കാർ കഴുകാൻ എത്തിയ പിള്ളേർക്ക് 5-സ്റ്റാർ ഡിന്നർ കൊടുത്ത് ഈ മനുഷ്യൻ, വൈറൽ വീഡിയോ
ട്രാഫിക് സിഗ്നലുകളിൽ ചെറിയ സാധനങ്ങൾ വിൽക്കുന്നവരും കാർ വൃത്തിയാക്കുന്നവരും ഭിക്ഷാടനക്കാരേയും എല്ലാം കാണുന്നത് ഇന്ത്യയിൽ അത്ര അസാധാരണമല്ലാത്ത കാര്യമാണ്. കളിപ്പാട്ടങ്ങളും കാർ വിൻഡ്ഷീൽഡിൽ ഒട്ടിക്കുന്ന മാസ്‌ക്കുകളുമെല്ലാം നാം പലപ്പോഴും വാങ്ങാറുണ്ട്. കേരളത്തിലെ വലിയ നഗരങ്ങളിൽ മാത്രമാണ് ഇത്തരം കാര്യങ്ങൾ കാണാനാവുന്നതെങ്കിലും വടക്കേ ഇന്ത്യയിലെല്ലാം ഇതൊരു സ്ഥിരം കാഴ്ച്ചയാണെന്ന് വേണം പറയാൻ.
മുതിർന്നവർ മാത്രമല്ല, കുട്ടികളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പതിവാണ് സിമ്പതിയുടെ പേരിൽ പലപ്പോഴും നാം ഇത്തരം കാര്യങ്ങളിൽ വീഴാറുമുണ്ടല്ലേ. പക്ഷേ ഇത്തരത്തിൽ കാർ വൃത്തിയാക്കാൻ വന്ന വഴിയോരക്കച്ചവടക്കാരായ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി 5-സ്റ്റാർ ഡിന്നർ കൊടുത്ത വ്ലോഗറിന്റെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ വൈറൽ കണ്ടന്റ്. കാറിൽ സഞ്ചരിക്കുന്ന കവൽജീത് സിംഗ് എന്നയാൾ ട്രാഫിക് സിഗ്നലിൽ കാർ വൃത്തിയാക്കുന്ന കുട്ടികളെ ശ്രദ്ധിക്കുകയും അവരെ തന്റെ കാറിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

കവൽജീത് സിംഗ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷെവർലെ ക്രൂസ് സെഡാനിൽ സഞ്ചരിക്കുന്ന കവൽജീത് പിൻസീറ്റിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ വിൻഡോകളും വിൻഡ്‌സ്‌ക്രീനും വൃത്തിയാക്കുന്നത് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വിൻഡോ താഴ്ത്തി തന്റെ കാർ വൃത്തിയാക്കുന്ന കുട്ടികളോട് അദ്ദേഹം സംസാരിക്കുന്നു. രാത്രി അത്താഴം വാങ്ങാൻ പണം സമ്പാദിക്കാനാണ് കുട്ടികൾ ഈ ജോലി ചെയ്യുന്നതെന്ന് അയാൾ മനസിലാക്കുന്നു.
ഉടൻ അവരോട് അത്താഴം കഴിക്കുന്ന സ്ഥലത്തെക്കുറിച്ചാണ് കാർ ഉടമ ചോദിക്കുന്നത്. അവർ നിൽക്കുന്നിടത്ത് നിന്ന് റോഡിന് താഴെയുള്ള ഒരു ചെറിയ കടയിലേക്കായിരുന്നു കുട്ടികൾ കൈചൂണ്ടിയത്. എല്ലാ കുട്ടികളോടും കാറിനുള്ളിൽ കയറാൻ ഉടമ ആവശ്യപ്പെടുകയും അവർക്ക് ഹോട്ടലിൽ നിന്നും അത്താഴം വാങ്ങിത്തരാമെന്ന് പറയുകയും ചെയ്‌തു. പക്ഷേ ഈ കഥയിലെ ട്വിസ്റ്റ് എന്താണെന്നു വെച്ചാൽ അടുത്തുള്ള 5-സ്റ്റാർ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ കവൽജീത് തന്റെ ഡ്രൈവറോട് ആവശ്യപ്പെടുന്നു.

