ബിഎംഡബ്ല്യുവിൽ ഒതുക്കിയില്ല, ജയിലർ സംവിധായകന് സമ്മാനം 1.50 കോടിയുടെ ലക്ഷ്വറി എസ്‌യുവി
തമിഴ് സിനിമയിൽ കമൽഹാസന്റെ വിക്രത്തിന് ശേഷം ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമാണ് രജനീകാന്തിന്റെ ജയിലർ. ഏതാണ്ട് 600 കോടി രൂപയോളമാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. സമീപകാലത്ത് ഏറ്റവും ഹിറ്റായ രജനീ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. ഇതിന്റെയെല്ലാം പൂർണ ക്രെഡിറ്റും പോവുന്നത് ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനാണ്.
ചിത്രം നിറഞ്ഞ കൈയടിയോടെ പ്രദർശനം തുടരുന്ന വേളയിൽ ഈ ഗംഭീര വിജയം ആഘോഷമാക്കാനായി ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ച്ചേഴ്‌സിന്റെ ഉടമ കലാനിധി മാരൻ രജനീകാന്തിന് ബിഎംഡബ്യുവിന്റെ പുത്തൻ ആഡംബര കാർ സമ്മാനമായി നൽകിയ വാർത്തയും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. ഇതിനു പിന്നാലെ സംവിധായകനെ തേടി എന്താവും വരികയെന്ന് കാത്തിരിക്കുകയയായിരുന്നു ആരാധകർ.

പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ബിഎംഡബ്ല്യുവിൽ ഒതുക്കാതെ ജയിലർ സംവിധായകന് 1.50 കോടിയുടെ ലക്ഷ്വറി എസ്‌യുവിയാണ് നിർമാതാക്കൾ സമ്മാനം കൊടുത്തിരിക്കുന്നത്. 600 കോടിയും കടന്നു മുന്നേറുന്ന ജയിലറിന്റെ സംവിധായകന് സൺ പിക്‌ചേഴ്‌സ് അർഹിക്കുന്ന സമ്മാനം തന്നെയാണ് നൽകിയിരിക്കുന്നതെന്നാണ് ആരാധകരുടേയും അഭിപ്രായം. രജനിക്ക് ബിഎംഡബ്ല്യു X7 എസ്‌യുവി സമ്മാനിച്ചതിന് പിന്നാലെയാണ് അതേദിവസം തന്നെയാണ് നെൽസണ് പോർഷ മാക്കാൻ കലാനിധിമാരൻ നൽകിയത്.
തലൈവർക്ക് 2 കാറുകളിൽ ഏതെങ്കിലുമാണ് തെരഞ്ഞെടുക്കാൻ അവസരം കൊടുത്തതെങ്കിൽ നെൽസണ് ബിഎംഡബ്ല്യു iX, ബിഎംഡബ്ല്യു X5, പോർഷ മകാൻ തുടങ്ങിയ മൂന്നു കാറുകളിൽ നിന്നും ഇഷ്‌ടപ്പെട്ടത് തെരഞ്ഞെടുക്കാനാണ് കലാനിധിമാരൻ ആവശ്യപ്പെട്ടത്. ഇതിൽ നിന്ന് പോർഷയാണ് ജയിലർ സംവിധായകൻ തന്റെ ഗരാജിലേക്ക് തെരഞ്ഞെടുത്തത്. മൂന്നു മോഡലുകളിലും നെൽസൺ കയറുന്നതിന്റെയും പോർഷയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വിഡിയോയും സൺപിക്ച്ചേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

