എംവിഡി ആക്കിയതാണോയെന്ന് ഒരു സംശയം, പൂക്കി മുഖ്യൻ പറഞ്ഞ വാഹന മോഡിഫിക്കേഷൻ ഇതൊക്കെ
വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ നോക്കിയിരുന്നവരാണ് വണ്ടിഭ്രാന്തൻമാർ. അതിന്റെ പ്രധാന കാരണം ചെറുപ്പക്കാർ ആവശ്യപ്പെട്ട വാഹന മോഡിഫിക്കേഷൻ നിയമാനുസൃതമാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷം വാർത്താ സമ്മേളനത്തിൽ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള വിഡി സതീശന്റെ റീയാക്ഷനും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. 'സുരക്ഷിത വാഹന മോഡിഫിക്കേഷനുകൾ' നിയമവിധേയമാക്കാൻ കാത്തിരുന്നവരിലേക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള പുതിയ സർക്കാർ റിപ്പോർട്ട് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
കൂടുതലും ട്രോളാണ് സംഭവം. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ പതിനെട്ട് തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്. മുഴുവൻ വായിച്ച് ഇത് എംവിഡി ആക്കിയതാണോയെന്ന് പലരുടേയും സംശയം. മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം ഇങ്ങനെയായിരിക്കുമെന്ന് വണ്ടിഭ്രാന്തൻമാർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ? സീറ്റ് കവര്‍, ഫ്ലോർ മാറ്റ്, സ്റ്റിയറിംഗ് വീല്‍ കവര്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ളാപ്പുകള്‍, ബോഡി സ്റ്റിക്കറുകള്‍, ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിംഗ്, ഡാഷ് ക്യാമറ, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍, ജിപിഎസ് ട്രാക്കര്‍, ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം എന്നിവയാണ് നിയമപരമായി നടത്താനാവുന്ന ആദ്യത്തെ 13 മോഡിഫിക്കേഷനുകൾ.
ഇതുകൂടാതെ അഡീഷണല്‍ സ്പീക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ടോ ഹുക്കുകള്‍, റൂഫ് കാരിയറുകള്‍, 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം എന്നിവയും വാഹനങ്ങളിൽ അനുമതി ഇല്ലാതെ ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനുകളായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കറുകൾ മാന്യമായവയാകണം എന്നും പ്രത്യേകം നിർദേശമുണ്ട് കേട്ടോ. വാഹനത്തിന്റെ നിറം മാറ്റം ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകൾക്കാണ് പ്രത്യേക അനുമതി വേണ്ടത്.
ഫീസ് അടച്ച് പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ കളർ മാറ്റാൻ സാധിക്കും. എന്നാൽ ഇത് ആർസിയിൽ രേഖപ്പെടുത്തണം. കൂടാതെ എൽപിജി അല്ലെങ്കിൽ സിഎൻജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത്, എഞ്ചിൻ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആർസിയിൽ രേഖപ്പെടുത്തേണ്ടതാണ്.
വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്തായാലും സംഭവം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുണ്ട്. സീറ്റ് കവർ അനുമതി തന്നതിന് സിഎമ്മിന് ഒരുപാട് നന്ദി, മരിച്ചാലും മറക്കില്ലെന്നും, കൂടാതെ മഴയത്ത് വൈപ്പർ ഇടുന്നതിനും രാത്രിസമയങ്ങളിൽ ഹെഡ്‌ലൈറ്റ് ഉപയോഗിക്കുന്നതിനും തടസമില്ല പോലുള്ള കമന്റുകളാൽ ട്രോളുകൾ നിറയുകയാണ്.
അപ്പോ സീറ്റ് കവർ ഒക്കെ ഇട്ട് ഇത്രയും നാളും ഞാൻ വണ്ടി ഓടിച്ചത് തെറ്റായിരുന്നോ, എന്തൊരു മഹാ പാപിയാണ് ഞാൻ എന്നൊരു കമന്റും രസകരമായി തോന്നി. എന്തായാലും ഇതിനോട് എങ്ങനെ യുഡിഎഫ് സർക്കാരും മുഖ്യമന്ത്രി വിഡി സതീശനും പ്രതികരിക്കുക എന്നത് അടുത്ത മണിക്കൂറിൽ അറിയാൻ കഴിയും. എന്തായാലും മുഖ്യൻ മോഡിഫിക്കേഷന് പിന്തുണ നൽകുന്നുണ്ടെങ്കിലും കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതിയും ഹൈക്കോടതിയുമൊന്നും ഇക്കാര്യത്തിൽ ഒപ്പമല്ലെന്നതാണ് രസകരമായ കാര്യം.
വാഹനനിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാനാകില്ലെന്നാണ് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ പറയുന്നത്. കേരള മോട്ടോർവാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതിനൽകിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് തള്ളി 2019-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യത്തിൽ നിർണായകം. എന്തായാലും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications