മുടക്കിയത് 2.48 കോടി രൂപ, ഈച്ചയിലെ വില്ലന് ജർമനിയിൽ നിന്നും സൂപ്പർകാർ; വീഡിയോ വൈറൽ
കന്നഡ സിനിമയെന്ന് കേൾക്കുമ്പോൾ ഇപ്പോൾ നമുക്ക് ആദ്യം ഓർമ വരുന്നത് കെജിഎഫും ചാർലിയും കാന്താര പോലുള്ള ചിത്രങ്ങളാവും അല്ലേ. മാസ് ആക്ഷൻ പടമായ കെജിഎഫിലൂടെ യാഷ് മലയാളികളിലേക്ക് അടുക്കുന്നതിനു വളരെക്കാലം മുമ്പ് തന്നെ നമ്മുടെ മനസിൽ കയറിപ്പറ്റിയ കന്നഡ സിനിമാ താരമാണ് കിച്ച സുദീപ്. തെലുങ്ക് ചിത്രം ഈഗയിലെ (ഈച്ച) വില്ലൻ വേഷത്തിലൂടെയാണ് മലയാളികൾക്കുൾപ്പെടെ കിച്ച സുപരിചിതനാകുന്നത്.
എസ്എസ് രാജമൗലി ചിത്രത്തിൽ വില്ലനിസത്തിന്റെ അങ്ങേയറ്റം പുറത്തെടുത്ത താരം തകർപ്പൻ പെർഫോമൻസാണ് ഈച്ചയിലൂടെ കാഴ്ച്ചവെച്ചത്. പിന്നീട് മലയാളികളും ശ്രദ്ധിക്കാൻ തുടങ്ങിയ താരം ബാഹുബലിയിലും പ്രത്യക്ഷപ്പെട്ടിരുന്നു. നടൻ എന്നതിന് പുറമെ അവതാരകൻ, സംവിധാനം, തിരക്കഥ തുടങ്ങിയ മേഖലകളിലും സുദീപ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിച്ച സുദീപ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും വാർത്തയിൽ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ ജീവിതത്തിലേക്ക് ഒരു സന്തോഷം കടന്നുവന്ന വാർത്തയാണ് പുറത്തുവരുന്നത്. തന്റെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര സ്പോർട്‌സ് കാർ സ്വന്തമാക്കിയിരിക്കുകയാണ് കിച്ച സുദീപ്. 2.03 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന പോർഷ പനമേര ജിടിഎസ് എന്ന കാറാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. സാറ്റിൻ ബ്ലൂ കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ നാല് ഡോർ പെർഫോമൻസ് കൂപ്പെ താരം ഓടിച്ചുകൊണ്ടുവരുന്ന വീഡിയോയും ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലായിട്ടുണ്ട്.
2.03 കോടിയാണ് എക്സ്ഷോറൂം വിലയെങ്കിലും 2.48 കോടി രൂപയോളമാണ് പോർഷ പനമേര ജിടിഎസ് ലക്ഷ്വറി കാറിനായി ബെംഗളൂരുവിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതായത് ഏകദേശം 48 ലക്ഷം രൂപയോളമാണ് കാറിന് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി അധികം മുടക്കേണ്ടി വരുന്ന തുക. പോർഷ കാറുകൾക്ക് പൊതുവായുള്ള ഐക്കണിക് സ്റ്റൈലിംഗ് തന്നെയാണ് കിച്ചയുടെ പുത്തൻ മോഡലും നിലനിർത്തിയിരിക്കുന്നത്.

