‘Yezdi’ ബൈക്കുകൾക്ക് പണികൊടുത്ത് ഹൈക്കോടതി; കമ്പനിക്ക് ട്രേഡ്മാർക്ക് വിലക്ക്
'യെസ്ഡി' ട്രേഡ്മാർക്ക് വിലക്കുമായി കർണാടക ഹൈക്കോടതി. യെസ്ഡി ട്രേഡ്മാർക്ക് റസ്റ്റോംജി ഗ്രൂപ്പിന്റെയും ക്ലാസിക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബോമൻ ആർ ഇറാനിയുടേതുമല്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ആയതിനാൽ ക്ലാസിക് ലെജൻഡ്‌സിന് ഇത് ഉപയോഗിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പകരം ഈ ട്രേഡ്മാർക്ക് 1991 മുതൽ പ്രവർത്തനത്തിലില്ലാത്ത ഐഡിയൽ ജാവയുടേതാണെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ലേലത്തിലൂടെ യെസ്ഡി ട്രേഡ്മാർക്ക് വിൽക്കുന്നതിൽ നിന്നും റുസ്തംജി ഗ്രൂപ്പിന്റെ ചെയർമാനായ ബൊമൻ ആർ. ഇറാനിയെയും ക്ലാസിക് ലെജൻഡ്‌സിനെയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയെയും കോടതി വിലക്കി. അത് നിലവിൽ 1991 മുതൽ ലിക്വിഡേഷനിലാണ്. ലേലത്തിലൂടെ ട്രേഡ്മാർക്ക് വിൽക്കാൻ ഔദ്യോഗിക ലിക്വിഡേറ്ററെയും വിധി അനുവദിച്ചിട്ടുണ്ട്. 'യെസ്ഡി' എന്ന വാക്ക് ഒറ്റക്കോ മറ്റു വാക്കുകളുടെ കൂടെ കൂട്ടിച്ചേർത്തോ ഇവർക്ക് ഉപയോഗിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതായത് 'യെസ്‌ഡി' എന്ന വാക്ക് ഉപയോഗിക്കുന്ന അല്ലെങ്കിൽ 'യെസ്‌ഡി' എന്ന് അടയാളപ്പെടുത്തുന്ന എല്ലാ ഡൊമെയ്‌ൻ നാമങ്ങളും ഉൾപ്പെടെ സ്വതന്ത്രമായോ മറ്റ് പദങ്ങളുമായി സംയോജിപ്പിച്ചോ 'യെസ്‌ഡി' എന്ന വാക്ക് അടങ്ങിയ മറ്റേതെങ്കിലും അടയാളം അവർക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് സാരം.

യെസ്ഡി ലോഗോ ഏതെങ്കിലും രൂപത്തിൽ ഉപയോഗിക്കുന്നതിലൂടെ നേടിയ എല്ലാ വരുമാനവും ഐഡിയ ജാവ കമ്പനിക്ക് നൽകാനും ബൊമൻ ഇറാനിയോടും ക്ലാസിക് ലെജൻഡ്‌സിനേയും കോടതി ആവശ്യപ്പെട്ടു. ഈ വിധിക്ക് മറുപടിയായി കമ്പനി ഈ വിഷയത്തിൽ നിയമോപദേശം തേടുകയാണെന്നും ഉത്തരവിനെതിരെ ഉടൻ അപ്പീൽ ഫയൽ ചെയ്യുമെന്നും അനുകൂലമായ ആശ്വാസം ലഭിക്കുന്നതിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നും ക്ലാസിക് ലെജൻഡ്‌സ് ഔദ്യോഗിക റിലീസിലൂടെ വ്യക്തമാക്കി. ഇടക്കാല കാലയളവിൽ, അപ്പീൽ കോടതിയുടെ ഉത്തരവിന് വിധേയമായി 'യെസ്ഡി' മോട്ടോർസൈക്കിളുകളുടെ നിർമാണവും വിൽപ്പനയും തുടരുമെന്നും കമ്പനി അറിയിച്ചു.
എന്നാൽ പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കമ്പനി ഈ വിഷയത്തിൽ നിയമോപദേശം തേടുകയാണ്. ഇതിനെതിരെ ക്ലാസിക് ലെജൻഡ്സ് ഉടൻ അപ്പീൽ ഫയൽ ചെയ്യും. അനുകൂലമായ വിധി ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം ഉണ്ടെന്നും കമ്പനി പറഞ്ഞു. ലിക്വിഡേഷനിൽ കഴിയുന്ന ഐഡിയൽ ജാവ (ഇന്ത്യ) ലിമിറ്റഡ് സ്വതന്ത്രമായാലും മറ്റ് വാക്കുകളുമായി ചേർന്നാലും 'യെസ്ഡി' യഥാർഥ ട്രേഡ്മാർക്കിന്റെ ഉടമയാണെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 1991-ൽ ആരംഭിച്ച ലിക്വിഡേഷൻ നടപടികളുമായി ബന്ധപ്പെട്ട് കമ്പനിയുടെ വ്യാപാരമുദ്രകൾ കോടതിയുടെ നിയമപരമായ കസ്റ്റഡിയിൽ തുടരുമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.

