതുങ്ങാതെ തെന്നിന്ത്യൻ സിനിമകളുടെ ഭാഗമാവാനും ബോബിക്ക് കഴിയുന്നത് സിനിമ പ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. രാഷ്ട്രീയത്തിലേക്ക് പോവുന്ന വിജയയ് അണ്ണന്റെ അവസാന പടത്തിൽ നല്ലൊരു വേഷം ചെയ്യാനാവുന്നത് താരത്തിനും ഗുണമാവും.


Click it and Unblock the Notifications








