Smart Driving License നാളെ മുതൽ ഡ്രൈവിംഗ് ലൈസൻസ് സ്‌മാർട്ടാവും, കൂടെ ഏഴ് സുരക്ഷ ഫീച്ചറുകളും
പേപ്പറിൽ പ്രിന്റ് ചെയ്‌ത് ലാമിനേറ്റ് ചെയ്‌ത ഡ്രൈവിംഗ് ലൈസൻസുമായി നടന്ന മലയാളികൾക്ക് സന്തോഷ വാർത്ത. ഏഴ് സുരക്ഷ ഫീച്ചറും സ്മാർട്ട് കാർഡ് രൂപവുമായി കേരള ഡ്രൈവിംഗ് ലൈസൻസ് നാളെ യാഥാർഥ്യമാവും. ഏപ്രില്‍ 20-ന് പുതിയ ലൈസന്‍സ് കാര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഏറെ നാൾ മുമ്പ് നടപ്പിലാക്കിയ സ്മാര്‍ട്ട് ലൈൻസുകൾക്ക് സമാനമായി നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഇത്. സ്മാർട്ട് കാര്‍ഡ് രൂപത്തിൽ മറ്റ് സംസ്ഥാനങ്ങൾ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമ്പോള്‍ കേരളത്തിലെ ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് ചെയ്ത ലാമിനേറ്റ് രൂപത്തിലായിരുന്നു. എന്നാൽ ഇത്തവണ ചുമ്മാതങ്ങ് മാറുകയല്ല ചെയ്യുന്നത്. ഏഴ് സുരക്ഷ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് കാർഡ് എത്തുന്നത്.

നിരവധി തടസങ്ങളെ അതിജീവിച്ചാണ് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് കേരളം നൽകുന്ന ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2019-ല്‍ ലൈസന്‍സ് വിതരണം കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നല്‍കിയ കേസ് തീര്‍പ്പാകാത്തതിനാലാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം വൈകിയിരുന്നത്. എന്നാൽ 2023 ഫെബ്രുവരിയിൽ ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. സ്വന്തമായി ലൈസന്‍സ് തയാറാക്കി വിതരണംചെയ്യാന്‍ മോട്ടോ ര്‍വാഹന വകുപ്പിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ കമ്പനിയായ റോസ്‌മൊർട്ട കമ്പനിയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം.

ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്‌സിന്റെ (MoRTH) മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. സംസ്ഥാന ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലാണ് പിവിസി പെറ്റ്ജി ഡ്രൈവിംഗ് ലൈസന്‍സ് ഏറ്റുവാങ്ങുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നതിന് മുന്നോടിയായി നേരത്തെ പരീക്ഷണയടിസ്ഥാനത്തിൽ ഈ സംവിധാനം കേരളത്തിൽ നടപ്പിലാക്കുകയും ചെയ്‌തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ നൽകി വന്നിരുന്നത്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാര്‍ഡുകളാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.

എന്നാൽ കേരളത്തിൽ ഇനി മുതൽ നൽകുന്ന പിവിസി പെറ്റ് ജി കാര്‍ഡില്‍ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. സാങ്കേതിക തകരാര്‍ കാരണമാണ് ചിപ്പ് ഒഴിവാക്കുന്നത്. കേരളം മാത്രമല്ല ഇതിനു മുമ്പ് മറ്റ് പല സംസ്ഥാനങ്ങളും സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി ചിപ് കാര്‍ഡുകൾ ഒഴിവാക്കിയിട്ടുണ്ട്. ചിപ് കാര്‍ഡുകളിലെ ചിപ് റീഡര്‍ ഉപയോഗിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നതാണ് മറ്റൊരു കാര്യം. ഇക്കാരണമായിരിക്കും ഒഴിവാക്കാനുണ്ടായ സാഹചര്യം.
അധികം വൈകാതെ തന്നെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ശരാശരി 10.35 ലക്ഷം ഡ്രൈവിംഗ് ലൈസൻസാണ് ഒരു വർഷം മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. പുതിയ ലൈസൻസ് ലഭിക്കുന്നവർക്ക് മാത്രമല്ല പഴയ ലൈസൻസും പുതിയ പിവിസി പെറ്റ് ജി സ്മാർട്ട് കാർഡിലേക്ക് മാറാനാവും. പഴയ ലൈസൻസിൽനിന്ന് മാറാൻ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും.


Click it and Unblock the Notifications








