ആദ്യം വാങ്ങിയത് ദുൽഖർ, 6.21 കോടിയുടെ ഫെറാറി വാങ്ങുന്ന രണ്ടാമത്തെ മലയാളിയായി ഈ തൃശൂർക്കാരൻ ഗഡി
സൂപ്പർകാർ എന്നു കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും ഫെറാറിയുടേത്. F1 കാറോട്ട മത്സരങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിലേക്ക് ചേക്കേറിയ ഇറ്റാലിയൻ ബ്രാൻഡ് ഇന്ത്യക്കാർക്കും സുപരിചിതമാണ്. മാരുതി കാറുകൾ റോഡിൽ നിറഞ്ഞോടുന്നതു പോലെ എപ്പോഴും കാണാൻ കിട്ടില്ലെങ്കിലും ഈ പേരിന്റെ പവർ ഒന്ന് വേറെ തന്നെയാണ്. കേരളത്തിൽ അങ്ങനെ അധികം ഫെറാറി ഉടമകളൊന്നുമില്ലാത്തതാവാം ഇതിന്റെ പ്രധാന കാരണം. അടുത്തിടെ മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയായ ദുൽഖർ സൽമാനും കിച്ചൺ ട്രഷേഴ്‌സിന്റെ ഓണറായ വിജു ജേക്കബും പുത്തൻ ഫെറാറികൾ വാങ്ങിയിരുന്നു. രണ്ട് പേരും രണ്ട് വ്യത്യസ്‌ത മോഡലുകളാണ് വാങ്ങിയതും.
വിജു ജേക്കബ് ഫെറാറി റോമ വാങ്ങിയപ്പോൾ ദുൽഖർ സൽമാൻ സ്വന്തമാക്കിയത് 296 GTB എന്ന സൂപ്പർകാറായിരുന്നു. കേരളത്തിൽ ഫെറാറിയുടെ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായിരുന്നു ഡിക്യു. ഇപ്പോഴിതാ കേരളത്തിലേക്ക് രണ്ടാമത്തെ 296 GTB കൂടി എത്തിയിരിക്കുകയാണ്. ഇനി ആരാണ് വാങ്ങിയതെന്ന് ചോദിച്ചാൽ യൂസഫ് അലിയോ ബോബി ചെമ്മണ്ണൂരോ ഒന്നുമല്ല കേട്ടോ, തൃശൂരിൽ നിന്നുമുള്ള ഒന്നാന്തരമൊരു വണ്ടിഭ്രാന്തനാണ് കോടികൾ മുടക്കി ഫെറാറിയുടെ ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിലേക്ക് രണ്ടാമത്തെ ഫെറാറി 296 GTB സൂപ്പർകാർ കൊണ്ടുവന്നിരിക്കുന്നത് തൃശൂർക്കാരനായ വിബിൻ ദാസാണ്. ഇതിനോടകം വലിയ ആഡംബര കാറുകളും സൂപ്പർകാറുകളും സ്വന്തമായുള്ള കക്ഷിയുടെ പുതിയ വാഹനം അൽപം പ്രത്യേകതകൾ നിറഞ്ഞതാണ്. അറ്റലിയർ ഗ്രിജിയോ സ്കുറോ എന്ന പ്രത്യേക കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ മോഡലിന് ധാരാളം പ്രത്യേകതകളും ഉണ്ട് കേട്ടോ.
5.40 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഫെറാറി 296 GTB സൂപ്പർകാറിന് 6.21 കോടി രൂപയോളം വരും ഇന്ത്യയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. 6 സിലിണ്ടറുള്ള ബ്രാൻഡിന്റെ ആദ്യത്തെ റോഡ് കാറാണിതെന്നാണ് വിശേഷിപ്പിക്കുന്നത്. 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് മിഡ്-എഞ്ചിൻ സ്‌പോർട്‌സ് കാറിന്റെ ഹൃദയം.

ഹൈബ്രിഡ്-ഇലക്‌ട്രിക് പവർട്രെയിനോട് കൂടി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 809 bhp കരുത്തിൽ പരമാവധി 740 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻമിഷനുമായി വരുന്ന ഫെറാറിയുടെ സൂപ്പർകാറിന് ഇ-ഡിഫറൻഷ്യലും ലഭിക്കും. 7.45kWh ബാറ്ററി പായ്ക്കുമായി വരുന്നതിനാൽ ഇലക്ട്രിക് മോഡിൽ മാത്രം 25 കിലോമീറ്റർ ദൂരം ഓടാനും വാഹനത്തിനാവും.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 2.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ ഫെറാറി 296 GTB സൂപ്പർകാറിന് കഴിയും. അതേസമയം മോഡലിന്റെ പരമാവധി വേഗത 339 കിലോമീറ്ററാണെന്നും ഇറ്റാലിയൻ ബ്രാൻഡ് പറയുന്നു. ഇ-ഡ്രൈവ്, ഹൈബ്രിഡ്, പെർഫോമൻസ്, ക്വാളിഫൈ എന്നിങ്ങനെ വ്യത്യസ്‌തമായ നാല് ഡ്രൈവ് മോഡുകളും മാരനെല്ലോയുടെ മിഡ്-റിയർ എഞ്ചിൻ ടു-സീറ്റർ വാഹനത്തിലുണ്ട്.

ഡിസൈൻ ഹൈലൈറ്റുകളിലേക്ക് നോക്കിയാൽ ടിയർഡ്രോപ്പ് ആകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് ബമ്പറിന്റെ നീളത്തിൽ പോവുന്ന എയർ ഡാം, ഡോറിൽ ഘടിപ്പിച്ച ORVM-കൾ, സ്ലീക്ക് എൽഇഡി ടെയിൽ ലൈറ്റ്, വെൻട്രലി-മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, വലിയ ഡിഫ്യൂസർ എന്നിവയെല്ലാമാണ് സൂപ്പർകാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൗൺഫോഴ്‌സിനെ സഹായിക്കുന്ന ഒരു ആക്റ്റീവ് റിയർ സ്‌പോയിലറും ജിടിബിയിലുണ്ട്.
കാർബൺ ഫൈബർ സ്റ്റിയറിംഗ് വീൽ, 20 ഇഞ്ച് ഫോർജ്ഡ് റിമ്മുകൾ, സറൗണ്ട് വ്യൂ ക്യാമറ, ടൈറ്റാനിയം വീൽ ബോൾട്ടുകളും ഉള്ളിൽ കോൺട്രാസ്റ്റ് കളർ സ്റ്റിച്ചിംഗ് എന്നിവയാണ് കാറിലെ മറ്റ് പ്രധാന ഫീച്ചറുകൾ. കേരളത്തിലേക്ക് രണ്ടാമത്തെ ഫെറാറി 296 GTB സൂപ്പർകാർ ഓണർ നിസാരക്കാരനല്ല കേട്ടോ. പോർഷ, ബിഎംഡബ്ല്യു, ലെക്‌സസ്, ലാൻഡ് റോവർ ഡിഫെൻഡർ തുടങ്ങിയ നിരവധി ആഡംബര കാറുകളാൽ സമ്പന്നമാണ് വിബിൻ ശിവ്ദാസിന്റെ പോർച്ച്.


Click it and Unblock the Notifications