പുതിയ കാർ സമ്മാനിച്ചതിന് സൺപിക്ച്ചേഴ്സിനുള്ള നന്ദിയും നെൽസൺ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. മകാൻ, മകാൻ എസ്, മകാൻ ജിടി എന്നീ മോഡലുകൾ പോർഷയുടെ ലൈനപ്പിലുണ്ട്. ഇതിൽ ഏതു മോഡലാണ് സംവിധായകന്റെ ഗരാജിൽ എത്തിയിരിക്കുന്നത് എന്നു വ്യക്തമല്ല. നിലവിൽ സിനിമാ മേഖലയിലുള്ള ഒരു ട്രെൻഡാണ് സിനിമ ഹിറ്റായാൽ സംവിധായകനും നടൻമാർക്കുമെല്ലാം നിർമാതാക്കൾ പുതിയ വാഹനങ്ങൾ സമ്മാനിക്കുന്നത്.
നേരത്തെ വിക്രത്തിന്റെ വലിയ വിജയത്തിനു ശേഷം സംവിധായകൻ ലോകേഷ് കനഗരാജിന് കമൽഹാസൻ ലെക്‌സസിന്റെ എസ്‌യുവി സമ്മാനം നൽകിയിരുന്നു. എന്തായാലും ജയിലറിന്റെ വിജയാഘോഷവും തകൃതിയായി നടക്കുകയാണ്. ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷയുടെ നിരയിലെ ജനപ്രിയനാണ് മകാൻ സീരീസ്. എസ്‌യുവിയുടെ കറുപ്പു നിറത്തിലൊരുങ്ങിയ വേരിയന്റാണ് നെൽസണ് സമ്മാനിച്ചിരിക്കുന്നത്. കാഴ്ച്ചയിൽ ശരിക്കും ആഡംബരത്തം തുളുമ്പുന്ന രൂപമാണ് വണ്ടിക്കുള്ളത്.

വിശാലമായ എയർ ഇൻടേക്കുകളും പുതിയ ഫ്രണ്ട് സ്‌പോയിലറും ഉള്ള അൽപ്പം പരിഷ്‌കരിക്കാരിയായ മുൻവശമാണ് മകാനിലെ ഹൈലൈറ്റ്. എസ്‌യുവിയുടെ അലോയ് വീലുകൾ ഏഴ് വ്യത്യസ്ത ഡിസൈനുകളിലാണ് പോർഷ നൽകുന്നത്. സിഗ്‌നേച്ചർ ഹോറിസോണ്ടൽ സ്ട്രൈപ്പ് ലഭിക്കുന്ന എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തെ ആകർഷണം. ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ മോഡലിന്റെ സ്പോർട്ടിനെസ് വർധിപ്പിക്കുന്നുമുണ്ട്.
ഇന്റീരിയറിലേക്ക് കയറിയാൽ മകാന് ഡാഷ്‌ബോർഡിന്റെ മുകളിൽ നൽകിയിരിക്കുന്ന സിഗ്നേച്ചർ അനലോഗ് ക്ലോക്കിലേക്കാണ് ആദ്യം കണ്ണെത്തുക. അതേസമയം ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡയലുകളുടെ ലേഔട്ടും കിടിലമാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 10.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ആക്റ്റീവ് പാർക്കിംഗ് സപ്പോർട്ട് ഉള്ള പാർക്ക് അസിസ്റ്റ് എന്നിവയാണ് ജർമൻ വാഹനത്തിലെ മറ്റ് ഹൈലൈറ്റുകൾ.
രണ്ട് പെട്രോൾ എഞ്ചിനുകളാണ് പോർഷ മകാന് തുടിപ്പേകുന്നത്. 261 bhp പവറിൽ പരമാവധി 400 Nm torque പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ് സ്റ്റാൻഡേർഡ് പതിപ്പിൽ ലഭിക്കുക. മകാൻ എസ് 2.9 ലിറ്റർ ട്വിൻ-ടർബോ V6 യൂണിറ്റുമായാണ് വിപണിയിലേക്ക് എത്തുന്നത്. ഇതിന് 375 bhp കരുത്തിൽ 520 Nm torque വരെ നൽകാനാവും.
അതേസമയം ടോപ്പ്-സ്പെക്ക് മകാൻ ജിടിഎസ് ഇതേ എഞ്ചിനിൽ നിന്നും 434 bhp, 550 Nm torque എന്നിവയാണ് നൽകുന്നത്. ഏഴ് സ്പീഡ് ഡിസിടി യൂണിറ്റാണ് എല്ലാ വേരിയന്റുകളിലും ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു X4, വോൾവോ XC60, റേഞ്ച് റോവർ വെലാർ എന്നിവയുമായാണ് പോർഷ മകാൻ മത്സരിക്കുന്നത്. മാക്കാൻ എസിന്റെ എക്സ്ഷോറൂം വില 1.43 കോടിയും മാക്കാൻ ജിടി എസിന്റെ 1.53 കോടി രൂപയുമാണ് വരുന്നത്.


Click it and Unblock the Notifications








