‘കരിക്കി’ലെ ഡെയ്‌സിയുടെ ജീവിതത്തിലെ പുതിയ കൂട്ടുകാരൻ, എംജിയുടെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങിച്ച് നിലീൻ
മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള യൂട്യൂബ് വെബ് സീരീസാണ് കരിക്ക് (Youtube Web Series Karikku). സിനിമയിലെ നടീനടൻമാരെ പോലെ തന്നെ ഫാൻസ് കരിക്കിലെ താരങ്ങൾക്കുമുണ്ട്. സാമർഥ്യശാസ്ത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറി നടിയാണ് നിലീന്‍ സാന്ദ്ര. റോക്ക് പേപ്പർ സിസേഴ്സ്, സാമർഥ്യശാസ്ത്രം എന്നീ വെബ് സീരീസുകൾ എഴുതിയതും പുള്ളിക്കാരിയാണ്. കരിക്കാണ് നിലീന് കരിയറിൽ ബ്രേക്ക്ത്രൂ നൽകിയതെങ്കിലും നിലവിൽ വെള്ളിത്തിരയിലെ തിരക്കുള്ള നടി കൂടിയാണ് കക്ഷി. 2018, ആവാസവ്യൂഹം എന്നിവയാണ് കരിക്ക് വളർത്തിയ നടിയുടെ സിനിമകളായി എടുത്ത് പറയാനാവുന്നത്.
ഇനിയുള്ള യാത്രകൾക്കായി നിലീന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, എംജിയുടെ ഇലക്ട്രിക് സിയുവിയായ വിൻഡ്‌സർ ഇവിയാണ് നീലിനൊപ്പം വീട്ടിലേക്ക് എത്തിയിരിക്കുന്നത്. താരം പുത്തൻ വാഹനം വാങ്ങിയ വിവരം തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്റെ പുതിയ കാർ കിട്ടി, പ്രപഞ്ചമേ നന്ദി എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം എത്തിയാണ് വിൻഡ്‌സർ ഇവിയുടെ താക്കോൽ നിലീൻ ഏറ്റുവാങ്ങിയത്. ഒപ്പം വണ്ടി പള്ളിയിൽ കൊണ്ടുപോയി വെഞ്ചരിക്കുന്നതും വീഡിയോയിൽ കാണാം. ഇലക്ട്രിക് എസ്‌യുവിക്ക് സ്പോർട്ടി ലുക്ക് നൽകുന്ന ബ്ലാക്ക് കളർ ഓപ്ഷനാണ് കരിക്ക് താരം തെരഞ്ഞെടുത്തിരിക്കുന്നതും. പക്ഷേ ഏത് വേരിയന്റാണെന്ന കാര്യം വ്യക്തമല്ല. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ എംജിയുടെ ഇവി സൂപ്പർ ഹിറ്റാണ്.
വിപണിയിലെത്തിയ ആദ്യനാളുകളിൽ 38 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലാണ് ഇന്ത്യയുടെ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനം പുറത്തിറക്കിയതെങ്കിൽ പിന്നീട് 2025 മെയ് മാസത്തിൽ വലിയ 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കിൽ വിൻഡ്‌സർ പ്രോ മോഡലും വിപണിയിലെത്തി. എംജി വിൻഡ്‌സർ ഇവിയുടെ എക്സ്ഷോറൂം വില നിലവിൽ 14 ലക്ഷം മുതൽ 18.31 ലക്ഷം രൂപ വരെയാണ് വരുന്നത്.

ഇത്രയും പണം മുടക്കാനില്ലാത്തവർക്ക് ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനോടുകൂടി വിൻഡ്‌സർ വീട്ടിലെത്തിക്കാനാവും. ബാറ്ററി സ്വന്തമായി വാങ്ങുന്നതിന് പകരം വാഹനത്തിലെ ബാറ്ററി പായ്ക്ക് വാടകയ്ക്ക് എടുക്കുന്ന സംവിധാനമാണിത്. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3 രൂപ 50 പൈസ നൽകിയാൽ മതിയാവും. ബാറ്ററി-ആസ്-എ-സർവീസ് വഴി എംജി വിൻഡ്‌സർ ഇവി വാങ്ങുമ്പോൾ 10 ലക്ഷം മുതൽ 13.10 ലക്ഷം വരെയാണ് വില വരുന്നത്.
എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ്, എസെൻസ് പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇലക്ട്രിക് ക്രോസ്ഓവർ വാഹനം വിപണിയിൽ എത്തുന്നത്. ഈ വർഷം ജൂണിൽ പുറത്തിറക്കിയ വിൻഡ്‌സർ ഇവി പ്രോയിൽ സ്റ്റാൻഡേർഡ് വേരിയന്റുകളിലെ 38kWh യൂണിറ്റിന് പകരമായി വലിയ 52.9kWh ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പ്രോ മോഡലിന് സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുക.

7.4kWh AC ചാർജർ ഒരുക്കിയിരിക്കുന്നതിനാൽ ചാർജിംഗിനെ സംബന്ധിച്ചിടത്തോളവും തലവേദനയോ ആശങ്കകളോ ഒന്നും വേണ്ട. ഇതുവഴി ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക. എന്നാൽ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗും പ്രോയ്ക്കൊപ്പം വരുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളെല്ലാം നിലീൻ സാന്ദ്ര വാങ്ങിയ എംജി വിൻഡ്‌സർ ഇവിയിൽ കിട്ടും.

വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷതയും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും വിൻഡ്‌സർ പ്രോ വേരിയന്റിലുണ്ട്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇലക്ട്രിക് കാറിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ യാത്രാ സുഖമാണ് എംജിയുടെ ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ യാത്രകൾ ആഡംബരമാവും.


Click it and Unblock the Notifications