എന്നാൽ ഈ ആഡംബര കാറിന് രണ്ട് അധിക ഡോറുകളുള്ളത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. നീളമുള്ള വീൽബേസ് ഇന്റീരിയറിൽ ധാരാളം സ്പേസ് സ്വതന്ത്രമാക്കുമ്പോൾ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് കൂപ്പെ രൂപം പോർഷ പനമേര ജിടിഎസിന്റെ ഹൈലൈറ്റായി പറയാം. ഷോർട്ട് ഓവർഹാംഗുകൾ പ്രായോഗികതയിലോ ആഡംബരത്തിലോ വിട്ടുവീഴ്ച്ച ചെയ്യാതെയാണ് നേടിയെടുത്തിരിക്കുന്നത്
പുതിയ പനമേരയിൽ 20 അല്ലെങ്കിൽ 21 ഇഞ്ച് അലോയ് വീലുകളും പോർഷ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേക അലോയ് വീലുകൾ, സ്‌പോർട്ടിയർ ലുക്കിനായി ഫ്രണ്ട് അപ്രോണിലെ മാറ്റങ്ങൾ, എക്‌സ്‌ക്ലൂസീവ് ഡിസൈൻ ടെയിൽ ലൈറ്റുകൾ, മുൻ ഡോറുകളിലെ ജിടിഎസ് ലോഗോകൾ എന്നിവ ഉപയോഗിച്ച് പനമേര ജിടിഎസ് കൂടുതൽ വ്യത്യസ്തമാക്കാം. മോഡലിന് മാട്രിക്സ് പ്രവർത്തനക്ഷമതയുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഓപ്ഷണലായി ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

അതേസമയം പോർഷ ഡൈനാമിക് ലൈറ്റ് സിസ്റ്റം പ്ലസും കസ്റ്റമൈസായി ചെയ്തെടുക്കാം. കൂടാതെ അഡാപ്റ്റീവ് റിയർ സ്‌പോയിലർ ജിടിഎസിൽ രണ്ടായി വിഭജിക്കുകയും വിശാലമാവുകയും ചെയ്യുന്ന സ്റ്റൈലിംഗും ആഡംബരം ഉണർത്തുന്ന കാര്യമാണ്. പെർഫോമൻസ് കാറായതിനാൽ തന്നെ 10 മില്ലീമീറ്ററോളം താഴ്ത്താവുന്ന സ്പോർട്സ് സസ്പെൻഷനും പോർഷ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഇനി അകത്തളത്തിലേക്ക് കയറിയാൽ ക്യാബിൻ അൽകന്റാര ലെതറിനൊപ്പം ആഡംബര പൂർണമാണ്. കൂടാതെ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും കാറിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് സ്‌പോർട്‌സ് സീറ്റുകൾ, ബ്ലാക്ക് ആനോഡൈസ് ചെയ്‌ത ഡോർ സില്ലുകളുള്ള ബ്രഷ്ഡ് അലുമിനിയം, അൽകന്റാര ലെതർ സ്റ്റിയറിംഗ് വീൽ എന്നിവയും കിച്ച സുദീപിന്റെ പോർഷ പനമേര ജിടിഎസിലുണ്ട്. വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും പ്രീമിയം ഫീലിനായി നൽകിയിട്ടുണ്ട്.
473 bhp കരുത്തിൽ പരമാവധി 620 Nm torque വരെ നൽകുന്ന 4.0 ലിറ്റർ ട്വിൻ ടർബോ V8 എഞ്ചിനാണ് പോർഷ പനമേര ജിടിഎസ് സ്പോർട്സ് കാറിന് തുടിപ്പേകുന്നത്. സ്‌പോർട് ക്രോണോ പാക്കേജ് ഉപയോഗിച്ച് 3.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഫോർ-ഡോർ കൂപ്പെയ്ക്ക് കഴിയും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 300 കിലോമീറ്ററായി ഇലക്ട്രോണിക് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
വേഗമേറിയതിന് പുറമെ ഉടമകൾക്ക് സൗകര്യപ്രദവും സുഖപ്രദവുമായ പിൻസീറ്റുകൾ വാഗ്‌ദാനം ചെയ്യുന്ന കൂടുതൽ പ്രാക്‌ടിക്കലായ വാഹനമായാണ് കണക്കാക്കപ്പെടുന്നതു തന്നെ. പുതിയ ജർമൻ സ്പോർട് കാറിന് പുറമെ ബിഎംഡബ്ല്യു M5 കോംപറ്റീഷൻ, ടൊയോട്ട വെൽഫയർ, വോൾവോ XC90 എസ്‌യുവി പോലുള്ള വമ്പൻ ലക്ഷ്വറി കാറുകളാണ് കിച്ച സുദീപിന്റെ ഗരാജിലുള്ളത്.


Click it and Unblock the Notifications








