12 കുപ്പി ബിയർ വിത്ത് ഐസ്; ഇലക്‌ട്രിക് സ്‌കൂട്ടർ ബാറാക്കി മലയാളി; ഉണ്ടാക്കിയ കമ്പനി കണ്ടാൽ വണ്ടറടിക്കും
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇരുചക്ര വാഹനമായി സ്‌കൂട്ടറുകൾ മാറിയിട്ട് ഇമ്മിണി നാളായി. മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികമായതിനാലാണ് ആളുകൾക്കെല്ലാം ഇവനോട് ഇത്ര പ്രിയം. കടയിൽ പോയി സാധനങ്ങൾ വാങ്ങാനായാൽ പോലും ഇത്രയും ഉപകാരമുള്ള വണ്ടി വേറെയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോഡേൺ സ്‌കൂട്ടറുകൾ ഫീച്ചറുകളുടെ കാര്യത്തിൽ പിശുക്കൊന്നും കാണിക്കാത്തതു പോലെ തന്നെയാണ് സ്റ്റോറേജ് സ്പേസുകളും കൊടുക്കുന്നത്. അതിനാൽ ഒരു മാസത്തേക്കുള്ള വീട്ടുസാധനങ്ങൾ വരെ സ്‌കൂട്ടറിൽ കയറ്റാം. ഫ്രണ്ടിൽ കവറ് തൂക്കാനായാലും സീറ്റിനടിയിലായാലും സ്ഥലം ഇഷ്‌ടം പോലെയാണ്. ഇപ്പോഴത്തെ പല മോഡേൺ സ്‌കൂട്ടറുകളിലും നീളത്തിലുള്ള അണ്ടർ സീറ്റ് സ്റ്റോറേജും കാണാല്ലോ.
രണ്ട് ഫുൾ ഫെയ്‌സ് ഹെൽമറ്റിനെ ഉൾക്കൊള്ളാൻ വരെ കെൽപ്പുള്ള രീതിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. എന്നാൽ ആളുകൾ ഹെൽമറ്റ് വെക്കുന്നില്ലെങ്കിലും അത്യാവിശ്യം സാധനങ്ങൾ ഇവിടെ കുത്തിക്കയറ്റാറുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റൊരു കാര്യമാണ്. സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി ആളുകൾ കാട്ടിക്കൂട്ടുന്ന കുസൃതികൾക്ക് കൈയും കണക്കുമില്ലാത്ത അവസ്ഥയാണല്ലോ ഇപ്പോഴുള്ളത്.

അത്തരത്തിൽ സ്‌കൂട്ടറുമായി ബന്ധപ്പെട്ടൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം റീലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കേട്ടോ. അതും ഏഥർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ വെച്ചിരിക്കുന്ന സാധനങ്ങൾ കണ്ടാൽ ചിലപ്പോൾ നമ്മുടെയൊക്കെ കിളിപോയേക്കും. ഇതുവരെ പലർക്കും തോന്നാത്തൊരു ഐഡിയയാണ് ഈ വീഡിയോ ചെയ്‌തയാളുടെ തലയിൽ ഉദിച്ചിരിക്കുന്നത്. സംഭവം വളരെ ഗൌരവമുള്ള വിഷയമാണെങ്കിലും രസത്തിന് വേണ്ടി ചെയ്‌തതാണെന്ന് തോന്നുന്നു.
ഇനി വിഷയത്തിലേക്ക് വരാമേ... ഇലക്‌ട്രിക് സ്‌കൂട്ടർ ബാറാക്കിയതാണ് ഇവിടുത്തെ വിഷയം. അതുമൊരു മലയാളിക്കാണ് ഈ കുബുദ്ധി തലയിൽ കയറിയത്. ഏഥർ റിസ്‌ത ഇവിയുടെ അണ്ടർ സീറ്റ് സ്റ്റോറേജിൽ 12 കുപ്പി ബിയറാണ് ഐസിട്ട് തണുപ്പിക്കാൻ വെച്ചിരിക്കുന്നത്. എന്നിട്ട് ഒരൊറ്റ ഡയലോഗും കൂടിയടിച്ചിട്ടുണ്ട്. 12 ബിയർ വിത്ത് ഐസ്, നടന്നടിക്കും എന്നാണ് റീലിലെ കക്ഷി പറയുന്നത്. ഇദ്ദേഹത്തിന്റെ മുഖമൊന്നും വെളിപ്പെടുത്താതെയാണ് വീഡിയോ ഇട്ടിരിക്കുന്നത്.

അതെന്തായാലും നന്നായി. അല്ലെങ്കിൽ സംഗതി പ്രശ്‌നമായേനേ. വീഡിയോ കണ്ട് ഇത്തരത്തിലുള്ള പണിക്കൊന്നും നിങ്ങൾ നിന്നേക്കരുതേ. കാണാൻ രസമുണ്ടെങ്കിലും ഇതെല്ലാം അൽപം ഗൗരവമുള്ള വിഷയമാണ്. അതുകൊണ്ട് ഇത്തരം കളികൾക്കൊന്നും നിൽക്കേണ്ട കേട്ടോ. എന്തായാലും വീഡിയോയിൽ കാണുന്നത് ഏഥർ എനർജിയുടെ ഫാമിലി സ്‌കൂട്ടറായ റിസ്‌തയെന്ന ഇലക്ട്രിക് സ്‌കൂട്ടറാണ്.
ഈ വർഷം തുടക്കത്തിലാണ് കിടിലൻ ഫീച്ചറുകളും ഒരുപാട് സ്റ്റോറേജ് സ്പേസുമായി ഏഥർ റിസ്‌ത ഇവി ഇന്ത്യൻ വിപണിയിലെത്തുന്നത്. S, Z എന്നീ രണ്ട് വേരിയൻ്റുകളിലും വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും ലഭ്യമായ റിസ്‌തയ്ക്ക് 1.12 ലക്ഷം മുതൽ 1.48 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2.9kW അല്ലെങ്കിൽ 3.7kWh ബാറ്ററിയുമായി വരുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 159 കിലോമീറ്റർ വരെ റേഞ്ച് നൽകാനുമാവും.

മൊത്തത്തിൽ ഏഥർ ഫാമിലി സ്‌കൂട്ടറിന്റെ ഡിസൈൻ വൈവിധ്യമാർന്ന പ്രായത്തിലുള്ള ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്ന് വേണം പറയാൻ. റിസ്‌തയുടെ മറ്റൊരു വലിയ ഹൈലൈറ്റ് അതിന്റെ നീളമേറിയ സീറ്റാണ്. ഇന്ത്യയിലെ ഏതൊരു സ്‌കൂട്ടറിലും കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിപ്പമുള്ള ഇതിൽ രണ്ട് പേർക്ക് സുഖമായി യാത്ര ചെയ്യാനാവും. പെട്രോൾ ടാങ്കില്ലാത്തതിനാൽ സീറ്റിനോളം വലപ്പമുള്ള അണ്ടർസീറ്റ് സ്റ്റോറേജുമുണ്ടേ. ഇതുകൂടാതെ പരന്ന ഫ്ലോർബോർഡും ഇവിയെ വേറിട്ടു നിർത്തുന്ന കാര്യമാണ്.
ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയുള്ള ടച്ച് ടിഎഫ്‌ടി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, പാർക്ക് അസിസ്റ്റ്, ഓട്ടോ ഹിൽ ഹോൾഡ്, റിവേഴ്‌സ് മോഡ് സ്മാർട്ട് ഇക്കോ, സിപ്പ് എന്നീ രണ്ട് റൈഡ് മോഡുകൾ, ഏഥർ സ്കിഡ് കൺട്രോൾ ടെക്‌നോളജി, 34 ലിറ്റർ കാർഗോ ഏരിയ, മാജിക് ട്വിസ്റ്റ് ഫീച്ചർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം ഇതിൽ കോർത്തിണക്കിയിട്ടുണ്ട്.
ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഡ്യുവോ 700W ചാർജർ ഉപയോഗിച്ചാൽ ഏഥർ റിസ്‌ത ഇലക്ട്രിക് സ്കൂട്ടർ 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ സമയം എടുക്കും. അതേസമയം 0-100 ശതമാനം ചാർജ് കൈവരിക്കാൻ 6 മണിക്കൂർ 10 മിനിറ്റ് സമയമാണ് വേണ്ടിവരിക. ഇനി ഏഥറിന്റെ പബ്ലിക് ചാർജിംഗ് ഫെസിലിറ്റിയായ ഏഥർ ഗ്രിഡ് ഉപയോഗിക്കുമ്പോൾ വെറും 10 മിനിറ്റിനുള്ളിൽ 15 കിലോമീറ്റർ റേഞ്ച് റീചാർജ് ചെയ്യാനും സാധിക്കും.


Click it and Unblock the Notifications








