മിനിറ്റുകൾക്കകം ഫുൾ ചാർജ്, കേരളത്തിന്റെ വക 1,000 സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഇന്ത്യക്ക്
നമ്മുടെ നിരത്തുകൾ പതിയെ ഇലക്ട്രിക് വാഹനങ്ങൾ കീഴടക്കി തുടങ്ങിയിരിക്കുകയാണ്. ഇരുചക്ര വിപണിയാണ് വൈദ്യുത മോഡലുകളെ ഇത്രയും ജനപ്രിയരാക്കിയതെങ്കിൽ കുറഞ്ഞ വിലയിലെത്തി ടാറ്റ ടിയാഗോ ഇവി, സിട്രൺ eC3, എംജി കോമെറ്റ് എന്നിവ പാസഞ്ചർ കാർ വിപണിയിലും ഇലക്ട്രിക് വിപ്ലവം തീർത്തിരിക്കുകയാണ്.
ഒരു പെട്രോൾ കാർ വാങ്ങുന്ന വിലയ്ക്ക് ഇവയെല്ലാം ലഭ്യമായതാണ് ഇവികളുടെ വിജയമായത്. ടൂവീലർ ഉപയോഗിച്ച് ദീർഘദൂര യാത്രകൾക്ക് നാം ശ്രമിക്കാറില്ലെങ്കിലും ഒരു കാർ വാങ്ങിയാൽ അതിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലല്ലോ. ഒരു തവണയെങ്കിലും അൽപം ദൂരത്തേക്ക് കാറിൽ യാത്ര ചെയ്യേണ്ടതായ സാഹചര്യം വരുമെന്നും ഉറപ്പാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇവിയുമായി പോയാൽ ചാർജ് തീർന്ന് വഴിയിലാവുമെന്ന ഭയം വൈദ്യുത വാഹന ഉടമകൾക്കുണ്ട്.

പ്രത്യേകിച്ച് ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിൽ കുറവായത് തിരിച്ചടിയാവും. എന്നാൽ ഇവി ചാർജിംഗിനായി ഇന്ത്യക്ക് കേരളത്തിന്റെ കൈത്താങ്ങ് എത്തുകയാണ്. നമ്മുടെ കൊച്ചു സംസ്ഥാനം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഗോ ഈസി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തുടനീളം 1,000 ഇലക്ട്രിക് വാഹന (ഇവി) സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതോടെ വൈദ്യുത വാഹന രംഗത്തിന് കൂടുതൽ ഊർജം ലഭിക്കുമെന്ന് ഉറപ്പാണ്. കമ്പനി നിലവിൽ കേരളത്തിൽ 70 ചാർജിംഗ് സ്റ്റേഷനുകളും ഇന്ത്യയിലുടനീളം 33 ലധികം ചാർജിംഗ് സ്റ്റേഷനുകളും പ്രവർത്തിപ്പിക്കുന്നുമുണ്ട്. പുതിയ പദ്ധതിയിലൂടെ, തലസ്ഥാനങ്ങൾ, സംസ്ഥാന പാതകൾ, ദേശീയ പാതകൾ എന്നിവയ്‌ക്കൊപ്പം ടയർ -2, ടയർ -3 നഗരങ്ങൾ, രാജ്യത്തെ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വരെ തന്ത്രപരമായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് ഗോ ഈസി ഓട്ടോടെക് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും കമ്പനിക്ക് ഉദ്ദേശമുണ്ട്. ഇതിലൂടെ ഇത്തരം ഉപഭോക്താക്കളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ കൂടുതൽ താത്പര്യം ജനിപ്പിക്കുമെന്നാണ് ബ്രാൻഡ് വിശ്വസിക്കുന്നത്. "ഇന്ത്യയിൽ ഒരു വർഷത്തിനുള്ളിൽ 103 ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിച്ചുകൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയമായ ഒരു ട്രാക്ക് റെക്കോർഡ് സ്ഥാപിച്ച സ്റ്റാർട്ടപ്പിന് ഈ സുപ്രധാന പദ്ധതി ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഗോ ഈസി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു.
ഇവി ചാർജിംഗ് അനുഭവം പരിവർത്തനം ചെയ്യാൻ ഗോ ഈസി പ്രതിജ്ഞാബദ്ധമാണെന്നും കൂടാതെ ഇവി ഉപയോക്താക്കൾ മാളുകളിൽ സന്ദർശനത്തിന് എത്തുമ്പോൾ അവരുടെ വാഹനങ്ങൾ എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പ്രധാന റെസ്റ്റോറന്റുകളുമായും ഷോപ്പിംഗ് മാളുകളുമായും പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പ് കമ്പനി അറിയിച്ചു.
ഇലക്ട്രിക് വാഹന ഉപയോക്താക്കളെ ശാക്തീകരിക്കുകയും ഹരിത ഭാവിയിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്ന സുസ്ഥിരമായ ചാർജിംഗ് സൊല്യൂഷനുകൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ദൗത്യമെന്ന് ഗോ ഈസിയുടെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പിജി രാംനാഥ് അഭിപ്രായപ്പെട്ടു. ഇവി ഉടമകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവമാണ്. ഇത് ദീർഘദൂര യാത്രകൾ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നു. ഈ പ്രശ്‌നം പരിഹരിച്ച് ബ്രാൻഡ് രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയെന്ന ദൗത്യം തങ്ങൾ ഏറ്റെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications








