ടിവി സീരീയലുകളിലൂടെ മനംകവർന്നു, ലക്ഷങ്ങൾ പൊടിച്ച് പുത്തൻ കാർ വാങ്ങി അയലത്തെ സുന്ദരിയും ഭർത്താവും
കെജിഎഫിന് ശേഷം സിനിമ പ്രേമികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് കന്നഡ സിനിമകൾ. കെജിഎഫിന് ശേഷം 777 ചാർളിയും കാന്തരയ്ക്കും സലാറിനും പോലെയുള്ള സാൻഡൽവുഡ് പടങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് കേരളത്തിൽ വരെ ലഭിച്ചത്. സിനിമാ താരങ്ങൾക്ക് മാത്രമല്ല കേട്ടോ മിനിസ്ക്രീനിലും കന്നഡ സീരിയലുകൾക്ക് വരെ ഇപ്പോൾ ഫാൻസുണ്ട്. മലയാളികളെ പോലെ തന്നെ സീരിയലുകൾക്ക് ഏറെ ആരാധകരുള്ള നാടാണത്. മല്ലൂസിന് അത്ര പിടിയില്ലെങ്കിലും ചില നടിമാർക്കും ഇവിടെ നടൻമാരെ പോലെ തന്നെ വലിയ ഫാൻസ് അസോസിയേഷനൊക്കെ ഉണ്ട്. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രശ്മി പ്രഭാകർ.
കളേഴ്‌സ് കന്നഡ ചാനലിലെ ലക്ഷ്മി ബാരമ്മ സീരിയലിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി രശ്മി പ്രഭാകർ തിളങ്ങുന്നത്. കന്നഡയിൽ മാത്രമല്ല തെലുങ്ക് പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് കക്ഷി. അവിടെ ബൊമ്മരിലു എന്ന സീരിയലിൽ നെഗറ്റീവ് റോളിലാണ് രശ്മി തകർക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് ടെലിവിഷൻ സുന്ദരി.

മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ് രശ്മി പ്രഭാകർ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കരുത്തൻ വാഹനമായ XUV700 എസ്‌യുവിയാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്. രശ്മിയും ഭർത്താവും പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പുത്തൻ കൂട്ടുകാരനെ കൂടെക്കൂട്ടാനായി മുഴുവൻ കുടുംബവുമായിട്ടാണ് ഇരുവരും ഡീലർഷിപ്പിൽ എത്തിയത്.
അമ്മയെ ഡ്രൈവിംഗ് സീറ്റിൽ കയറ്റി ഇരുത്തുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. XUV700 എസ്‌യുവിയുടെ ബ്രൌൺ നിറത്തിലുള്ള മോഡലാണ് തെരഞ്ഞെടുത്തിരിക്കുന്നതും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലായി എത്തുന്ന വാഹനത്തിന്റെ ഏത് വേരിയന്റാണ് കന്നഡ താരം രശ്മി പ്രഭാകർ വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. 17.71 ലക്ഷം മുതൽ 32.75 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിക്ക് ബെംഗളൂരുവിൽ വരുന്ന ഓൺ-റോഡ് വില.

മിക്കവാറും എല്ലാ ഫീച്ചറുകളുടെ അകമ്പടിയുമുള്ള ടോപ്പ് എൻഡ് വേരിയന്റ് തന്നെയായിരിക്കും നടി സ്വന്തമാക്കിയിട്ടുണ്ടാവുക. 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിലും മഹീന്ദ്രയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാനാവും. മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ച XUV700 ഫീച്ചറുകളാൽ സമ്പന്നമാണെന്നതിന് പുറമെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.
ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനും 5 സീറ്റർ, 7 സീറ്റർ കോൺഫിഗറേഷൻ എന്നിവയെല്ലാമുള്ള ഇത്രയും പ്രായോഗികമായ എസ്‌യുവി വേറെയുണ്ടോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും ചൈൽഡ് സേഫ്റ്റിയിൽ 4-സ്റ്റാർ റേറ്റിംഗുമാണ് XUV700 മോഡലിന് സ്വന്തമാക്കാനായത്. സേഫ്റ്റി ഫീച്ചേഴ്‌സിലേക്ക് വന്നാൽ ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

മറ്റ് ഫീച്ചറുകളിലേക്ക് വന്നാൽ ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവ പോലുള്ള കിടിലൻ സവിശേഷതകളാൽ മഹീന്ദ്ര XUV700 സമ്പന്നമാണ്.
2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വണ്ടി വാങ്ങാനും പറ്റും. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് തെരഞ്ഞെടുക്കാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് വാഹനം പണികഴിച്ചിരിക്കുന്നത് കേട്ടോ.


Click it and Unblock the Notifications








