'ദേസി ജി-വാഗണ്‍' 10 ഫോഴ്‌സ് ഗൂർഖകൾ കൂടി കേരള പൊലീസിലേക്ക്
കേരള പൊലീസ് സേനയ്ക്ക് കരുത്തായി പുതുപുത്തൻ ഗൂർഖ എസ്‌യുവികൾ കൂടിയെത്തി. ഇതിനകം തന്നെ സേനയിൽ ഇടംപിടിച്ചിരുന്ന മോഡലുകൾക്ക് പുറമെയാണ് പുത്തൻ യൂണിറ്റുകൾ കൂടി വാങ്ങിയിരിക്കുന്നത്. സേനയില്‍ നിലവിലുള്ള സാധാരണ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ദുര്‍ഘടപാതകള്‍ താണ്ടുകയെന്ന ലക്ഷ്യമാണ് പൊലീസിലെടുത്ത എസ്‌യുവികൾക്കുള്ളത്.
തിരുവനന്തപുരം പൊലീസ് സേനയിലേക്കാണ് ഇപ്പോൾ 10 ഗൂർഖ എസ്‌യുവികൾ കൂടി വാങ്ങിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പൊലീസ് നിരയിലുള്ള മൊത്തം ഗൂർഖകളുടെ എണ്ണം 54 ആയി. സേനയിൽ എസ്‌യുവി വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെന്ന് പുതിയ മോഡലുകളുടെ വരവ് വ്യക്തമാക്കുകയാണ്. അതിനാലാണ് ഈ പുതിയ ബാച്ചിനെ വാഹനവ്യൂഹത്തിലേക്ക് ചേർക്കാൻ സർക്കാർ തീരുമാനിച്ചത്. മഹീന്ദ്ര ബൊലേറോ, ടാറ്റ സുമോ, ടൊയോട്ട ഇന്നോവ, ജീപ്പ് പോലുള്ള വാഹനങ്ങളാണ് ഇപ്പോൾ കേരള പൊലീസ് ഉപയോഗിക്കുന്നത്.

വളരെക്കാലമായി ഇന്ത്യയിലെ ഓഫ്-റോഡിംഗ് കമ്മ്യൂണിറ്റികൾക്കിടയിലെ ജനപ്രിയനായ എസ്‌യുവിയാണ് ഗൂർഖ. മഹീന്ദ്ര ഥാറിന്റെ നിഴലിൽപെട്ട് കിടക്കുകയാണെങ്കിലും വാഹനത്തിന്റെ രണ്ടാംതമലുറ ആവർത്തനം കേരള പൊലീസിന്റെ ഭാഗമായി ഇന്ന് വിലസുകയാണ്. മുമ്പ് മഹീന്ദ്രയുടെ ഓഫ്റോഡ് വാഹനങ്ങൾ പൊലീസിന്റെ ആവശ്യങ്ങൾക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഫോഴ്‌സ് ഗൂർഖയ്ക്കാണ് സർക്കാർ മുൻഗണന കൊടുക്കുന്നതെന്നു വേണം പറയാൻ.
മാത്രമല്ല, ഓഫ് റോഡിലും ഓൺറോഡിലും കിടിലൻ പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ഗൂർഖയെ സേനയുടെ ഔദ്യോഗിക വാഹനമാക്കാനുള്ള കാരണം. 2021-ന്റെ അവസാനത്തിലാണ് ഗൂര്‍ഖയുടെ രണ്ടാം തലമുറ മോഡൽ ഇന്ത്യൻ നിരത്തുകളില്‍ ചീറിപ്പായാൻ തുടങ്ങിയത്. 91 bhp പവറിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് ഫോഴ്‌സ് ഗൂർഖയുടെ ഹൃദയം. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ പുത്തൻ ഗൂർഖയിലില്ല. എന്നിരുന്നാലും എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റ് അതിന്റെ പരുക്കൻ ശൈലിയും 4×4 ഡ്രൈവ്ട്രെയിനുമാണ്. വാഹനത്തിൽ ഏത് തരത്തിലുള്ള ഭൂപ്രദേശത്തും എത്തിച്ചേരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇവയെല്ലാം സഹായിക്കുകയും ചെയ്യും. അതോടൊപ്പം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 700 mm വാട്ടർവേഡിംഗ് കപ്പാസിറ്റിയും മോഡലിനുണ്ട്. പുറത്തേക്ക് ഉയർന്നു നിൽക്കുന്ന സ്നോർക്കലും കാഴ്ച്ചയിൽ കൗതുകമുണർത്തുന്ന കാര്യമാണ്.
എപ്പോൾ വേണമെങ്കിലും ബോണറ്റ് ഉയരത്തിൽ വെള്ളത്തിലൂടെ ഓടാൻ ഈ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റ് സഹായിക്കും. പൊലീസ് സേന ഈ ഇന്ത്യൻ എസ്‌യുവി തെരഞ്ഞെടുക്കാനുള്ള കാരണവും ഇതൊക്കെ പോരെ... നിലവിൽ 14.75 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് പുത്തൻ ഗൂർഖയ്ക്കായി മുടക്കേണ്ടി വരിക. 4116 മില്ലീമീറ്റർ നീളവും 1812 മില്ലീമീറ്റർ വീതിയും 2075 മില്ലീമീറ്റർ ഉയരവും 2400 മില്ലീമീറ്റർ വീല്‍ബേസുമാണ് ഈ വാഹനത്തിന്റെ വലിപ്പം.

നിലവില്‍ 3 ഡോര്‍ പതിപ്പായിട്ടാണ് ഗൂര്‍ഖ എത്തുന്നത്. മെർസിഡീസ് ജി-വാഗനിൽ നിന്നുള്ള ഡിസൈൻ പ്രചോദനത്തോടെയാണ് 2021 മോഡലിനെ ഫോഴ്‌സ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ ഫോഗ് ലാമ്പുകൾക്ക് മുകളിൽ ഇരിക്കുന്ന വൃത്താകൃതിയിലുള്ള ബൈ-എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള പുതിയ ഫ്രണ്ട് ഗ്രില്ലുമാണ് ഡിസൈനിൽ ആകർഷണം ഉയർത്തുന്നത്. പുതിയ 16 ഇഞ്ച് അലോയ് വീലുകളും അടിപൊളിയാണ്. പിന്നിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് പുതിയ ടെയിൽ ലൈറ്റുകളും റൂഫിൽ ഘടിപ്പിച്ച ലഗേജ് കാരിയറിലേക്ക് പ്രവേശിക്കാൻ ഒരു ലാഡറും വരെ കാണാം.
മഹീന്ദ്ര ജീപ്പുകൾ അടക്കിവാണ കേരള പൊലീസ് വാഹന നിരയിൽ അടുത്ത കാലങ്ങളായി കൂടുതൽ ആധുനികമായ പല പുത്തൻ മോഡലുകൾ ഇടംപിടിച്ചിട്ടുണ്ട്. ഗൂർഖയുടെ 5-ഡോർ വേരിയന്റും ഉടൻ തന്നെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോഴ്‌സ് മോട്ടോർസ്. കൂടുതൽ പ്രായോഗികമാവുക എന്ന ലക്ഷ്യത്തോടെ വാരാന്ത്യ സാഹസിക വിനോദങ്ങൾക്കായി കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ലഗേജുകൾ എളുപ്പത്തിൽ കൊണ്ടുപോകാൻ ഉടമകളെ അനുവദിക്കുന്നതും കൂടുതൽ ആകർഷകവുമാവും.


Click it and Unblock the Notifications








