കേരളത്തിൽ ഈ രണ്ട് കാറുകളും വാങ്ങുന്ന ആദ്യത്തെ ആൾ, അത്യാഡംബര എംപിവിയും ആലുക്കാസ് വീട്ടിലേക്ക്
സ്വർണമില്ലാതെ മലയാളികൾക്ക് ആഘോഷമില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന് അനുഭവിച്ചറിഞ്ഞവരായിരിക്കും നമ്മളിൽ പലരും. കേരളത്തിലെ ആഭരണ വിപണന രംഗത്തെ തലതൊട്ടപ്പന്‍മാരില്‍ മുന്‍നിരയിലുള്ളവരാണ് ആലുക്കാസ് ഗ്രൂപ്പ്. അതിൽ ജോസ് ആലുക്കാസിൻ്റെ സ്ഥാനവും വലുതാണ്. ബിസിനസിനൊപ്പം വാഹനക്കമ്പവും ഏറെയുള്ള ആലുക്കാസ് ജ്വല്ലറിയുടെ ഉടമ വർഗീസ് ജോസിനെ വണ്ടിഭ്രാന്തൻമാർക്ക് ഏറെ സുപരിചിതമായിരിക്കും. അടുത്തിടെ അത്യാഡംബര കാറുകളുടെ തലതൊട്ടപ്പൻമാരായ ബിഎംഡബ്ല്യുവിൻ്റെ 7 സീരീസ് സ്വന്തമാക്കി ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ ജോസ് ആലുക്കാസ് മുറ്റത്തേക്ക് പുതിയ എംജി M9 ഇലക്ട്രിക് പ്രീമിയം എംപിവി കൂടി എത്തിയിരിക്കുകയാണ്.
എംജിയുടെ ആഡംബര ഇലക്ട്രിക് വാഹനങ്ങളായ സൈബർസ്റ്ററും M9 ഇവിയും വാങ്ങുന്ന കേരളത്തിലെ ആദ്യ ഉപഭോക്താവായി വർഗീസ് ജോസ് ആലുക്കാസ് മാറിയതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എംജി സെലക്ടിന്റെ രണ്ട് മോഡലുകളും കേരളത്തിൽ സ്വന്തമാക്കുന്ന ആദ്യ ഉപഭോക്താവായി ഇദ്ദേഹം മാറിയ വിവരം എംജി തന്നെയാണ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. എംജി സെലക്ട് കോസ്റ്റൽ കൊച്ചി ഡീലർഷിപ്പിൽ നിന്നുമാണ് പുതിയ എംപിവിയും വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്.

അതിഗംഭീരമായ യാത്രാസുഖം, സ്പേസ്, നിശബ്ദമായ യാത്ര, അനായാസമായ പെർഫോമൻസ് എന്നിവയെല്ലാം കോർത്തിണക്കിയാണ് എംജി തങ്ങളുടെ അത്യാഡംബരമായ M9 ഇലക്ട്രിക് എംപിവി പണികഴിപ്പിച്ചിരിക്കുന്നത്. 69.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് മോഡൽ നമ്മുടെ നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി വാഹനത്തിന് 81.88 ലക്ഷം രൂപയോളം കൊച്ചിയിൽ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.
എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിരിക്കുന്ന സിംഗിൾ വേരിയൻ്റിലാണ് എംജി M9 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ടിപ്പിക്കൽ ബോക്‌സി മൾട്ടി പർപ്പസ് വാഹനങ്ങൾക്കുള്ള അതേ ഡിസൈനിലാണ് M9 ഇവി നിർമിച്ചിരിക്കുന്നത്. ലോവർ-സെറ്റ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, വലിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ തുടങ്ങിയ ഘടകങ്ങളാണ് എക്സ്റ്റീരിയർ ഗ്ലാമറാക്കുന്നത്.

5.2 മീറ്ററിലധികം നീളവും 3.2 മീറ്റർ വീൽബേസുമുള്ള എംജിയുടെ പ്രസിഡൻഷ്യൽ എംപിവി അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്. മൂന്ന് നിരകളും 7 സീറ്റർ ഓപ്ഷനുമായി എത്തുന്ന M9 ഇവിക്ക് മൊത്തത്തിൽ 5,270 mm നീളവും 2,000 mm വീതിയും 1,840 mm ഉയരവും 3,200 mm വീൽബേസുമാണുള്ളത്. ആഡംബരം വിളിച്ചോതുന്ന ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ കൂടിയാവുമ്പോൾ M9 ശരിക്കും ലക്ഷ്വറി ഫീലാണ് നൽകുന്നത്.
ഒരു ഫാമിലി കാർ എന്നതിലുപരി ലിമോസിൻ ഡിസൈനിലാണ് M9 ഒരുങ്ങിയിരിക്കുന്നത്. 90 kWh ബാറ്ററി പായ്ക്കാണ് ആഡംബര ഇലക്ട്രിക് എംപിവിയുടെ ഹൃദയം. സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് നൽകുന്ന ഇവിക്ക് മികച്ച ആക്‌സിലറേഷനും ഡ്രൈവിംഗ് ഡൈനാമിക്‌സും ഉണ്ടെന്നും കമ്പനി അവരാശപ്പെടുന്നു. 242 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് ഇവി വരുന്നത്.

അഡാപ്റ്റീവ് സസ്പെൻഷൻ ഉപയോഗിച്ചിരിക്കുന്നതിനാൽ M9 ഇവിക്ക് ബോഡി റോളുണ്ടാവില്ലെന്നത് യാത്രകൾ അടിപൊളിയാക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ശരിക്കും പ്രായോഗികമായ തരത്തിലാണ് എംജി തങ്ങളുടെ M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് എംപിവിയെ ഒരുക്കിയെടുത്തിരിക്കുന്നത്. 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് വാഹനം പൂർണമായി ചാർജ് ചെയ്യാൻ കഴിയും.
ഡിസി ഫാസ്റ്റ് ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാം. അങ്ങനെ വെറുമൊരു പ്രീമിയം ഇവി മാത്രമല്ല, മറിച്ച് ഇന്ത്യയുടെ വാഹന വിപണിയെ തന്നെ പുനർനിർവചിക്കാൻ കഴിയുന്ന കിടിലനൊരു വൈദ്യുത എംപിവിയാണിതെന്ന് കമ്പനിക്ക് ഉറപ്പുവരുത്താനായിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും എംജിയുടെ ഇലക്‌ട്രിക് എംപിവി വേറെ ലെവലാണ് .
7 എയർബാഗുകൾ, അൾട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീൽ ഉപയോഗിച്ചുള്ള ബോഡി നിർമാണം എന്നിവയാണ് M9 ഇവിയുടെ പ്രധാന സവിശേഷതകൾ. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുള്ളതിനാൽ ആശങ്കകളൊന്നും വേണ്ടേ വേണ്ട. ലെവൽ 2 ADAS, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും മോഡലിലുണ്ട്.


Click it and Unblock the Notifications