വീഡിയോയിൽ കാണുന്ന മിക്ക കുട്ടികളും 10 വയസിന് താഴെ പ്രായമുള്ളവരാണെന്നത് യഥാർത്ഥത്തിൽ സങ്കടകരമായ കാഴ്ച്ചയാണ്. ഇത്രയും സാധാരണക്കാരായ കുട്ടികൾക്ക് സ്വപ്‌നം കാണാൻ പോലും കഴിയാത്തൊരു കാര്യമാണ് ഷെവർലെ ക്രൂസ് ഉടമ ചെയ്‌തത്. 5-സ്റ്റാർ ഹോട്ടലിലേക്കാണെന്ന് മനസിലാക്കിയ പിള്ളേര് ആവേശഭരിതരാവുന്നത് കാണാം. അവരിൽ ഒരാൾ കവൽജീത്തിനോട് സാധാരണയായി ഭക്ഷണം കഴിക്കുന്ന കട ഉപേക്ഷിച്ചോ എന്ന് ചോദിക്കുന്നതും കേൾക്കാം.
5-സ്റ്റാർ ഹോട്ടലിലെ ജീവനക്കാർ ഉടമയെയും കുട്ടികളെയും ഹോട്ടലിനുള്ളിലെ റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. അകത്ത് നിന്ന് ഒരു പഞ്ചനക്ഷത്ര ഹോട്ടൽ കാണുന്നത് ഇതാദ്യമായതിനാൽ കുട്ടികൾ വളരെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. കവൽജീത്തും കുട്ടികളും റെസ്റ്റോറന്റിൽ നിന്നും വേണ്ടുവോളം അത്താഴം കഴിച്ചു. അവിടുന്ന് കുട്ടികളെ തിരിച്ചെത്തിക്കാൻ കവൽജീത് ഇന്നോവയാണ് ഏർപ്പാട് ചെയ്‌തത്. ബിസിനസ്, ബ്രാൻഡ്, മീഡിയ കൺസൾട്ടന്റും പൊളിറ്റിക്കൽ അനലിസ്റ്റുമായാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.

അവർ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിന് സന്തോഷം തോന്നിയെന്ന് വീഡിയോയ്ക്ക് താഴെ കുറിപ്പായി അദ്ദേഹം എഴുതിച്ചേർത്തു. ജീവിതത്തിന്റെ സൗന്ദര്യം കേവലം വ്യക്തിപരമായ വിജയങ്ങളിൽ മാത്രമല്ല, മറ്റുള്ളവർക്കായി പങ്കിടുന്നതിലും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലുമാണെന്ന് കുറിപ്പിൽ അദ്ദേഹം പറയുന്നു. കുട്ടികൾക്ക് പണം നൽകുന്നതിന് പകരം ഭക്ഷണം വാങ്ങി നൽകിയത് തീർച്ചയായും കൈയടി അർഹിക്കുന്ന കാര്യമാണ്.
ഇത്തരം ഒരനുഭവം കുട്ടുകളുടെ ജീവത്തിൽ ഇതാദ്യമായിരിക്കുമെന്നത് മാത്രമല്ല, ചിലപ്പോൾ അവരുടെ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത കാര്യം കൂടിയായി ഈ അത്തഴം മാറിയേക്കും. ഈ വീഡിയോ കണ്ട നിരവധി ഫോളോവേഴ്സ് കവൽജീത് സിംഗിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയുണ്ടായി. പബ്ലിസിറ്റിക്ക് വേണ്ടിയല്ല, പകരം ഇത്തരം നല്ലകാര്യങ്ങൾ ചെയ്യുന്നത് സമൂഹത്തെ അറിയിക്കുന്നത് അവർക്കും പ്രചോദനമാവട്ടെ.


Click it and Unblock the Notifications








