മഞ്ഞുവീഴ്ച്ചയിൽ കാറോടിക്കേണ്ടത് ഇങ്ങനെ; അറിയാതെ പോയാൽ പണിപാളും
സോഷ്യൽ മീഡിയയുടെ വരവോട് കൂടി ഇന്ത്യയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് വലുതാണ്. ഓരോ വീഡിയോകൾ കണ്ടും മറ്റ് ലക്ഷ്യങ്ങളുമെല്ലാമായി കാശ്‌മീരിലേക്കും ലഡാക്കിലേക്കും ഹിമാചലിലേക്കുമെല്ലാം ട്രിപ്പ് പോവുന്നവരുടെ എണ്ണം ഇതിനെല്ലാം ഉദാഹരണമാണ്. പ്രത്യേകിച്ച് സ്വന്തമായി കാറിലോ ബൈക്കിലോ എല്ലാം ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാനാണ് പലരും താത്പര്യപ്പെടുന്നത്.
പക്ഷേ നമ്മുടെ നാടിനെ അപേക്ഷിച്ച് ഇവിടുത്തെ കാലവസ്ഥ തികച്ചും വ്യത്യസ്‌തമാണ്. മാത്രമല്ല കാലവസ്ഥക്ക് അനുസരിച്ച് ഡ്രൈവിംഗും ഇവിടെ അൽപം പ്രയാസകരമാണെന്ന് പറയാതെ വയ്യ. കുന്നുകളും മലകളും ഒക്കെ കറങ്ങാൻ എല്ലാവർക്കും ഇഷ്ടമായിരിക്കുമെങ്കിലും യാത്ര സേഫാക്കാൻ ചില മുൻകരുതലുകളും അറിവുകളും വേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്. ഇപ്പോൾ ഹിമാചൽ ഉൾപ്പടെയുള്ള വിവിധ പ്രദേശങ്ങളിൽ തീവ്രമായ മഞ്ഞുവീഴ്ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആയതിനാൽ കാറിലുള്ള യാത്ര അൽപം ബുദ്ധിമുട്ടേറിയ ഒന്നായിരിക്കാം.

പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് പോലും ഇത്തരം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയും വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആയതിനാൽ ബ്രേക്കുകൾ, സ്റ്റിയറിംഗ്, ആക്സിലറേഷൻ, ഗിയർ മാറ്റൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും സാവധാനത്തിലും സുഗമമായും പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്. നിങ്ങൾ ഇത്തരം റോഡുകളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചാൽ ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില ഡ്രൈവിംഗ് ടിപ്പുകൾ പറഞ്ഞുതരാം.
സാവധാനത്തിലും സ്ഥിരതയിലും ഡ്രൈവ് ചെയ്യുക എന്നതാണ് ആദ്യ എടുക്കേണ്ട തീരുമാനം. മഞ്ഞുവീഴ്ച്ചയുള്ള സാഹചര്യങ്ങളിൽ ഉയർന്ന വേഗതയിൽ വാഹനമോടിക്കുന്നത് അപകടം വിളിച്ചുവരുത്താൻ കാരണമായേക്കാം. മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിൽ കുറഞ്ഞ ദൃശ്യപരതയും വഴുവഴുപ്പുള്ള റോഡുകളും കൂടിച്ചേർന്നാൽ വാഹനത്തിന് അതിന്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമാവും. ഇത്തരം സാഹചര്യങ്ങളിൽ സാവധാനത്തിലും സ്ഥിരതയോടെയും വാഹനമോടിക്കുന്നത് മികച്ച തീരുമാനങ്ങളിൽ ഒന്നായിരിക്കും.

വാഹനമോടിക്കുമ്പോൾ ഏറ്റവും ആവശ്യമായ ഒന്നാണല്ലോ കാഴ്ച്ച. ഇത് മൂടാതിരിക്കാൻ വിൻഡ്‌ഷീൽഡും ജനലുകളും ഡീഫ്രോസ്‌ഡ് ആയി സൂക്ഷിക്കുകയാണ് വേണ്ടത്. കാർ പുറത്തെടുക്കുന്നതിന് മുമ്പ്, മികച്ച ദൃശ്യപരത ഉറപ്പാക്കാൻ വിൻഡ്ഷീൽഡും എല്ലാ വിൻഡോകളും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. വിന്റർ ഡ്രൈവിംഗിൽ അപകടമുണ്ടാവാൻ കാരണമാവുന്ന വില്ലനാണ് ഗ്ലാസിൽ മിസ്റ്റടിക്കുന്നത്. ഇതിനെ മറികടക്കാനായി വിൻഡ്‌ഷീൽഡും ജനാലകളും അകത്തും പുറത്തും വൃത്തിയാക്കുക. ഡീഫോഗ് ചെയ്യുന്നതിനായി വിൻഡോകൾ കുറച്ചുനേരം താഴ്ത്തി ശുദ്ധവായു ശ്വസിക്കുന്നതും മികച്ച നീക്കമായിരിക്കും.
ഇൻഡിക്കേറ്ററുകൾ കൃത്യമായി ഉപയോഗിക്കുക എന്നതാണ് അടുത്തതായി വിന്റർ ഡ്രൈവിംഗിൽ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യം. ശൈത്യകാലത്ത്, ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴെല്ലാം ഇവ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് നിങ്ങളുടെ വാഹനത്തെ മനസിലാക്കാനും വേണ്ട നീക്കങ്ങൾ നടത്താനും സഹായകരമാവും. ഏതെങ്കിലും വശത്തേക്ക് തിരിയാൻ തീരുമാനിച്ചു കഴിഞ്ഞാൽ അതിന് മുന്നോടിയായി തന്നെ ഇൻഡിക്കേറ്റർ ഉപയോഗിക്കാനും ശ്രമിക്കണം.

ലോ ബീമിൽ ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും മഞ്ഞുവീഴ്ച്ചയുള്ള സമയങ്ങളിൽ അത്യാവിശ്യമാണ്. ഇത്തരം കാലാവസ്ഥയുള്ള സമയങ്ങളിൽ ഹൈ ബീമുകൾ ഉപയോഗിക്കുന്നത് നല്ല ആശയമാണെന്ന് തോന്നിയേക്കാം. പക്ഷേ ഇത് എതിരെ വരുന്ന വാഹനങ്ങൾക്ക് വലിയ തടസമുണ്ടാക്കുന്ന ഒന്നാണ്. മാത്രമല്ല, ഹൈ ബീമുകൾ മൂടൽമഞ്ഞിനെ പ്രതിഫലിപ്പിക്കുകയും കാഴ്ച്ച കുറയ്ക്കുകയും ചെയ്യുന്നു. ആയതിനാൽ കാർ ഹെഡ്‌ലൈറ്റുകൾ ലോ ബീമിലാണെന്ന് ഉറപ്പുവരുത്തേണം.
വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതും വളരെ അത്യാവിശ്യമാണ്. മഞ്ഞുവീഴ്ചയിലും മഞ്ഞുമൂടിയ റോഡിലും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാണെന്നും മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണമെന്നും ഉറപ്പാക്കുക. ജാഗ്രത പാലിക്കുക എന്നത് ഇത്തരം സാഹചര്യങ്ങളിൽ പരമപ്രധാനമാണ്. അടിയന്തിര സാഹചര്യങ്ങളിൽ പ്രതികരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് നിങ്ങൾക്ക് മതിയായ സമയം അനുവദിക്കും.


Click it and Unblock the Notifications








