ബെൽറ്റിട്ട് മതി ഇനി യാത്ര, പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കാനുള്ള ഉത്തരവുമായി കർണാടകയും
പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കുന്ന ഏറ്റവും പുതിയ സംസ്ഥാനമായി കർണാടക. നാല് ചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ കനത്ത പിഴ ഒഴിവാക്കുന്നതിന് ഇനി മുതൽ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന ഉത്തരവ് കർണാക പൊലീസാണ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നതോടെ എല്ലാവർക്കും നിയമം നിർബന്ധമാകുമെന്നും പൊലീസ് പ്രസ്‌താവനയിലൂടെ അറിയിച്ചു. ട്രാഫിക് നിയമം ലംഘിക്കുന്നവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കും. കർണാടക പൊലീസ് പുറപ്പെടുവിച്ച ഉത്തരവിൽ നിയമം കർശനമായി നടപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്‌യുവികൾ, എംയുവികൾ, ഹാച്ച്ബാക്കുകൾ, സെഡാനുകൾ എന്നിവ ഉൾപ്പെടുന്ന M1 എന്ന് തരംതിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കാറുകൾക്കുള്ളിൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കഴിഞ്ഞ മാസം അയച്ച കത്തിന് പിന്നാലെയാണ് അഡീഷണൽ ഡയറക്ടർ ജനറൽ (റോഡ് സേഫ്റ്റി) ആർ ഹിതേന്ദ്ര പുറപ്പെടുവിച്ച ഉത്തരവ്.

വാഹനങ്ങളുടെ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് പ്രത്യേകം ഓർമിപ്പിക്കേണ്ട കാര്യമല്ലെന്നും പിഴ ഈടാക്കുന്ന കുറ്റമാണെന്നും മോട്ടോർ വാഹന നിയമം 2019 വ്യക്തമായി പ്രതിപാദിക്കുന്നു.

ടാറ്റ മോട്ടോർസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്‌ത്രി മഹാരാഷ്ട്രയിലെ പാൽഘറിനടുത്ത് വാഹനാപകടത്തിൽ മരിച്ചതിന് ശേഷമാണ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) കത്ത് പുറത്തുവന്നത്.

പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള മിസ്ത്രിയുടെ അറിവില്ലായ്മയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് അപകടത്തെക്കുറിച്ചുള്ള അന്വേഷണം ചൂണ്ടിക്കാണിച്ചു.

അന്നു മുതൽ റോഡ് സുരക്ഷയും വാഹനങ്ങൾക്കുള്ളിലെ സുരക്ഷയും ചർച്ചാവിഷയമാവുകയും തുടർന്ന് നിയമം കർശനമായി നടപ്പാക്കാനുള്ള അത്തരം ഉത്തരവുകൾ വിവിധ സംസ്ഥാനങ്ങൾ സ്വീകരിക്കുകയും ചെയ്‌തു വരികയാണ്.

പിൻസീറ്റ് ബെൽറ്റ് നിയമം ട്രാഫിക് നിയമങ്ങളുടെ ഭാഗമാണെങ്കിലും, പലപ്പോഴും റോഡിലെ മറ്റ് ചില നിയമങ്ങൾ പോലെ കർശനമായി നടപ്പാക്കപ്പെടുന്നില്ലെന്നതാണ് ഇന്ത്യയിലെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. അടുത്തിടെ മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങൾ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിയമം നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.

നവംബർ ഒന്നു മുതൽ മുംബൈ നഗരപരിധിയിൽ നിയമം കർശനമായി നടപ്പാക്കും. സൈറസ് മിസ്ത്രിയുടെ മരണത്തിന് ശേഷം സുരക്ഷാ ആശങ്കകൾ ഉയർന്നപ്പോൾ ട്രാഫിക് നിയമം കർശനമായി നടപ്പിലാക്കിയ ആദ്യ നഗരങ്ങളിലൊന്നാണ് ഡൽഹി. അറിയിപ്പ് അനുസരിച്ച്, സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹന ഉടമകൾ ഈ സമയപരിധിക്ക് മുമ്പ് സീറ്റ് ബെൽറ്റുകൾ കാറിൽ ഘടിപ്പിക്കേണ്ടതുണ്ട്.

സീറ്റ് ബെൽറ്റ് ധരിക്കാത്ത പക്ഷം മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമം 2019-ലെ സെക്ഷൻ 194(ബി)(1) പ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസിൽ പറയുന്നു. ലോകത്ത് ഓരോ വർഷവും ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയാണ്. 2021-ൽ 1.55 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിച്ചത്.

പിൻസീറ്റിൽ പോലും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ ആളുകൾ മരണപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, വാഹനത്തിൽ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നാണ് ഈ അപകടം നൽകുന്ന പാഠം.

വാഹനങ്ങളിൽ സുരക്ഷക്കായുള്ള രണ്ടാമത്തെ പ്രതിരോധ മാർഗമാണ് എയർബാഗ്. സീറ്റ് ബെൽറ്റ് ശരിയായി ധരിച്ചില്ലെങ്കിൽ അപകട സമയത്ത് കാറിന്റെ എയർബാഗുകൾ പ്രവർത്തിക്കില്ലെന്ന കാര്യവും ഓർക്കുക.


Click it and Unblock the Notifications








