22-ാം വയസിൽ കോടീശ്വരൻ, സമ്മാനമായി 12.44 ലക്ഷത്തിന്റെ കാറും വീട്ടിലേക്ക്; കോൻ ബനേഗ കരോർപതി വിജയിയെ കണ്ടോ
ചാനൽ റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരിപാടിയാണ് ബിഗ്ബോസ്. എന്നാൽ ഇതിനെല്ലാം മുമ്പ് വിനോദവും വിജ്ഞാനവും മുൻനിർത്തി എല്ലാ ഭാഷകളിലും പുറത്തിറങ്ങിയിരുന്ന പരിപാടിയായിരുന്നു ഞാൻ കോടീശ്വരൻ അല്ലെങ്കിൽ നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന പ്രോഗ്രാം. ഈ പേര് കേൾക്കുമ്പോഴേ മുകേഷിനെയും സുരേഷ് ഗോപിയേയുമെല്ലാമാവും ആളുകൾക്ക് പെട്ടെന്ന് ഓർമ വരിക. ഇന്ന് മലയാളത്തിൽ നിന്നും അന്യംനിന്ന് പോയെങ്കിലും ഹിന്ദിയിൽ ഇന്നും കോൻ ബനേഗ കരോർപതി (Kaun Banega Crorepati) വൻഹിറ്റാണ്. അമിതാഭ് ബച്ചൻ അവതരാകനായി എത്തുന്ന പരിപാടി ഏറെക്കാലമായി പ്രചാരത്തിലുള്ളതാണ്.
നിരവധി പേർ ഇതിലൂടെ കോടീശ്വരൻമാരായിട്ടുമുണ്ട്. അടുത്തിടെ കോൻ ബനേഗ കരോർപതിയുടെ 16-ാം സീസണിലെ ആദ്യ കോടിപതിയായി ജമ്മു കശ്മീരിൽ നിന്നുള്ള യുപിഎസ്‌സി ഉദ്യോഗാർഥിയായ ചന്ദർ പ്രകാശ് വിജയിക്കുകയും ചെയ്തു. ഒരു കോടി രൂപയുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകി ഗെയിം ഷോയിൽ സമ്മാനത്തുക നേടിയെടുക്കുകയായിരുന്നു ഇദ്ദേഹം. ഒരു കോടി രൂപയ്‌ക്കൊപ്പം പുതിയ ഹ്യുണ്ടായി വെന്യു എസ്‌യുവിയും ചന്ദർ സ്വന്തമാക്കി.

ഗെയിം ഷോയുടെ ടൈറ്റിൽ സ്പോൺസർമാരിൽ ഒരാളാണ് ഹ്യുണ്ടായി മോട്ടോർസ് ഇന്ത്യ ലിമിറ്റഡ്. ഇപ്പോൾ കമ്പനി ഇദ്ദേഹത്തിന് വാഹനവും കൈമാറിയിരിക്കുകയാണ്. ഒരു കോടി രൂപ വിജയിച്ചതിന് ശേഷം ഏഴ് കോടി രൂപയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ പ്രകാശ് ഗെയിമിൽ നിന്നും പിൻമാറുകയും ചെയ്‌തതോടെയാണ് വെന്യു ലഭിച്ചത്. അടുത്ത ചോദ്യത്തിലേക്ക് കടന്ന് ശരിയായ ഉത്തരം നൽകിയിരുന്നെങ്കിൽ ഷോയിലെ ഏറ്റവും വലിയ സമ്മാനത്തുകയ്‌ക്കൊപ്പം ഹ്യുണ്ടായി അൽകസാറും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.
കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയെ പ്രതിനിധീകരിച്ച് ബോളിവുഡ് സൂപ്പർതാരവും ഷോയുടെ അവതാരകനുമായ അമിതാഭ് ബച്ചനാണ് വെന്യു ചന്ദർ പ്രകാശിന് സമ്മാനിച്ചത്. അവാർഡ് ലഭിച്ച വെന്യുവിന്റെ കൃത്യമായ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പൂർണമായി ലോഡുചെയ്‌ത ടോപ്പ് എൻഡ് SX(O) വേരിയന്റാണ് നൽകിയതെന്നാണ് വിവരം. ഇതിന് ഇന്ത്യയിൽ 12.44 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയുമായാണ് ഹ്യുണ്ടായി വെന്യു വരുന്നത്. 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും മുന്നിലും പിന്നിലും സിൽവർ സ്കിഡ് പ്ലേറ്റുകളും കോംപാക്‌ട് എസ്‌യുവിയുടെ എക്സ്റ്റീരിയറിന് കിടിലൻ ലുക്ക് സമ്മാനിക്കുന്നുണ്ട്. അകത്തളത്തിനെ അടിപൊളിയാക്കുന്നതിന് ഹ്യുണ്ടായി വെന്യു ഡ്യൂവൽ ടോൺ ഇൻ്റീരിയറാണ് ഒരുക്കിയിരിക്കുന്നതും.
സബ് കോംപാക്‌ട് എസ്‌യുവിയിലെ സിൽവർ ആക്‌സൻ്റുകളോട് കൂടിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ ക്യാബിൻ തീം പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്. സീറ്റുകൾക്ക് ഒരേ ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററിയും കമ്പനി കൊടുത്തിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. കൂടാതെ വെന്യുവിൽ സിംഗിൾ പാൻ സൺറൂഫിന്റെ സാന്നിധ്യം കൂടിയാവുമ്പോൾ സംഗതി കളറാവുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഹ്യുണ്ടായി എസ്‌യുവിക്ക് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള കീലെസ് എൻട്രി എന്നിവ പോലുള്ള ആധുനിക ഫീച്ചറുകളെല്ലാം ലഭിക്കും. സേഫ്റ്റിയിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് ആയി തന്നെ ആറ് എയർബാഗുകൾ വരെ കമ്പനി വാഹനത്തിൽ കൊടുത്തിട്ടുണ്ട്.
ഇതുകൂടാതെ ഒരു റിവേഴ്സ് പാർക്കിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവൽ-1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചറുകളും ഹ്യുണ്ടായി വെന്യുവിനെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിനുണ്ട്.
നിലവില്‍ 7.94 ലക്ഷം മുതല്‍ 13.48 ലക്ഷം വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ എക്സ്ഷോറൂം വില വരുന്നത്. കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ടാറ്റ നെക്സോൺ, മാരുതി ബ്രെസ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ സബ്കോംപാക്ട് എസ്‌യുവികൾക്കെതിരെയാണ് കൊറിയൻ കാറിന്റെ മത്സരം. ഒപ്പം മാരുതി ഫ്രോങ്ക്സ്, ടൊയോട്ട ടെയ്സർ തുടങ്ങിയ സബ്-4 മീറ്റർ ക്രോസ്ഓവറുകൾക്ക് ബദലായും വെന്യുവിനെ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








