ഒരു എപ്പിസോഡിന് വാങ്ങുന്നത് 10 ലക്ഷം രൂപ, ഈ കാർ വാങ്ങുന്ന ആദ്യ കപ്പിളാവാൻ ഇതിലും വലിയ യോഗ്യത വേറെ വേണോ
ബോളിവുഡ് സിനിമകളും സീരീസുകളുമെല്ലാം സ്ഥിരമായി കാണുന്നവരാണ് മലയാളികൾ. അതിനാൽ തന്നെ അവിടുത്തെ ഒട്ടുമിക്ക താരങ്ങളേയും തിരിച്ചറിയാനും നമുക്ക് വേഗത്തിൽ സാധിക്കും. പ്രമുഖതാരങ്ങളെ മാത്രമല്ല കേട്ടോ, സൈഡ് റോളുകൾ വരെ ചെയ്യുന്ന ചെറിയ താരങ്ങളെപ്പോലും ശ്രദ്ധിക്കുന്നവരാണ് മലയാളീസ്. ഹിന്ദി സിനിമകൾ സ്ഥിരമായി കാണുന്നവർക്കെല്ലാം ഏറെ പരിചിതമുള്ള കപ്പിളായിരിക്കും കൃഷ്ണ അഭിഷേകും കാശ്മീര ഷായും. ഇനിയും മനസിലായില്ലെങ്കിൽ കപിൽ ശർമ ഷോയിൽ ഹാസ്യവേഷങ്ങൾ ചെയ്‌ത് ശ്രദ്ധേയനായ കക്ഷിയാണ് അഭിഷേക്. ഇവിടെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്നതിന് 10 ലക്ഷം രൂപയോളം പ്രതിഫലം കൈപ്പറ്റുന്ന താരമാണ് ഇദ്ദേഹം.
അതേസമയം കളേഴ്‌സ് ടിവിയിലെ പ്രമുഖ അവതാരകയാണ് കശ്മീര (Kashmera Shah). അങ്ങനെ ബി-ടൗണിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മിനിസ്ക്രീൻ താരദമ്പതികൾ കൂടിയാണ് ഇരുവരും. ബോളിവുഡിന്റെ പ്രിയപ്പെട്ട താരതമ്പദികൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അടുത്തിടെ ഇരുവരുടേയും ജീവിതത്തിലേക്ക് പുത്തനൊരു അതിഥിയെത്തിയിരിക്കുകയാണ്.

മറ്റൊന്നുമല്ല, ഇരുവരുടേയും ഇനിയുള്ള യാത്രകൾക്കായി കൃഷ്ണ അഭിഷേകും കശ്മീരിയും പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. അതും ബോളിവുഡിലേക്ക് ഈയൊരു മോഡൽ സ്വന്തമാക്കുന്ന ആദ്യ വ്യക്തികൾ കൂടിയാണ് ഇരുവരും. പുത്തൻ കാറിന്റെ ഡെലിവറിക്കായി മക്കളോടൊപ്പം ഡീലർഷിലെത്തുന്ന താരങ്ങളുടെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുണ്ട്.
ബിവൈഡി സീൽ സെഡാനാണ് കൃഷ്ണയുടേയും കശ്മീര ഷായുടേയും ഗരാജിലേക്ക് എത്തിയിരിക്കുന്നത്. മുംബൈ നഗരത്തിലൂടെ പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നതിലും ലാഭകരമാണ് ഇവികൾ എന്ന് സെലിബ്രിറ്റികൾ വരെ മനസിലാക്കിയതിന് ഉദാഹരണമാണിത്. 2024 മാർച്ചിലാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി തങ്ങളുടെ സീൽ സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

61.44 kWh, 82.56 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് ഇലക്ട്രിക് സെഡാൻ രാജ്യത്ത് വാങ്ങാനാവുക. രണ്ട് ബാറ്ററി പായ്ക്കുകളും ബിവൈഡിയുടെ ബ്ലേഡ് സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രൂപകൽപ്പന വരെ ചെയ്‌തിരിക്കുന്നത്. 6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവയ്ക്ക് ശേഷം കമ്പനിയുടെ മൂന്നാമനായി എത്തിയ സീൽ രാജ്യത്ത് വലിയ തരംഗമാണ് സൃഷ്‌ടിച്ചത്. 4,800 mm നീളവും 1,875 mm വീതിയും 1,460 mm ഉയരവുമുള്ള വാഹനത്തിന് 145 mm ഗ്രൌണ്ട് ക്ലിയറൻസാണുള്ളത്.
ഓഷ്യൻ X കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഓഷ്യൻ ഏസ്തെറ്റിക് എന്ന ഡിസൈൻ തത്ത്വചിന്തയാണ് സീൽ ഇവിയിൽ പിന്തുടർന്നിരിക്കുന്നതും. കൂപ്പെ പോലുള്ള ഗ്ലാസ് റൂഫ്, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ബൂമറാങ് ആകൃതിയിലുള്ള ഡിആർഎല്ലുകൾ, സ്വെപ്റ്റ്-ബാക്ക് ഹെഡ്‌ലൈറ്റുകൾ, പിന്നിൽ ഒരു ഫുൾ-വീഡ്ത്ത് എൽഇഡി ലൈറ്റ് ബാർ എന്നിവയാണ് കാറിന്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. 19 ഇഞ്ച് പെറ്റൽ-സ്റ്റൈൽ അലോയ് വീലുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്.
എക്സ്റ്റീരിയറിന് അന്യായ ലുക്ക് ലഭിക്കുമ്പോൾ ഇന്റീരിയറും ആഡംബരമാക്കി നിലനിർത്താൻ ബിവൈഡിക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. കറങ്ങുന്ന 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള ക്യാബിൻ അത്യാഡംബര ഫീൽ തന്നെയാണ് സമ്മാനിക്കുന്നത്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രിസ്റ്റൽ ടോഗിൾ ഷിഫ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സീറ്റ് വെന്റിലേഷൻ തുടങ്ങിയ ഫീച്ചറുകളും കാറിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) 8-വേ പവർ-അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഫിസിക്കൽ കൺട്രോളുകൾ, വയർലെസ് ചാർജിംഗ് പാഡുകൾ എന്നിവയും സീൽ ഇലക്‌ട്രിക് സെഡാനിലെ പ്രധാന ഫീച്ചറുകളാണ്. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നീ വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ഇതിൽ ഡൈനാമിക് (RWD) വേരിയന്റിന് 41 ലക്ഷം രൂപ, പ്രീമിയം (RWD) വേരിയന്റിന് 45.70 ലക്ഷം രൂപ, പെർഫോമൻസ് (AWD) വേരിയന്റിന് 53.15 ലക്ഷം രൂപ വില എന്നിങ്ങനെ വില വരുന്നത്.

ഡൈനാമിക് റേഞ്ച് വേരിയന്റിനൊപ്പം 61.44 kWh ബാറ്ററിയും സീൽ ഇവിയുടെ പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കാണ് ചൈനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ ഡൈനാമിക് പതിപ്പിന് 510 കിലോമീറ്റർ റേഞ്ചും ടോപ്പ് എൻഡിന് 650 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലും സീൽ വാങ്ങാനാവും.
സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്‌ഷനുകളും രണ്ട് ബാറ്ററി പായ്ക്കുകളും ഇലക്ട്രിക് സെഡാനിലുണ്ട്. എൻട്രി-ലെവൽ ഡൈനാമിക്, മിഡ്-സ്പെക്ക് പ്രീമിയം വേരിയന്റ് റിയർ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. അതേസമയം സീൽ ഇലക്ട്രിക് സെഡാന്റെ ടോപ്പ്-എൻഡ് പെർഫോമൻസ് മോഡലാണ് ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെ വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി പായ്ക്കിന് 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയും മോട്ടോറിനും മോട്ടോർ കൺട്രോളറിനും 8 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








