പണിയായി സംസ്ഥാന ബജറ്റ്, ഇന്ധന വിലയും വാഹന നികുതിയും കൂടും! ഇവികൾക്ക് ആശ്വാസം
കേരളത്തിലുള്ളവർക്ക് പണികൊടുത്ത് സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനം. വാഹന നികുതി കൂട്ടി, സെസ് ഇരട്ടിയാക്കി, പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാക്കി ജനങ്ങൾക്ക് മേൽ ഇരുട്ടടി നൽകിയാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പുതിയ ബജറ്റ് അവതരണം. സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് ഇന്ധന വിലയിൽ വർധനവുണ്ടാവാൻ പോവുന്നത്.
നേരത്തെ കേന്ദ്രസർക്കാർ ഇന്ധന നികുതിയിൽ കുറവ് വരുത്തിയിരുന്നു. പെട്രോൾ, ഡീസൽ സെസ് ഉയർത്തിയതിസൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവിന് തയാറെടുക്കുന്നത്. ഇതിനുപുറമെ, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ് ശ്രദ്ധയാകർഷിച്ചിട്ടുണ്ടെന്നു പറയാം.

കേന്ദ്ര സർക്കാരിൻ്റെ ബജറ്റിൽ കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു നിന്ന ജനങ്ങൾ കേരള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം കേട്ട് ഞെട്ടിയിരിക്കുകയാണെന്ന് പറയാം. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സമയത്ത് ഈടാക്കുന്ന സെസില്‍ ഇരട്ടി വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വാഹന നികുതി കൂട്ടിയതിലേക്ക് ആദ്യം കടന്നാൽ ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം നേടാമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ.
പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമെ, പുതുതായി വാങ്ങുന്ന കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്‍ധനവുണ്ടാകും. അതായത് അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധനവാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി സംസ്ഥാന സർക്കാരിന് 340 കോടി രൂപയുടെ അധിക വരുമാനം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടര്‍ ക്യാബ് എന്നിവ വാങ്ങുന്നവർക്ക് ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവികൾ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ വാഹന വിലയുടെ ആറു ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി നൽകേണ്ടി വരുന്നത് എങ്കിൽ ഇനി മുതൽ അഞ്ച് ശതമാനം മാത്രം നൽകിയാൽ മതിയാവും. ഇത്തരം വാഹനങ്ങളുടെ നികുതി സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായ രീതിയിലാണ് പരിഷ്ക്കരിച്ചിരിക്കുന്നത്.
കൂടാതെ കോണ്‍ടാക്ട് ക്യാരേജ്, സ്‌റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില്‍ പത്ത് ശതമാനത്തിന്റെ കുറവ് വരുത്തുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങൾ എന്തായാലും വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമാവുമെന്നാണ് വിലയിരുത്തൽ. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റെന്ന് ഒറ്റ വാക്കിൽ പറയാം.

മറുവശത്തേക്ക് നോക്കിയാൽ വാഹന വ്യവസായത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന നിരവധി നടപടികളിലാണ് കേന്ദ്ര സർക്കാരിൻ്റെ 2023 ബജറ്റിൽ ഇടംപിടിച്ചത്. ആഡംബര കാറുകൾക്കും ബൈക്കുകൾക്കും മാത്രം ചെലവ് കൂടുന്നതാണ് ഇതിൽ ശ്രദ്ധേയം. പരോക്ഷ നികുതി നിർദേശങ്ങൾ, ഇവി ബാറ്ററി ഉത്പാദന മൂലധന വസ്തുക്കളുടെ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കൽ, ഹൈഡ്രജൻ ഇന്ധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങി നിരവധി നടപടികളാണ് പ്രഖ്യാപനത്തിലുള്ളത്.
ഗ്രീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഭാരം കുറയ്ക്കാനും നികുതി ഭരണം മെച്ചപ്പെടുത്താനും സഹായിക്കുന്ന നികുതി ഘടനയാണ് ധനമന്ത്രി നിർമല സീതാരാമൻ നിർദ്ദേശിച്ചിരിക്കുന്നത്. ലിഥിയം അയൺ ബാറ്ററികളുടെ നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന മൂലധന വസ്തുക്കളുടെ കസ്റ്റംസ് തീരുവ എടുത്തുകളയുന്നത് ശ്രദ്ധേയമായിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കേന്ദ്ര-സംസ്ഥാന ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications








