സൂപ്പർഹിറ്റായി വിക്രം; ലോകേഷ് കനകരാജിന് രണ്ടരക്കോടിയുടെ കാർ സമ്മാനിച്ച് കമൽഹാസൻ
തിയറ്ററുകളെ ഇളക്കിമറിച്ച് വിക്രം സർവകാല റെക്കോർഡുകൾ വാരികൂട്ടുമ്പോൾ സംവിധായകൻ ലോകേഷ് കനകരാജിന് കിടിലൻ സമ്മാനവുമായി ഉലകനായകൻ കമൽഹാസൻ. ഭാഷകള്‍ക്ക് അതീതമായി ജനങ്ങള്‍ സിനിമയെ ഏറ്റെടുത്തതോടെ ഇന്ത്യയിൽ ചിത്രം ട്രെൻഡ് സെറ്ററായി മാറുകയും ചെയ്‌തു.

സിനിമയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിക്രം സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപ്പെട്ട സമ്മാനം നല്‍കി ആദരിച്ചിരിക്കുകയാണ് കമല്‍ ഹാസല്‍. ടൊയോട്ടയുടെ പ്രീമിയം ബ്രാൻഡായ ലെക്‌സസിന്‍റെ രണ്ടരക്കോടി വില വരുന്ന ആഢംബരക്കാറാണ് ലോകേഷിന് കമൽ സമ്മാനമായി നൽകിയിരിക്കുന്നത്.

ഉലകനായകൻ തന്നെയാണ് വാഹനം ലോകേഷിന് കൈമാറുന്നതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലെക്‌സസിന്റെ ആഡംബര സെഡാന്‍ മോഡലായ ES 300h ആണ് കമല്‍ ഹാസന്‍ ലോകേഷ് കനകരാജിന് സമ്മാനിച്ചിരിക്കുന്നത്. എക്‌സ്‌ക്യുസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കാറിന് ഇന്ത്യയിൽ യഥാക്രമം 56.65 ലക്ഷം രൂപയും 61.85 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ജൂണ്‍ മൂന്നിനാണ് കമല്‍ ഹാസന്റെ വിക്രം തീയേറ്ററുകളില്‍ എത്തിയത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി രൂപ കളക്ഷനും നേടി മുന്നേറുകയാണ്. കേരളത്തില്‍നിന്ന് മാത്രം ഇതിനകം 10 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം ചിത്രം നേടിയത് 34 കോടി രൂപയാണെന്നുമാണ് കണക്കുകൾ.

ശരിക്കും പറഞ്ഞാൽ കമൽഹാസന്റെ ഒരു തിരിച്ചുവരവ് ഒരുക്കിയ ഗംഭീര സിനിമയാണ് വിക്രം. കമല്‍ ഹാസന്റെ രാജ് കമല്‍ ഇന്റര്‍ നാഷ്ണലും സണ്‍ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. ഇനി കാറിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളിൽ നിന്നുള്ള എൻട്രി ലെവൽ മോഡലാണ് ലെക്സസ് ES 300h.

ഇത് ശക്തമായ ഒരു ഹൈബ്രിഡ് സംവിധാനം അവതരിപ്പിക്കുന്ന സെഡാനാണ്. ജാപ്പനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള എൻട്രി ലെവൽ ആഡംബര ഹൈബ്രിഡ് കാർ 2020 ജനുവരി മുതൽ ടൊയോട്ട ഇന്ത്യയുടെ പ്ലാന്റിൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നുമുണ്ട്. കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ വർഷം 2021 ഒക്ടോബറിലാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്.

ഏഴാം തലമുറ ലെക്‌സസ് ES 300h മോഡലിലേക്കുള്ള ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരത്തിൽ മെച്ചപ്പെട്ട ഇന്റീരിയർ, മെച്ചപ്പെടുത്തിയ സവിശേഷതകൾ, മികച്ച റൈഡ് നിലവാരം എന്നിവ ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ ബിഎംഡബ്ല്യു 5 സീരീസ്, ഔഡി A6, മെർസിഡീസ് ബെൻസ് E-ക്ലാസ്, ജാഗ്വർ XF, വോൾവ S90 എന്നിവയുമായാണ് ES 300h സെഡാൻ മത്സരിക്കുന്നത്.

240-വോൾട്ട് ഇലക്ട്രിക് യൂണിറ്റുമായി ജോടിയാക്കിയ 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ES 300h സെഡാന് കരുത്ത് പകരുന്നത്. ഇത് ഒരു ഹൈബ്രിഡ് പവർട്രെയിനാക്കി മാറ്റുന്നു. ഈ സിസ്റ്റത്തിന്റെ സംയോജിത ഔട്ട്പുട്ട് 214 bhp ആണ്. അതേസമയം വാഹനത്തിന് പരമാവധി 221 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

ഓട്ടോമാറ്റിക് ഇലക്‌ട്രോണിക് കൺടിന്യൂവസ് വേരിയബിൾ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഇ-സിവിടി എന്നു വിളിക്കുന്ന ഗിയർബോക്‌സ് സംവിധാനവുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 2021 ലെക്‌സസ് ES 300h-ൽ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്‌ത സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത ഡ്യുവൽ-ടോൺ ഡാർക്ക് ഗ്രേ മെറ്റാലിക് 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

സോണിക് ഇറിഡിയം, സോണിക് ക്രോം എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും ലെക്സസ് ES 300h സെഡാൻ സ്വന്തമാക്കാം. അകത്തളത്തിലേക്ക് നോക്കിയാൽ ലക്ഷ്വറി സെഡാൻ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് പ്രീമിയം ആകർഷണം വർദ്ധിപ്പിക്കുന്നതിന് അപ്ഹോൾസ്റ്ററിക്ക് ഓപ്പൺ-പോർ ഫിനിഷുള്ള ഒരു വാൽനട്ടിലാണ് പൂർത്തിയാക്കിയിരിക്കുന്നതും.

ലെക്സസ് ഹീറ്റഡ് വെന്റിലേഷൻ ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ മാത്രമല്ല, പിൻ സീറ്റുകൾക്ക് ഇലക്ട്രിക് അസിസ്റ്റും ഹീറ്റിംഗ് ഫീച്ചറുകളും നൽകിയിട്ടുണ്ട്. പത്ത് എയർബാഗുകൾ, ഓട്ടോ ലൊക്കേഷനോടുകൂടിയ ടയർ പ്രഷർ മോണിറ്ററിംഗ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ISOFIX മൗണ്ടുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകൾ.

കൂടാതെ 17 സ്പീക്കർ മാർക്ക് ലെവിൻസൺ സറൗണ്ട് സൗണ്ട് സിസ്റ്റം, പിൻ വിൻഡോകൾക്കുള്ള സൺ ബ്ലൈന്റുകൾ, നാനോഎക്‌സ് എയർ പ്യൂരിഫയർ ഉള്ള ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, കളർ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പാഡിൽ ഷിഫ്റ്ററുകൾ, സ്റ്റിയറിങ്ങിനുള്ള ഇലക്ട്രിക് അസിസ്റ്റ്, വയർലെസ് ചാർജിംഗ് പാഡ്, എൽഇഡി ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് ലെക്‌സസ് ലക്ഷ്വറി സെഡാനിലെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications








