അഭിനയിക്കുന്ന പടങ്ങളെല്ലാം പൊട്ടുന്നത് 8 നിലയിൽ, എന്നിട്ടും 'ഈ സുന്ദരി' വാങ്ങുന്നത് കോടികളുടെ ആഡംബര കാറുകൾ
യുവാക്കൾക്കിടയിൽ ഏറെ ഫാൻസുള്ളൊരു ബോളിവുഡി നടിയാണ് ദിഷ പതാനി. ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക്കായ എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരത്തിന് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ല. അഭിനയത്തോടൊപ്പം തന്നെ ഫിറ്റ്‌നസിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ദിഷ പലരുടേയും സ്വപ്‌ന സുന്ദരി കൂടിയാണ്. 2015-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ലോഫറായിരുന്നു നടിയുടെ അരങ്ങേറ്റ ചിത്രമെങ്കിലും ഭാഗ്യം തെളിഞ്ഞത് ഹിന്ദിയിലൂടെയായിരുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഒരുമടിയും കാണിക്കാത്ത താരം ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്.
പക്ഷേ എംഎസ് ധോണി എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരുടെ മനസിൽ കാര്യമായി ഓർത്തിരിക്കുന്ന കഥാപാത്രങ്ങളൊന്നും ദിഷക്ക് ചെയ്യാനായിട്ടില്ലെന്നാണ് വിമർശകരുടെ പക്ഷം. ഹിന്ദിക്ക് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുള്ള ദിഷ പതാനി ഭാഗ്യമില്ലാത്ത നടിയാണെന്ന് തെളിയിക്കുന്നതായിരുന്നു അടുത്തിടെ 300 കോടി മുടക്കി എടുത്ത കങ്കുവയുടെ പരാജയം. സൂര്യയുടെ നായികയായി എത്തിയ ദിഷയുടെ കരിയറിലെ ഏറ്റവും വലിയ ഫ്ലോപ്പ് ചിത്രങ്ങളിൽ ഒന്നായി വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം.

എന്തായാലും 5 കോടി രൂപയോളമാണ് കങ്കുവയിൽ അഭിനയിക്കാൻ ദിഷ പതാനി കൈപ്പറ്റിയിരിക്കുന്നതെന്നാണ് വിവരം. ഇപ്പോഴിതാ നടി അടുത്തിടെ ഒരു പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിൽ വന്നിറങ്ങിയ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. താരത്തിനേക്കാൾ ആരാധകരുടെ കണ്ണ് വണ്ടിയിലാണ് ഉടക്കിയിരിക്കുന്നതും. കസ്റ്റം ഗ്രേ കളർ ഓപ്ഷനിൽ പണികഴിപ്പിച്ച ലക്ഷ്വറി എസ്‌യുവി അടുത്തിടെ താരം സ്വന്തമാക്കിയതാണ്.
ഏകദേശം 3.06 കോടി രൂപയോളം വില വരുന്ന കാറാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. കങ്കുവ അതിൻ്റെ നിർമാതാവിന് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെങ്കിലും ദിഷ പതാനിക്ക് അതൊരു ഭാഗ്യ ചിത്രമായിരുന്നുവെന്ന് വേണം പറയാൻ. 350 കോടി ബജറ്റുണ്ടായിരുന്ന പടത്തിന് ബോക്സ് ഓഫീസിൽ നിന്നും മറ്റ് സ്ട്രീമുകളിൽ നിന്നും മൊത്തം 106.25 കോടി രൂപ കളക്ഷൻ മാത്രമേ നേടാനായുള്ളൂ.

എന്തായാലും തന്റെ അഭിരുചിക്ക് അനുസരിച്ച് പുതിയ ലക്ഷ്വറി എസ്‌യുവിയെ കസ്റ്റമൈസ് ചെയ്‌താണ് താരം പുറത്തിറക്കിയിരിക്കുന്നത്. കൂടുതൽ ആളുകൾക്ക് കയറാവുന്ന ലോംഗ് വീൽബേസ് മോഡലാണ് ദിഷ പതാനിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 394 bhp കരുത്തിൽ പരമാവധി 550 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 3.0 ലിറ്റർ (P400) MHEV ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിൻ്റെ ഹൃദയം.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാൻ ദിഷ പതാനിയുടെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എസ്‌യുവിക്ക് സാധിക്കും. അതേസമയം വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 242 കിലോമീറ്ററാണെന്നും റിപ്പോർട്ടുകളുണ്ട്. കസ്റ്റമൈസ് ചെയ്‌തിരിക്കുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ അകത്തളത്തിന് കാരവേ കളർവേയാണ് നടി തെരഞ്ഞെടുത്തിരിക്കുന്നതും.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്ന അത്യാഡംബര വാഹനം ബോളിവുഡ് താരങ്ങളുടെ പ്രിയ വാഹനങ്ങളിൽ ഒന്നാണ്. രൺബീർ കപൂർ, ആലിയ ഭട്ട്, സോനം കപൂർ, പൂജ ഹെഗ്‌ഡെ തുടങ്ങിയ അഭിനേതാക്കളും ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ ബോബി ഡിയോൾ, കത്രീന കൈഫ്, അനിൽ കപൂർ എന്നിവരും ഇതേ എസ്‌യുവി തങ്ങളുടെ പോർച്ചിൽ എത്തിച്ചവരാണ്. പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി കൂടാതെ ദിഷയുടെ ഗരാജിൽ മറ്റനവധി ലക്ഷ്വറി കാറുകളുമുണ്ട് കേട്ടോ.
2019 മോഡൽ റേഞ്ച് റോവർ സ്‌പോർട്ട് HSE എസ്‌യുവി, മെർസിഡീസ് ബെൻസ് S450, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ മോഡലുകളാണ് ഗ്ലാമർ താരത്തിന്റെ പോർച്ചിലുള്ള മറ്റ് വാഹനങ്ങൾ. ബ്ലാക്ക് സഫയർ മെറ്റാലിക് ഷേഡിൽ പണികഴിപ്പിച്ചിരിക്കുന്ന 7 സീരീസ് താരം അടുത്തിടെ വാങ്ങിയതാണ്. വെറും 500 രൂപ കയ്യിൽ കരുതി മുംബൈയിൽ വന്നിറങ്ങിയ നടിക്ക് ഇപ്പോൾ ഏകദേശം 75 കോടിയോളം വരുന്ന ആസ്തിയുണ്ടെന്നാണ് വിവരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications







