കൊച്ചിയിൽ അപകടത്തിൽ പെട്ടത് ജ്വല്ലറി മുതലാളിയുടെ സൂപ്പർകാർ, 5 കോടിയുടെ ഫെറാറിയുടെ അവസ്ഥ കണ്ടോ
കോടികൾ വരുന്ന ഫെറാറി സൂപ്പർകാർ ഇന്നലെ കൊച്ചിയിൽ അപകടത്തിൽ പെട്ട വാർത്തകളും വീഡിയോകളുമെല്ലാം പലരും കണ്ടുകാണുമല്ലോ. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ മിഡ് എഞ്ചിൻ 488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി മെഡിക്കൽ കോളജ് റോഡിൽ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആർക്കും പരുക്കുകളില്ലെങ്കിലും കാറിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ ഏറ്റവും വലിയ സ്വർണ, വജ്ര റീട്ടെയിലർമാരിൽ ഒന്നാണ് ജോസ്കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫെറാറിയുടെ ഈ വാഹനം.
ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസിന്റേതാണ് അപകടത്തിൽ പെട്ട ഫെറാറി 488 GTB. അപകടത്തിൽ സൂപ്പർകാറിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നിട്ടുണ്ട്. വീലുകൾ ഊരിപ്പോയി, ഫെൻഡർ, ബമ്പറുകൾ, തുടങ്ങി ബോഡി പാനലുകൾ വരെ തകരുകയുണ്ടായി. അപകടസമയത്ത് വാഹനം ആരാണ് ഓടിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആർക്കും പരിക്കുകളില്ലെന്നത് ആശ്വാസകരമാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. മീഡിയനിലും മരത്തിലുമിടിച്ച് റോഡിൽ വട്ടം കറങ്ങിയാണ് കാർ നിന്നത്. ഒരു വ്യവസായിയുടെ വാഹനമെന്നാണ് പൊലീസ് പറയുന്നത്. ഈ വാഹനം കേരളത്തിലല്ല രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. MH 04 JB 5000 എന്ന രജിസ്ട്രേഷൻ പ്ലേറ്റാണ് ടോണി ജോസിന്റെ ഫെറാറിക്കുള്ളത്.
താനെ ആർടിഒയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള സൂപ്പർകാറിന്റെ സെക്കൻഡ് ഓണറാണ് ടോണി. തികഞ്ഞൊരു വണ്ടിഭ്രാന്തനാണ് ജോസ്കോ ഗ്രൂപ്പ് എംഡിയെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ അപകടത്തിൽ പെട്ട ഫെറാറി കൂടാതെ ഇദ്ദേഹത്തിന്റെ പോർച്ചിൽ മറ്റ് നിരവധി അത്യാഡംബര കാറുകളുമുണ്ട്. കേരളത്തിലെ ആദ്യത്തെ ഔഡി A8 സെഡാൻ, സംസ്ഥാനത്തെ ആദ്യത്തെ 2022 റേഞ്ച് റോവർ വോഗ് എന്നിവയെല്ലാം സ്വന്തമാക്കിയത് ടോണിയായിരുന്നു.

ലാൻഡ് റോവർ ഡിഫൻഡർ 110, ബെന്റ്ലി, മെർസിഡീസ് ബെൻസ് ജി-വാഗൺ, ഔഡി A8, പുതിയ ബിഎംഡബ്ല്യു 740 Li, മെർസിഡീസ് എസ്-ക്ലാസ് തുടങ്ങിയ കാറുകളെല്ലാം ടോണി ജോസിന്റെ ഗരാജിലുണ്ട്. ഇക്കൂട്ടത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു ഫെറാറി 488 GTB. 2015 മുതൽ 2019 വരെ ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ പുറത്തിറക്കിയിരുന്ന സ്പോർട്സ് കാറാണ് 488 GTB.
ഫെറാറിയുടെ 458 മോഡലിന്റെ പിൻഗാമിയായി എത്തിയ 488 GTB ഫെറാറി പ്രേമികളുടെ ഇഷ്ടവാഹനങ്ങളിലൊന്നാണ്. ഒറിജിനൽ F40 പതിപ്പിന് ശേഷം ടർബോചാർജ്ഡ് എഞ്ചിൻ ഉൾപ്പെടുത്തിയ ആദ്യത്തെ മിഡ്-എഞ്ചിൻ ഫെറാറി എന്ന നിലയിൽ 488 GTB സവിശേഷമായിരുന്നു. 3.9 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്ന എഞ്ചിന് 670 bhp കരുത്തിൽ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാൻ സാധിക്കും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഫെറാറി 488 GTB സൂപ്പർകാറിന്റെ ഉയർന്ന വേഗം 330 കിലോമീറ്ററാണ്. ഏകദേശം 5 കോടി രൂപയാണ് വാഹനം ഇറങ്ങിയ സമയത്തെ ഓൺറോഡ് വിലയെന്നാണ് കണക്കുകൾ. എന്തായാലും ഇപ്പോൾ അപകടത്തിൽ പെട്ട ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസിന്റെ ഫെറാറി നന്നാക്കാൻ എത്രരൂപ വേണ്ടിവന്നേക്കുമെന്ന ചിന്തയിലായിരിക്കും വണ്ടിപ്രേമികൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








