അന്ന് അച്ഛന്റെ കാർ വിറ്റത് കണ്ണീരോടെ, വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് പ്രീമിയം എസ്‌യുവി വാങ്ങി അയലത്തെ സുന്ദരി
കെജിഎഫ് (KGF) എന്നൊരു ഒറ്റ സിനിമകൊണ്ട് പാൻഇന്ത്യൻ റീച്ച് കിട്ടിയ കന്നഡ ഇൻഡസ്ട്രിയെ ഇന്ന് രാജ്യം മുഴുവൻ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാൽ ഇവിടുത്തെ സിനിമയ്ക്കും ടെലിവിഷൻ സീരീയലുകളുമെല്ലാം മലയാളികൾ പോലും കാണാൻ തുടങ്ങിയിട്ടുണ്ടെന്ന് വേണം പറയാൻ. നമ്മുടെ സ്വന്തം അയൽക്കാരെ സ്നേഹിക്കുന്നതിൽ കേരളീയർക്കുള്ള വിശാല മനസ് ഒന്ന് വേറെ തന്നെയാണല്ലോ. അങ്ങനെ മിനിസിക്രീനിൽ പലരും കണ്ടിട്ടുള്ള മുഖമാവും
ഐശ്വര്യ സിന്ധോഗിയുടേത് (Aishwarya Shindogi). ബിഗ് ബോസ് കന്നഡ (Bigg Boss Kannada) പതിനൊന്നാം സീസണിലെ മത്സരാർഥി കൂടിയായിരുന്നു ഈ സുന്ദരി.
നാഗിനി 2, മംഗള ഗൗരി സമാധി, നമ്മ ലച്ചി തുടങ്ങിയ സീരിയലുകളിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി ഐശ്വര്യ മാറുന്നത്. സിംഹാദ്രി, സംയുക്ത 2, ഡാർക്ക്, സൈതാൻ എന്നിവയുൾപ്പെടെ വിവിധ ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള നടി സോഷ്യൽ മീഡിയയിലും സജീവമാണ് കേട്ടോ. ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് വ്ലോഗിംഗിലൂടെയാണ് ഐശ്വര്യ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഐശ്വര്യ സിന്ധഗി. മറ്റൊന്നുമല്ല, വീട്ടിലേക്ക് പുത്തനൊരു എസ്‌യുവി വാങ്ങിയിരിക്കുകയാണ് താരം. പുതിയ വാഹനത്തിന്റെ വിശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് നടി പങ്കുവെച്ചിരിക്കുന്നത്. അച്ഛനും സുഹൃത്തുകൾക്കുമൊപ്പം എത്തിയാണ് പുതിയ കാറിന്റെ ഡെലിവറിയെടുത്തിരിക്കുന്നത്. കൂടെ വൈകാരികമായൊരു കുറിപ്പും നടി എഴുതിയിട്ടുണ്ട്.
മുമ്പ് അച്ഛന്റെ കാർ വിറ്റത് കണ്ണീരോടെയാണ് നോക്കിനിന്നതെന്നും അന്ന് മനസിൽ ഉറപ്പിച്ച തീരുമാനമായിരുന്നു എന്നെങ്കിലും വീട്ടിലേക്ക് പുതിയ വാഹനം വാങ്ങിക്കൊടുക്കുമെന്നത്. എന്തായാലും വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് പുതുപുത്തൻ പ്രീമിയം എസ്‌യുവി വാങ്ങിക്കാനായ സന്തോഷത്തിലാണ് അയലത്തെ സുന്ദരി. എംജി മോട്ടോർസിന്റെ ഇന്ത്യയിലെ ആദ്യത്തെ മോഡലായ ഹെക്‌ടർ എസ്‌യുവിയാണ് ഐശ്വര്യ സ്വന്തമാക്കിയിരിക്കുന്നത്.

