ഇത് 2 കോടിയുടെ ആഡംബരം! കേരളത്തിലെ ആദ്യ ബിഎംഡബ്ല്യു i7 ലക്ഷ്വറി ഇവി കോട്ടയത്ത്
ലക്ഷ്വറി കാറുകൾക്ക് (Luxury Cars) ഇന്ത്യയിലുള്ള ഡിമാന്റ് കണ്ട് കണ്ണുതള്ളിയവരാണ് അന്താരാഷ്‌ട്ര വാഹന നിർമാതാക്കളെല്ലാം. മെർസിഡീസ് ബെൻസ് തെളിച്ചിട്ട വഴിയിലേക്ക് ബിഎംഡബ്ല്യു, ജാഗ്വർ, ഔഡി, പോർഷ, റോൾസ് റോയ്‌സ് പോലുള്ള ലോകോത്തര ബ്രാൻഡുകളെല്ലാം ആഭ്യന്തര വിപണിയിൽ ഉറച്ചുനിൽക്കാനും കാരണമിതാണ്.
ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുള്ള സംസ്ഥാനങ്ങളിൽ ഒന്ന് നമ്മുടെ സ്വന്തം കേരളമാണ്. ആഡംബര കാര്‍ കമ്പനിയായ മെർസിഡീസിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ 41 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 59 ശതമാനം വളര്‍ച്ചയാണ് ബ്രാൻഡ് കൈവരിച്ചത്. കേരളത്തിലെ സിനിമാ താരങ്ങളും ബിസിനസുകാരും എല്ലാം ലക്ഷ്വറി കാറുകളിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ്. വിൽപ്പനയുടെ ഭൂരിഭാഗവും വരുന്നതും ഇവിടെ നിന്നാണ്.

ഇപ്പോഴിതാ കേരളത്തിലെ ആദ്യ ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് സെഡാൻ സ്വന്തമാക്കിയതും ഇത്തരത്തിലൊരു വ്യവസായിയാണ്. കോട്ടയത്തു നിന്നുള്ള ഹോട്ടൽ അർക്കാഡിയയുടെ ഡയറക്ടർ കെടി തോമസാണ് ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാൻ തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് അദ്ദേഹം പുത്തൻ മോഡലിനെ കൂടെക്കൂട്ടിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഡീലർഷിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വലിയൊരു പിക്കപ്പിൽ കെടി തോമസിന്റെ കോട്ടയെത്ത ഏറ്റുമാനൂരിലുള്ള വീട്ടിൽ എത്തിയാണ് ബിഎംഡബ്ല്യുവിന്റെ ഈ കാളക്കൂറ്റനെ കൈമാറിയിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇവിഎം ഓട്ടോക്രാഫ്റ്റ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ഡെലിവറിയുടെ വീഡിയോ കേരളത്തിൽ ചർച്ചാ വിഷയമാവുന്നത്. 1.95 കോടി രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ ഇലക്‌ട്രിക് സെഡാൻ നിരത്തിലെത്തുമ്പോൾ ഏതാണ്ട് 2 കോടി രൂപയിലധികം വരുമെന്നാണ് ലഭിക്കുന്ന വിവരം.
അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് i7 ഇലക്‌ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂർണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാഴ്ച്ചയിൽ തന്നെ അത്യാഡംബര ഫീലാണ് ഈ വൈദ്യുത വാഹനം നൽകുന്നത്. സ്റ്റാൻഡേർഡ് 7 സീരീസിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനായി കാറിന്റെ ബാഡ്‌ജിംഗിന് ചുറ്റുമുള്ള ബ്ലൂ ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, ഫ്രണ്ട് ഗ്രില്ലിലെ 'i' ബാഡ്ജുകൾ എന്നിവയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
ഇതുകൂടാതെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, ബിഎംഡബ്ല്യു iX, സെവൻ സീരീസ് എന്നിവയിൽ കാണുന്നതുപോലെയുള്ള ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഈ ഇലക്‌ട്രിക് സെഡാന്റെ മറ്റ് പ്രത്യേകതകൾ. അകത്തേക്ക് കയറിയാൽ പിന്നെ പുറത്തിറങ്ങാൻ പോലും തോന്നാത്തത്ര ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു തങ്ങളുടെ മോഡലിൽ പണികഴിപ്പിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കർവ്ഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നു കൂടാതെ ഒരു ഫുൾ-വീഡ്ത്ത് ലൈറ്റ് ബാൻഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടാതെ, ആമസോൺ ഫയർ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി മേൽക്കൂരയിൽ ഘടിപ്പിച്ച് മടക്കാവുന്ന 31.3 ഇഞ്ച്, 8K 'സിനിമ' സ്‌ക്രീനും i7 ഇവിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും പിൻഡോറിൽ കോർത്തിണക്കിയിട്ടുണ്ട്.
101.7kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് സെഡാന്റെ ഹൃദയം. ഇത് 544 bhp കരുത്തിൽ പരമാവധി 745 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒറ്റ തവണ ചാർജ് ചെയ്‌താൽ 591 കിലോമീറ്റർ മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഹനത്തിന് നൽകാനാവും. വെറും 0-100 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് വെറും 4.7സെക്കൻഡ് മതിയാവും. എന്നാൽ പരമാവധി വേഗത 239 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇലക്ട്രിക് 7 സീരീസ് എസി സിസ്റ്റത്തിൽ 11 കിലോവാട്ട് വരെയും ഡിസി സിസ്റ്റത്തിൽ 195 കിലോവാട്ട് വരെയും ചാർജ് ചെയ്യാം. 34 മിനിറ്റിനുള്ളിൽ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികൾ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഡിസി ചാർജറിലൂടെ സാധിക്കും. ഇന്നത്തെ ഇന്ധന വില പരിഗണിക്കുമ്പോൾ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നവർ എന്തുകൊണ്ടും ഇലക്‌ട്രിക് മോഡലുകൾ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെ റേഞ്ചൊക്കെ ലഭിച്ചാൽ ദീർഘ ദൂര യാത്രകൾക്കും ഇവ അനുയോജ്യമാവും.


Click it and Unblock the Notifications








