ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ചുഴലിക്കാറ്റിൽ നിന്നും കാറിനെ എങ്ങനെ സംരക്ഷിക്കാം
ഈ വർഷത്തെ പ്രീ മൺസൂൺ സീസണിലെ (Pre-Monsoon) ആദ്യ ന്യൂനമർദത്തിന് ഒരുങ്ങി ബംഗാൾ ഉൾക്കടൽ (Bay Of Bengal). ഇതേതുടർന്ന് മെയ് ഒമ്പതോടെ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം.
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മോക്ക (Mocha) എന്ന പേരിലാണ് ഇത് അറിയപ്പെടുക. കേരളത്തിൽ മഴ ശക്തമാവുന്നുണ്ടെങ്കിലും മോക്ക ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിക്കില്ല. അടുത്തയാഴ്ച്ച ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളെയാവും ഇത് ബാധിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 8 മുതൽ മെയ് 11 വരെ വരാനിരിക്കുന്ന ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാന സർക്കാരുകളും അവരുടെ ഏജൻസികളും സജ്ജമായിട്ടുണ്ട്.

എന്നാൽ കേരളത്തിൽ ഉൾപ്പടെ മഴ കനക്കുമ്പോൾ വാഹന ഉടമകൾ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ ഒന്നിലധികം ചുഴലിക്കാറ്റുകൾ വീശിയടിക്കുകയും വൻനാശനഷ്‌ടങ്ങളും വരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മെയ് ഏഴിന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 70 കിലോമീറ്ററായി വർധിക്കുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. പല കാർ ഉടമകളും തങ്ങളുടെ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഇതിനോടകം തന്നെ ആശങ്കാകുലരായിട്ടുണ്ടാവും. വരാനിരിക്കുന്ന ചുഴലിക്കാറ്റിന്റെ രോഷത്തിൽ നിന്ന് കാറുകളെയും മറ്റ് വാഹനങ്ങളെയും സംരക്ഷിക്കുന്നതിന് എന്തു ചെയ്യണമെന്ന് അറിയാത്തവരും നമുക്കിടയിലുണ്ട്. ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ നിന്നും വാഹനങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നുള്ള ചില പൊടികൈകൾ ഒന്നു പറഞ്ഞുതരാം.

അടച്ചിട്ട സ്ഥലത്ത് പാർക്ക് ചെയ്യാം: ഒരു ചുഴലിക്കാറ്റ് പോലെയുള്ള പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ വാഹനങ്ങൾ അടച്ചിട്ട സ്ഥലത്ത് പാർക്ക് ചെയ്യുന്നതാവും അത്യുത്തമം. തുറസായ സ്ഥലത്ത് പാർക്ക് ചെയ്യുന്നത് അപകടമാണ്. മരങ്ങളോ അല്ലെങ്കിൽ മതിലുകളോ ഇടിഞ്ഞുവീണ് വാഹനത്തിന് കേടുപാടുകൾ വരാൻ ഇത് കാരണമായേക്കും. അതേസമയം അടച്ചിട്ട സ്ഥലങ്ങളിലാണെങ്കിൽ ഇതിൽ നിന്നെല്ലാം രക്ഷനേടാനാവും. ഇത്തരം പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമല്ലെങ്കിൽ മുകളിൽ മരങ്ങളോ മറ്റ് വസ്‌തുക്കളോ ഇല്ലാത്തതോ തുറസായ പ്രദേശങ്ങളിലോ വണ്ടി പാർക്ക് ചെയ്യാൻ ശ്രമിക്കുക.
താഴ്ന്ന പ്രദേശങ്ങളിൽ പാർക്കിംഗ് ഒഴിവാക്കുക: ബേസ്മെൻറ് പാർക്കിങ്ങിലോ താഴ്ന്ന പ്രദേശങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന കാർ ഉടമകൾ ചുഴലിക്കാറ്റ് അവസാനിക്കുന്നതുവരെ ഇത് ഒഴിവാക്കണം. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാവാൻ കാരണമായേക്കാം. ചിലപ്പോൾ പരിഹരിക്കാനാകാത്ത തകരാറുകൾ പോലും സംഭവിച്ചേക്കാം.

വാഹനം കവർ ചെയ്യാം: കാലാവസ്ഥ എങ്ങനെയാണെങ്കിലും കാറോ ബൈക്കോ അതിന്റെ കവർ ഉപയോഗിച്ച് മൂടിയിടുന്നത് ശരിയായ തീരുമാനങ്ങളിൽ ഒന്നാണ്. സാധാരണ സാഹചര്യങ്ങളിൽ ഒരു കവർ വാഹനത്തിന്റെ പുറംഭാഗത്തെ പക്ഷികളുടെ കാഷ്ഠത്തിൽ നിന്നും അഴുക്കും പൊടിയും പോലെയുള്ള മറ്റ് ദോഷകരമായ ഘടകങ്ങളിൽ നിന്നും സംരക്ഷിക്കും. ചുഴലിക്കാറ്റോ മഴയോയുള്ള സമയത്ത് കട്ടിയുള്ള പ്രൊട്ടക്ഷൻ കവറിന് വാഹനത്തിന്റെ ബോഡിയെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ കഴിയും.
ഹാൻഡ് ബ്രേക്കിൽ ഇടാം: വാഹനം പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് വലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ശക്തമായ കാറ്റ് വീശിയാൽ വാഹനം അതിന്റെ സ്ഥാനത്ത് നിന്ന് തെന്നിനീങ്ങാതിരിക്കാൻ ഇത് സഹായിക്കും. തുറസായ സ്ഥലത്ത് കാർ പാർക്ക് ചെയ്യാൻ നിർബന്ധിതരായവർ ഇത് പ്രത്യേകിച്ചും ഓർമിക്കേണ്ട കാര്യമാണേ. സാധാരണ പാർക്കിംഗ് സമയത്ത് നാം സാധാരണയായി ചെയ്‌ത് വരുന്ന കാര്യമാണിതെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇക്കാര്യം മറക്കാതിരിക്കാൻ ശ്രദ്ധിക്കാം.


Click it and Unblock the Notifications