തൂവെള്ളക്കളറിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന തന്റെ വാഹനത്തിന് സ്നോ വൈറ്റ് എന്ന പേരും നടി സമ്മാനിച്ചിട്ടുണ്ട്. ഒന്നാന്തരം ഫീച്ചറുകളും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമെല്ലാമായി ഹെക്‌ടർ സെലിബ്രിറ്റികൾക്കെല്ലാം ഇഷ്‌ടമുള്ള മോഡലുകളിൽ ഒന്നാണ്. നിലവിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെ വരുന്ന എസ്‌യുവിയുടെ ഏത് വേരിയന്റാണ് നടി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.
എങ്കിലും ടോപ്പ് എൻഡ് പെട്രോൾ, ഓട്ടോമാറ്റിക്കാവാനാണ് സാധ്യത. കാരണം ഡീസലിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് എംജി ഹെക്‌ടർ വാഗ്‌ദാനം ചെയ്യുന്നത്. . 1.5 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ടർബോ പെട്രോൾ വേരിയൻ്റ് 142 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം എംജി ഹെക്‌റിലെ ഡീസൽ എഞ്ചിൻ 168 bhp പവറിൽ 350 Nm ടോർക്കും വരെ നൽകാനും കഴിവുള്ളതാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേണ്ടവർക്ക് പെട്രോൾ മോഡൽ തന്നെ വാങ്ങേണ്ടി വരും. 2019-ലാണ് ഇന്ത്യയിൽ ഹെക്ടർ അവതരിപ്പിക്കുന്നത്. ഹാലോൾ പ്ലാന്റിൽ പ്രാദേശികമായി നിർമിക്കുന്ന വാഹനം നിർമാണ നിലവാരത്തിലും സേഫ്റ്റിയിലുമെല്ലാം ബഹുകേമൻ തന്നെയാണ്.
പനോരമിക് സൺറൂഫ്, 70-ലധികം ഇൻ-കാർ കണക്റ്റഡ് സാങ്കേതികവിദ്യയുള്ള 14 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ സ്റ്റിയറിംഗ് വീൽ, ഓൾ-ബ്ലാക്ക് ഇൻ്റീരിയർ ക്യാബിൻ, സ്മാർട്ട് കീയുള്ള പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, കൂടാതെ സെഗ്‌മെൻ്റിലെ ആദ്യ ഡിജിറ്റൽ ബ്ലൂടൂത്ത് കീ, സ്റ്റീല്‍ ബോഡി, 360 ഡിഗ്രി ക്യാമറ, ADAS തുടങ്ങിയ സവിശേഷതകളോടെയാണ് എംജി ഹെക്‌ടർ എസ്‌യുവി വിപണനത്തിന് എത്തുന്നത്.

ഒപ്പം 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും എംജി ഹെക്‌ടർ എസ്‌യുവിക്ക് അകമ്പടിയേകുന്നുണ്ട്. സ്റ്റാൻഡേർഡായി ലഭിക്കുന്ന 3 വർഷത്തെ പ്ലാനിന് പുറമേ പുതിയ ഹെക്‌ടർ ഉപഭോക്താക്കൾക്ക് 2 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ അധിക വാറണ്ടി കവറേജും ഇപ്പോൾ ലഭിക്കുന്നുണ്ട്.
ഇതിനുപുറമെ വാഹനം വാങ്ങുന്നവർക്ക് 2 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും ലഭിക്കും. ഇതുവഴി ആദ്യ ദിവസം മുതൽ 5 വർഷത്തെ തടസരഹിത ഉടമസ്ഥാവകാശ അനുഭവം ഫലപ്രദമായി ഉറപ്പാക്കുന്നു. അടുത്തിടെ വിൽപ്പന കൂട്ടാനായി ഹെക്‌ടർ എസ്‌യുവിയിൽ മിഡ്‌നൈറ്റ് കാർണിവൽ എന്നൊരു ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഈ പ്രത്യേക പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് 4 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.


Click it and Unblock the Notifications








