പവറാവാൻ പവർ സ്റ്റാർ; സൈനിക വാഹനം പോലുള്ള ട്രക്കുമായി താരം നിരത്തിലേക്ക്
സിനിമ നടൻ, നിർമാതാവ്, രാഷ്‌ട്രീയ പ്രവർത്തകൻ എന്നിങ്ങനെ ഒട്ടേറെ വിശേഷണം അർഹിക്കുന്ന വ്യക്തിത്വമാണ് പവൻ കല്ല്യാൺ. തെലങ്കാനയിൽ തന്റേതായ സ്ഥാനം ഒട്ടുമിക്ക മേഖലയിലും അടയാളപ്പെടുത്തിയ താരം വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. പവർ സ്റ്റാർ എന്നറിയപ്പെടുന്ന പവൻ കല്യാൺ ജനസേന പാര്‍ട്ടിയുടെ മേധാവി കൂടിയാണ്.
ബിജെപിയുമായി രാഷ്ട്രിയ സഖ്യത്തിലെത്തിയതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ വലിയ പോരാട്ടത്തിന് തയാറെടുക്കുകയാണ് പവർ സ്റ്റാർ. ദേ ഇപ്പോൾ 2024-ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനും മറ്റുമായുള്ള ആവശ്യങ്ങൾക്കായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പവൻ. "വരാഹി" എന്നു പേരിട്ടിരിക്കുന്ന കസ്റ്റമൈസ്ഡ് ബസാണ് ഇത്. സാധാരണ രാഷ്ട്രിയക്കാരെ പോലെ എസ്‌യുവിയോ സിനിമക്കാരെ പോലെ കാരവാനോ അല്ല രാഷ്ട്രീയ യുദ്ധത്തിനായി താരം പുറത്തിറക്കിയിരിക്കുന്നത്.

എപ്പോഴും വെറൈറ്റി ആഗ്രഹിക്കുന്ന പവൻ സൈനിക വാഹനങ്ങളോട് കിടപിടിക്കാന്‍ പോകുന്ന ഒരു അത്യാഡംബര ട്രക്കാണ് ബസ് രൂപത്തിലാക്കിയെടുത്തിരിക്കുന്നത്. കവചിത സൈനിക വാഹനം പോലെ തോന്നിക്കുന്ന കസ്റ്റമൈസ്ഡ് ട്രക്കിന്റെ വീഡിയോയും കുറച്ച് ചിത്രങ്ങളും പവൻ കല്യാൺ ട്വീറ്റ് ചെയ്‌തിട്ടുമുണ്ട് ഇപ്പോൾ. ദുർഗാദേവിയുടെ സപ്തമാതൃകകളുടെ മറ്റൊരു പേരാണ് വരാഹി. 2023 ജനുവരിയിൽ ആരംഭിക്കുന്ന സംസ്ഥാന വ്യാപക ബസ് പര്യടനത്തിന് പവൻ കല്യാൺ ഈ കവചിത വാഹനം ഉപയോഗിക്കും. പുതിയ വരാഹി വാഹനവുമായി ബന്ധപ്പെട്ട തന്റെ പദ്ധതികൾ പവൻ കല്യാൺ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ ബുധനാഴ്ച്ച ഹൈദരാബാദിൽ വാഹനം പരീക്ഷണയോട്ടം നടത്തിയിരുന്നു. പവൻ കല്യാണിന്റെ ടീമിലെ ആളുകൾ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായിരുന്നു. പിന്നീട് വാഹനത്തിലെ കുറച്ച് സാധനങ്ങൾ മാറ്റാനും താരം നിർദേശം നൽകിയിട്ടുണ്ട്. ട്രക്ക് രൂപകല്പന ചെയ്യുകയും കസ്റ്റമൈസ് ചെയ്യുകയും ചെയ്ത ടെക്നിക്കൽ ടീമിന്റെ ഭാഗമാണ് ജന സേന നേതാവ് തംഗല്ല ഉദയ് ശ്രീനിവാസ്. പൊതുതെരഞ്ഞെടുപ്പ് യുദ്ധത്തിന് ഒരുങ്ങി എന്ന തലക്കെട്ടോടെയാണ് പവന്‍ കല്യാണ്‍ പുതിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സൈനിക വാഹനങ്ങള്‍ക്ക് സമാനമായ നിറത്തിലാണ് ഈ ട്രക്ക് ഒരുങ്ങിയിട്ടുള്ളത് എന്ന കാര്യവും ശ്രദ്ധേയമാണ്. വാഹനത്തിന് ചുറ്റിലുമായി ലൈറ്റുകള്‍ നല്‍കിയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ വലിയ ഗാര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ കൃത്യമായ സ്പെസിഫിക്കേഷനുകളും സവിശേഷതകളും അജ്ഞാതമായി തുടരുകയാണെങ്കിലപം ഉയർന്ന നിലവാരമുള്ള സുരക്ഷാ നടപടികളും ആധുനിക സാങ്കേതികവിദ്യയും ഈ കസ്റ്റമൈസ്‌ഡ് ട്രക്കിന്റെ ഭാഗമാണ്. പവൻ കല്യാണിന്റെ പര്യടനങ്ങളിൽ ലൈറ്റുകൾ ഓഫ് ചെയ്യുന്നതുപോലുള്ള പ്രതികാര നടപടികൾ അടുത്തിടെ ഉണ്ടാവുന്നുണ്ടെന്നും അതിനാൽ വാഹനത്തിൽ പ്രത്യേക ലൈറ്റിംഗ് ക്രമീകരണങ്ങളുണ്ടെന്നും. അസൗകര്യം ഒഴിവാക്കാൻ വാഹനത്തിനു ചുറ്റും ലൈറ്റുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും വരാഹിയെ കുറിച്ച് താരത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പറഞ്ഞു.
തീർന്നില്ല, വാഹനത്തില്‍ പലയിടത്തായി സിസിടിവി. ക്യാമറകളും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലി ലക്ഷ്യമാക്കി എത്തിച്ചിട്ടുള്ളതിനാല്‍ തന്നെ ഒരു സമ്മേളനത്തെ പോലും അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന വലിയ സൗണ്ട് സിസ്റ്റവും ഈ ട്രക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. വലിയ റാലികളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കാവുന്ന ആധുനിക ശബ്ദ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വരാഹിയിലെ സിസിടിവി ക്യാമറകൾ അട്ടിമറിക്ക് സാധ്യതയില്ലെന്ന് ഉറപ്പാക്കാൻ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് തത്സമയം സെർവറിലേക്ക് അപ്‌ലോഡ് ചെയ്യും.
കസ്റ്റമൈസ് ചെയ്‌ത വാഹനത്തിൽ രണ്ട് പേർക്കുള്ള സ്ഥലമാണുള്ളത്. അത് ഓഫീസായും ഉപയോഗിക്കാം. വാഹനത്തിൽ പ്രത്യേക പൂജ നടത്തുമെന്നും മാധ്യമ വാർത്തകൾ പുറത്തുവരുന്നുണ്ട്. ജഗ്തിയാൽ ജില്ലയിലെ കൊണ്ടഗട്ടിലുള്ള ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പൂജയ്ക്ക് ഭാഗത്തെ എല്ലാ നേതാക്കളും പങ്കെടുക്കുമെന്നും വിവരമുണ്ട്. ഈ പൂജയ്ക്ക് ശേഷം പവൻ കല്യാണിന്റെ പര്യടനത്തിന് വരാഹിയെ ഉപയോഗിക്കും. ഈ വർഷം ദസറ മുതൽ പര്യടനം നടത്താൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പവർ സ്റ്റാർ പവൻ കല്യാണിന്റെ സംസ്ഥാന പര്യടനം 2023 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തിലായിരിക്കും ആ യാത്രകള്‍. വരാഹിയെന്ന കസ്റ്റമൈസ്‌ഡ് ട്രക്ക് കൂടാതെ നിരവധി വാഹനങ്ങളും താരത്തിന്റെ പക്കലുണ്ട്. അടുത്തിടെ ചീറി പായുന്ന കാറിന് മുകളിൽ കാലുംനീട്ടി ഇരുന്ന് കാഴ്ച്ചകൾ കണ്ടുള്ള പവനിന്റെ യാത്രയും വീഡിയോയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജനസേനാ പാർട്ടി അധ്യക്ഷനായ പവർ സ്റ്റാർ ഗുണ്ടൂരിലെ ജനങ്ങളെ കാണാനുള്ള പോക്കാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.


Click it and Unblock the Notifications








