തലപ്പത്തും ബുദ്ധിയുള്ളവരുണ്ട്! കാറിൽ സൺഫിലിം ഒട്ടിക്കാം, അപ്പീൽ പോവില്ലെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍
സൺഫിലിമും കാറും ഒരിക്കലും ചേരാത്ത കോമ്പിനേഷനാണെന്ന് വാദിച്ചിരുന്നവരാണ് നമ്മുടെ കേരള മോട്ടോർ വാഹന വകുപ്പ്. പണ്ടൊക്കെ കാർ വാങ്ങി ഷോറൂമിൽ നിന്നും ഇറങ്ങിയാൽ ആളുകൾ ആദ്യം ചെയ്യുന്ന കാര്യമായിരുന്നു ഗ്ലാസിൽ കറുത്ത സൺഫിലിം ഒട്ടിക്കുക എന്നത്. ചൂട് കുറയ്ക്കാൻ മാത്രമല്ല, കാറിനകത്തെ യാത്രയ്ക്കും സ്വകാര്യത കിട്ടാനായിരുന്നു പലരും ഇത് ചെയ്‌തിരുന്നത്. എന്നാൽ എംവിഡി സൺഫിലുമുകളെ പൂർണമായും എതിർത്ത് രംഗത്തെത്തിയതും പിഴയിട്ടതുമെല്ലാം അധികമാരും മറന്നിട്ടുണ്ടാവില്ല. ചെറിയ രീതിയിൽ പോവും ഒട്ടിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകി. സൺഫിലിം ഒട്ടിച്ചുവന്നവരെ റോഡിൽ തടഞ്ഞുനിർത്തി ഇത് ഗ്ലാസിൽ നിന്നും പറിപ്പിക്കുക വരെയുണ്ടായി.
അങ്ങനെ ഒരിക്കലും ചേരാത്ത കോമ്പിനേഷനാണെന്ന് ഉറപ്പിച്ച് പതിയെ എല്ലാവരും ഇതിനോട് അഡ്‌ജസ്റ്റായി. എങ്കിലും വെയിലത്തും ചൂടത്തുമെല്ലാം പോവുമ്പോൾ എംവിഡിയെയും നിയമത്തേയും ഇപ്പോഴും പ്രാകുന്നവരുണ്ടായിരുന്നു. എന്നാൽ എല്ലാർവർക്കും സന്തോഷം നൽകുന്ന വിധിയുമായി ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി മുമ്പോട്ടു വന്നു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്‌സിംഗ് ഉപയോഗിക്കാമെന്നമായിരുന്നു ആ വിധി.

എന്നാൽ ഇത് എന്തുവില കൊടുത്തും എംവിഡി തടയുമെന്നും അപ്പീൽ പോവുമെന്നുമായിരുന്നു മലയാളികൾ വിശ്വസിച്ചിരുന്നത്. പക്ഷേ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് മോട്ടര്‍വാഹന വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരുപാട് ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഐജി സിഎച്ച് നാഗരാജു നിലപാട് വ്യക്തമാക്കിയത്.
വിധി അതേപടി നടപ്പാക്കാനാണ് തീരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കും വാഹനഉടമകള്‍ക്കും വേര്‍തിരിവ് വേണ്ട എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതു നല്ല തീരുമാനമാണ്. അനാവശ്യമായ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കു മുമ്പുണ്ടായിരുന്നത്. കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിംഗ് ഫിലിം ഒട്ടിക്കാം.

ഇതിനെതിരെ നടപടി ഉണ്ടാകില്ലെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാനുള്ള പരിശോധനകള്‍ നടത്തുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. ചില പ്രീമിയം കാറ്റഗറി കാറുകൾ ഫാക്ടറിയിൽ നിന്ന് ഇത്തരം സുരക്ഷാ ഗ്ലേസിങ്ങുമായാണ് വരുന്നതെന്ന് കോടതി പരാമർശിച്ച കാര്യവും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ആയതിനാൽ വിലകുറഞ്ഞ കാറുകൾ ഉള്ള ആളുകൾക്ക് അത്തരം പ്ലാസ്റ്റിക് ഗ്ലേസിംഗ് സ്ഥാപിക്കാനുള്ള അനുമതി നിഷേധിക്കുന്നത് അന്യായമാണെന്നുമാണ് നാഗരാജു വ്യക്തമാക്കിയത്.
ഈ പുതിയ വിധി നടപ്പാക്കുന്നതിലൂടെ എല്ലാ കാർ ഉടമകൾക്കും സുരക്ഷാ ഗ്ലേസിംഗിൻ്റെ നേട്ടങ്ങൾ ആസ്വദിക്കാനാകും. മുമ്പ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും സൺഫിലിം ഒട്ടിക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മുലയൂട്ടുന്ന സ്ത്രീകൾക്കും മറ്റും മുമ്പ് ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. വാഹനത്തിന്റെ മുന്‍-പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും, സൈഡ് ഗ്ലാസുകളില്‍ 50 ശതമാനവും എങ്കിലും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി.

നേരത്തെ ചട്ടത്തില്‍ ഭേദഗതി വന്നശേഷം ഗ്ലാസുകളില്‍ ഫിലിം ഒട്ടിക്കുന്നവര്‍ക്ക് എതിരെ എംവിഡി നടപടി എടുത്തിരുന്നു. വാഹന നിര്‍മാതാവ് ഗ്ലാസില്‍ ഫിലിം പതിപ്പിച്ചാല്‍ തെറ്റില്ല, ഉടമ പതിപ്പിച്ചാല്‍ തെറ്റ് എന്ന് എങ്ങനെ പറയുമെന്നു കോടതി ചോദിച്ചു. 2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ഭേദഗതി അനുസരിച്ച് മോട്ടോര്‍വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റിഗ്ലേസിംഗ് കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്.
സേഫ്റ്റി ഗ്ലെയ്‌സിംഗ് എന്നാല്‍ ടഫന്‍ഡ് ഗ്ലാസോ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം ലാമിനേറ്റ് ചെയ്തതോ ആകാം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗാണ് അനുവദനീയമായിട്ടുള്ളതെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും ഇനി കാറിൽ സൺഫിലിം ധൈര്യമായി ഒട്ടിക്കാമെന്നത് ആശ്വാസം നൽകുന്ന തീരുമാനമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








