ഗുരുവായൂരപ്പന് പിന്നാലെ i10 കാർ ശബരിമല അയ്യപ്പനും, ഡ്രൈവർ ഒഴിവുണ്ടോയെന്ന് കമന്റുകൾ
ഇന്ത്യയുടെ പലകോണുകളിൽ നിന്നും ഭക്തൻമാരെത്തുന്ന കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. മലയാളികളേക്കാൾ കൂടുതൽ ഭക്തൻമാരും മാലയിട്ട് മലചവിട്ടാനെത്തുന്നത് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ്. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നതെന്നാണ് കണക്കുകൾ. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർഥാടനമോ നടക്കുന്നില്ലെന്നതും ഒരു പ്രത്യേകതയാണ്. എല്ലാ മലയാള മാസത്തേയും ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ഇവിടെ സന്ദർശനമനുവദിക്കുന്നു.
നവംബർ-ഡിസംബർ മാസങ്ങളിൽ വൃശ്ചികം ഒന്ന് മുതൽ ധനു മാസത്തിലെ 11 വരെ നീളുന്നതും മണ്ഡലക്കാലം എന്നറിയപ്പെടുന്നതുമായ 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർഥാടന കാലയളവ്. ഇക്കാര്യങ്ങളെല്ലാം മലയാളികൾക്കെല്ലാം കാണാപാഠമാണ്. എങ്കിലും ചെറിയൊരു ഇൻട്രോ പറഞ്ഞുവെന്നേയുള്ളൂ. സാധാരണയായി അമ്പലങ്ങളിൽ കണിക്ക സമർപ്പണം പതിവുള്ളതാണ്. എന്നാൽ അടുത്തകാലത്തായി കാറുകളും കാണിക്ക കൊടുക്കുന്നൊരു പതിവ് ഇങ്ങ് കേരളത്തിലും ട്രെൻഡായിരിക്കുയാണ്.

ഗുരുവായൂരപ്പനാണ് ഏറ്റവും കൂടുതൽ കാറുകൾ കാണിക്കയായി ലഭിച്ചിട്ടുള്ളതെന്ന് വേണമെങ്കിൽ പറയാം. ഇക്കഴിഞ്ഞ ദിവസം ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കും ഇത്തരത്തിൽ ഗുരുവായൂരമ്പലത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഗുരുവായൂരപ്പന് പിന്നാലെ i10 കാർ ശബരിമല അയ്യപ്പനും കാണിക്കയായി സമർപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ഹ്യുണ്ടായിയുടെ പ്രമുഖ വിതരണക്കാരായ കേശ്‌വിൻ ഹ്യുണ്ടായി.
കാറിന്റെ താക്കോല്‍ എംഡി ഉദയ്കുമാര്‍ റെഡ്ഡി ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനു കൈമാറി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ചന്ദന്‍, സിഇഒ സഞ്ജുലാല്‍ രവീന്ദ്രന്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥ് എന്നിവരും താക്കോൽ ദാനച്ചടങ്ങിൽ പങ്കെടുത്തു. കാറിന്റെ ഏത് വേരിയന്റാണ് കൊടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗുരുവായൂരിൽ കാണിക്കയായി സമർപ്പിച്ചത് ഗ്രാൻഡ് i10 നിയോസിന്റെ ബേസ് മോഡലായിരുന്നു.

ഒരേ ഡീലർഷിപ്പായതിനാൽ ശബരിമല ശാസ്‌താവിനും ഗ്രാൻഡ് i10 നിയോസിന്റെ ബേസ് മോഡലാവും സമ്മാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വാർത്തകൾക്ക് താഴെ വരുന്ന കമന്റും വൈറലാവുന്നുണ്ട്. ഡ്രൈവർ ഒഴിവുണ്ടോയെന്ന് ചിലർ കമന്റ് അടിക്കുമ്പോൾ ആ മല മുകളിൽ i10 കൊണ്ട് എന്ത് കാണിക്കാനാ, കൊടുക്കുമ്പോൾ 4x4 ഥാർ അല്ലെങ്കിൽ ജീപ്പ് എങ്കിലും കൊടുക്കണ്ടേയെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
5.92 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ബേസ് വേരിയന്റായ എറ 1.2 പതിപ്പിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി 7.02 ലക്ഷം രൂപയാണ് ഓൺറോഡ് വിലയായി കേരളത്തിൽ മുടക്കേണ്ടി വരുന്നത്. അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും ചേർന്ന മികച്ചൊരു ഫാമിലി കാറായാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്ക് അറിയപ്പെടുന്നത്. സുരക്ഷയിലും മോശമല്ലാത്ത വിധത്തിലാണ് കമ്പനി കാറിനെ വിപണനത്തിന് എത്തിക്കുന്നത്.

6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് പ്രിറ്റെൻഷനറുകളും ലോഡ് ലിമിറ്ററുകളും, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സെൻട്രൽ ലോക്കിംഗ്, ആൻ്റി തെഫ്റ്റ് അലാറം, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഡോർ അജാർ വാർണിംഗ്, എഞ്ചിൻ ഇമ്മൊബിലൈസർ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളെല്ലാം അയ്യപ്പന് കാണിക്കയായി കൊടുത്ത ഗ്രാൻഡ് i10 നിയോസിൽ സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ട്.
കീലെസ് എൻട്രി, എയർ കണ്ടീഷണർ, ഡിജിറ്റൽ ഓഡോമീറ്റർ, ഫ്രണ്ട് പവർ വിൻഡോകൾ, അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റുകൾ, ഫുട്‌വെൽ ലൈറ്റിംഗ്, ഫാബ്രിക് അപ്ഹോൾസ്റ്ററി, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, 12V പവർ ഔട്ട്ലെറ്റ്, ഡ്യുവൽ-ടോൺ ഇൻ്റീരിയർ കളർ, ബേഡി കളർ ബംബറുകൾ, ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ എന്നിവയെല്ലാമാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ബേസ് വേരിയന്റായ എറയിൽ ലഭിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.
1.2 ലിറ്റർ 4-സിലിണ്ടർ കാപ്പ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ ഹൃദയം. ഇത് 6000 ആർപിഎമ്മിൽ 81.80 bhp കരുത്തും 4000 ആർപിഎമ്മിൽ 113.8 Nm ടോർക്കും വരെ വികസിക്കാനും കഴിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനാണ് കാറിൽ തെരഞ്ഞെടുക്കാനാവുക. ലിറ്ററിന് 18 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








