ഇലക്‌ട്രിക് വാഹനങ്ങളുടെ റോഡ് ടാക്‌സ് കുറച്ച് വിഡി സതീശൻ സർക്കാർ, ഇനി നിരത്തുകൾ ഇവി ഭരിക്കും
പെട്രോൾ, ഡീസൽ വിലയിൽ കുടുങ്ങിയിരിക്കുന്ന സാധാരണക്കാർക്ക് സന്തോഷിക്കാൻ വകയുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. വിഡി സതീശൻ മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ ബജറ്റിൽ തന്നെ വാഹന പ്രേമികളെ കൈയിലെടുത്തിരിക്കുകയാണ് പൂക്കി മുഖ്യൻ. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം വരുത്തിയിരിക്കുകയാണ് സംസ്ഥാന ബജറ്റ്. വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തിലാണ് നികുതിയിൽ ഇളവ് നൽകിയിരിക്കുന്നത്. 10 ലക്ഷം രൂപ വരെ വിലയുള്ള ഇവികളുടെ റോഡ് ടാക്‌സ് നിലവിൽ 5 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറച്ചുകൊണ്ടാണ് ധനമന്ത്രി കൂടിയായ വിഡി സതീശൻ കൈയടി നേടിയിരിക്കുന്നത്.
നികുതി ഭാരം കുറച്ചതോടെ സാധാരണ കുടുംബങ്ങൾക്കും മധ്യവർഗ്ഗ ഉപഭോക്താക്കൾക്കും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ എളുപ്പത്തിൽ സ്വന്തമാക്കാനാവും. അതേസമയം 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 8 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചുവെന്നതും സന്തോഷകരമായ കാര്യമാണ്. എന്നാൽ 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും.

അതേസമയം 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചിട്ടുമുണ്ട്. ഉയർന്ന വിലയുള്ള വാഹനങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി വരുമാനം വർധിപ്പിക്കാനും ചെറിയ വിലയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം. ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യ പരിധി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുകൂടാതെ പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയേജ് ബസുകൾക്ക് നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതും ബജറ്റ് അവതരണത്തിൽ ശ്രദ്ധയായി. ഇക്കൂടെ കേരളത്തിലേക്ക് കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ്സുകൾ ആകർഷിക്കുന്നതിനും അന്തർ സംസ്ഥാന യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതി നിരക്കുകൾ കുറച്ചിട്ടുമുണ്ട്.

അതോടൊപ്പം തന്നെ കേരളത്തിൽ ട്രെയിലർ വാഹനങ്ങളുടെ രജിസ്ട്രേഷൻ വർധിപ്പിക്കാനായി ത്രൈമാസ നികുതി സ്ലാബുകൾ ഏകീകരിച്ചുകൊണ്ടുള്ള തീരുമാനവും എത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രെയിലർ വാഹനങ്ങൾക്ക് ചുമത്തിയിരുന്ന അധിക നികുതി സ്ലാബ് പൂർണമായും ഒഴിവാക്കി. ഇവയെ 15 ടണ്ണിന് മുകളിൽ ഭാരമുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് മാറ്റി നികുതി കുറച്ചിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഇ-ചെല്ലാനുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഒരു പ്രത്യേക അംനസ്റ്റി പദ്ധതിയും വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഎഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം ആകെ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് വാഹന ഉടമകൾക്ക് തങ്ങളുടെ കേസുകൾ പൂർണമായും തീർപ്പാക്കാവുന്നതാണ്. അടുത്തിടെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇ-ചെല്ലാനുകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനായി ആംനസ്റ്റി പദ്ധതി നടപ്പാക്കിയിരുന്നു.
എന്തായാലും ഇതുവരെ ഇലക്‌ട്രിക് കാറുകൾക്ക് മറ്റ് സംസ്ഥാനങ്ങൾ നൽകി വന്നിരുന്ന പല ആനുകൂല്യങ്ങളും കേട്ടറിഞ്ഞ് മോഹിക്കാൻ മാത്രമായിരുന്നു മലയാളികളുടെ വിധി. എന്നാൽ പുതിയ പ്രഖ്യാപനത്തിലൂടെ കേരളത്തിൽ ഇവികൾ വാങ്ങാനിരിക്കുന്നവർക്ക് നികുതി 3 ശതമാനമാക്കി കുറയ്ക്കുന്നതോടെ ഓൺ-റോഡ് വിലയിൽ വലിയ കുറവ് തന്നെ ലഭിക്കും. പഴയ ICE വാഹനങ്ങളിൽ നിന്നും ഇവികളിലേക്ക് മാറാനിരിക്കുന്നവർക്ക് ഇത് വലിയ അനുഗ്രഹം കൂടിയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications