കാറുകളിലെ കരിമ്പുലിയെ സ്വന്തമാക്കി കലാമണ്ഡലം സത്യഭാമ ജൂനിയർ, ഇനിയുള്ള യാത്രകൾ കറുത്ത ജ്വാഗറിൽ
കലാമണ്ഡലം സത്യഭാമ ജൂനിയറിന് മലയാളികൾക്കിടയിൽ ഇപ്പോൾ പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്‌ണനെ അപമാനിച്ചെന്ന പരാതിയും അതിന്റെ മേൽ സംഭവിച്ച കൊടൂര ചർച്ചകളും കേരളം അങ്ങനെയൊന്നും പെട്ടന്ന് മറക്കാനിടയുണ്ടാവില്ല. രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള സത്യഭാമയുടെ പ്രതികരണം വൻവിവാദമായിരുന്നു. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. രാമകൃഷ്ണന്റെ പേര് എടുത്തുപറഞ്ഞല്ല അന്ന് വിവാദമുണ്ടാക്കിയതെങ്കിലും കലാമണ്ഡലം സത്യഭാമ ജൂനിയർ എയറിലായി. സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും ഏറ്റുവാങ്ങേണ്ടി വന്നിട്ടും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ വാദത്തില്‍ സത്യഭാമ അന്ന് ഉറച്ചുനിന്നു.
ജാതി അധിക്ഷേപക്കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ (Kalamandalam Satyabhama Junior) കേസുമെടുത്തിരുന്നു. എന്തായാലും വിവാദങ്ങൾ കെട്ടടങ്ങിയതോടെ സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങാനും ഇവർക്കായിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തിലാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ. മറ്റൊന്നുമല്ല. ഇനിയോട്ടുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു വാഹനം വാങ്ങിയിരിക്കുകയാണ് കക്ഷി.

അതും കറുത്ത നിറത്തിലൊരുങ്ങിയിരിക്കുന്ന ജാഗ്വർ XE ആഡംബര സെഡാനാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറെക്കാലം മുമ്പേ നിർത്തലാക്കിയതിനാൽ പുതിയതല്ല കേട്ടോ, യൂസ്‌ഡ് മോഡലാണ് നർത്തകിയുടെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമുഖ പ്രീമിയം യൂസ്‌ഡ് കാർ ഡീലറായ ഹർമാൻ മോട്ടോർസിൽ നിന്നുമാണ് സത്യഭാമ കരിമ്പുലിയെ കൂടെക്കൂട്ടിയിരിക്കുന്നത്.
കലാമണ്ഡലം സത്യഭാമ ജൂനിയർ തന്റെ പുതിയ വാഹനത്തിന്റെ ഡെലിവറിയെടുക്കാനായി ഷോറൂമിലെത്തുന്നതും കാറിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെയും വീഡിയോയും ചിത്രങ്ങളും ഹർമാൻ മോട്ടോർസ് തന്നെയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജാഗ്വർ XE സെഡാന്റെ നിറം തന്നെയാണ് ഏറ്റവും ശ്രദ്ധേയം. വിവാദമുണ്ടാക്കിയ അതേ കളർ ഓപ്ഷൻ തന്നെ പുതിയ അതിഥിക്കും ഇരിക്കെട്ടെയെന്ന് തീരുമാനിച്ചതാണോ അതോ അവിചാരിതമായി വന്നെത്തിയതാണോയെന്ന് വ്യക്തമല്ല.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജാഗ്വറിന്റെ എൻട്രി ലെവൽ സെഡാനായിരുന്നു XE. ഇന്ത്യൻ വിപണിയിലെ ലക്ഷ്വറി കാർ സെഗ്മെന്റിൽ ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ്, മെർസിഡീസ് ബെൻസ് സി-ക്ലാസ് തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടി തന്റേതായ സ്ഥാനം കണ്ടെത്താൻ മോഡലിന് വേഗം സാധിച്ചിരുന്നു. അങ്ങനെ മിക്ക സെലിബ്രിറ്റികൾക്കിടയിലും ജനപ്രിയനായി തിളങ്ങാനും ഒരുകാലത്ത് ഈ സെഡാന് സാധിച്ചിട്ടുണ്ട്.
അവസാനം 44.98 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലായിരുന്നു ജാഗ്വർ XE ഇവിടെ വിപണനം ചെയ്‌തിരുന്നത്. ഡിസൈനിലേക്ക് നോക്കിയാലും ആഡംബരത്തം തുളുമ്പുന്ന രൂപമാണ് വാഹനത്തിനുള്ളത്. കൂട്ടത്തിൽ ബ്ലാക്ക് നിറവും കൂടെ ചേരുമ്പോൾ അഡാറ് റോഡ് പ്രസൻസാണ് സെഡാൻ സമ്മാനിക്കുന്നത്. വലിയ ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകൾ, അഗ്രസീവായ ഫ്രണ്ട് ബബറുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് സത്യഭാമയുടെ കാറിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

എൻട്രി ലെവൽ ആഡംബര കാറായിരുന്നുവെങ്കിലും കിടിലൻ ഫീച്ചറുകളാൽ ജാഗ്വർ XE സമ്പന്നമായിരുന്നു. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ക്ലസ്റ്റർ, സ്പോർട്സ്ഷിഫ്റ്റ് ഗിയർ സെലക്ടർ, ക്ലിയർസൈറ്റ് റിയർ-വ്യൂ മിറർ, ഡോർ ഗ്രാബ് ഹാൻഡിലുകളിൽ ക്രോം ഡീറ്റെയിലിംഗ് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ കാർ അവസാനം വിപണിയിലെത്തിയിരുന്നത്.
പെട്രോൾ, ഡീസൽ 2.0 ലിറ്റർ ഇൻജെനിയം എഞ്ചിൻ ഓപ്ഷനുകളിലായിരുന്നു ജാഗ്വർ XE വിപണനത്തിന് എത്തിയിരുന്നത്. കലാമണ്ഡലം സത്യഭാമ ജൂനിയർ വാങ്ങിയ മോഡൽ ഏതാണെന്ന് വ്യക്തമായിട്ടില്ല. പെട്രോൾ എഞ്ചിനാണെങ്കിൽ 4,500-6,000 ആർപിഎമ്മിൽ 200 bhp പവറും 1,200-4,500 ആർപിഎമ്മിൽ 320 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 4,000 ആർപിഎമ്മിൽ 180 bhp കരുത്തും 1,750-2,500 ആർപിഎമ്മിൽ 430 Nm ടോർക്കാണ് നൽകുക.


Click it and Unblock the Notifications