ഈ ഉത്തരവ് നൽകുമ്പോൾ ബൊമൻ ഇറാനിക്ക് മുംബൈ, ഡൽഹി, അഹമ്മദാബാദ് രജിസ്ട്രാർ നൽകിയ എല്ലാ വ്യാപാരമുദ്രകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അസാധുവായി കർണാടക ഹൈക്കോടതി പ്രഖ്യാപിച്ചു. അത്തരത്തിലുള്ള എല്ലാ രജിസ്ട്രേഷനുകളും ഔദ്യോഗിക ലിക്വിഡേറ്റർ (OL) വഴി ഐഡിയൽ ജാവയിലേക്ക് മാറ്റാൻ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ബൊമൻ ഇറാനിയും ക്ലാസിക് ലെജൻഡ്‌സും ട്രേഡ്‌മാർക്കുകൾ ഉപയോഗിക്കുന്നതിലൂടെ നേടിയ എല്ലാ നേട്ടങ്ങൾക്കും ഐഡിയൽ ജാവയ്ക്ക് അക്കൗണ്ടും പണവും നൽകാനും ബാധ്യസ്ഥരാണെന്നും കോടതി വിധിയിൽ കൂട്ടിച്ചേർക്കുകയുണ്ടായി.
1969 മുതൽ ഐഡിയൽ ജാവ കമ്പനി രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയ ഈ ലോഗോയുടെ മേൽ ബൊമൻ ഇറാനിക്കോ അദ്ദേഹത്തിന്റെ പിതാവ് റുസ്തം ഇറാനിക്കോ അവകാശമില്ലെന്നും ജസ്റ്റിസ് കൃഷ്ണ കുമാർ പറഞ്ഞു. ജാവ, യെസ്ഡി തുടങ്ങിയ ഐക്കണിക് മോട്ടോർസൈക്കിൾ ബ്രാൻഡുകൾ വീണ്ടും അവതരിപ്പിച്ച കമ്പനിയാണ് ക്ലാസിക് ലെജൻഡ്‌സ്. ഈ കമ്പനിയിലെ ഓഹരി ഉടമകളിൽ ഒരാളാണ് ബൊമൻ ഇറാനി. മോട്ടോർസൈക്കിൾ പ്രേമികളുടെ ഐതിഹാസിക ബ്രാൻഡായ യെസ്‌ഡി രണ്ടാംവരവ് നടത്തിയത് ഈ വർഷം (2022) ജനുവരിയിലാണ്.
1996-ലാണ് ഐഡിയല്‍ ജാവ കമ്പനി പൂട്ടുന്നത്. തുടർന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ജാവയെ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയിൽ ഇരുചക്രവാഹന നിർമാതാക്കൾ ഇല്ലാതിരുന്ന കാലത്തു മുംബൈയിലെ ഇറാനി ഗ്രൂപ്പായിരുന്നു യെസ്ഡി ബൈക്കുകൾ ആദ്യമായി ഇറക്കുമതി ചെയ്തിരുന്നത്. ചെക്ക് റിപ്പബ്ലിക്ക് സ്വദേശി ജാനക് ബൗട്ടാണ് ജാവ ബൈക്ക് പൂർണമായും ഡിസൈൻ ചെയ്‌തത്. നിലവിൽ പുതിയ ഭാവത്തിൽ മോശമല്ലാത്ത വിൽപ്പനയും ജനപ്രീതിയും നേടിയെടുക്കാനും ജാവയിലൂടെയും യെസ്ഡിയിലൂടെയും ക്ലാസിക് ലെജൻഡ്സിനായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജാവ, യെസ്‌ഡി മോട്ടോർസൈക്കിളുകൾക്ക് ഒരു സമഗ്രമായ ധനസഹായ ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരണത്തിൽ ഏർപ്പെട്ടിരുന്നു. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യൻ വിപണിയിൽ മോട്ടോർസൈക്കിൾ വിൽപ്പന വർധിപ്പിക്കാനാണ് ജാവ യെസ്ഡി ലക്ഷ്യമിടുന്നത്. ചാനൽ പങ്കാളികൾക്കും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കും ഈ ക്രമീകരണം ഫണ്ടിംഗിന്റെയും ഫിനാൻസ് പരിപാടികളുടെയും വിപുലമായ ലഭ്യത ഉറപ്പാക്കുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനിടയിൽ കടന്നുവന്ന ഈ വിധിയെ ഇനി ബ്രാൻഡ് എത്തരത്തിൽ നേരിടുമെന്ന് കണ്ടറിയാം.


Click it and Unblock the Notifications








