Fancy Number Plate പോര്‍ഷ കാറിന് പോഷ് നമ്പർ, 'KL 7 DA 9999' നമ്പറിന് മുടക്കിയത് 13 ലക്ഷം രൂപ
ഒരു പുത്തൻ വണ്ടി വാങ്ങിയാൽ അതിനൊരു ഒരു ഫാൻസി നമ്പർ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിനായി മുടക്കാൻ പണമില്ലാത്തതുകൊണ്ട് കിട്ടുന്ന നമ്പരുമായി നിരത്തിലിറങ്ങാനാണ് ഏവർക്കും താത്പര്യം. നമ്മുടെ വാഹനത്തിന് പ്രത്യേകവും വേറിട്ടതുമായ ഐഡന്റിറ്റി നൽകാനാണ് ഫാൻസി നമ്പർപ്ലേറ്റിന്റെ പിന്നാലെ പായുന്നത്.
കാറിനും ബൈക്കിനും മൊബൈൽ ഫോണിനും ഫാൻസി നമ്പർ വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഇതിനായി ലക്ഷങ്ങളും കോടികളും വരെ മുടക്കാനും പലരും തയാറാണ്. സിനിമാ നടൻ മമ്മൂട്ടിയും മോഹൻലാലുമെല്ലാം വാഹനം വാങ്ങിയാൽ തങ്ങളുടെ പ്രിയ നമ്പർ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രമിക്കാറുള്ളതും വലിയ വാർത്തകളാണ്. വലിയ ബിസിനസ് പ്രമുഖരും സിനിമാ താരങ്ങളുമാണ് ഫാൻസി നമ്പർ പ്ലേറ്റിന്റെ പിന്നാലെ പായുന്ന പ്രമുഖർ.

1988-ലെ മോട്ടോർ വാഹന നിയമം അനുസരിച്ച് എല്ലാ വാഹന ഉടമകളും അവരുടെ വാഹനങ്ങൾ ആർടിഒ നമ്പർ പ്ലേറ്റ് നിയമങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യുകയും വാഹനത്തിന്റെ പിൻഭാഗത്തും മുൻവശത്തും വാഹന നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കുകയും വേണം. ദേ ഇപ്പോൾ നമ്മുടെ സ്വന്തം എറണാകുളത്ത് KL 7 DA 9999 വാഹന നമ്പറിനായി 13.01 ലക്ഷം രൂപ മുടക്കി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് ഒരു ബിസിനസുകാരൻ.
പുതുതായി വാങ്ങിയ തന്റെ പോർഷ കയീൻ GTS ആഡംബര എസ്‌യുവിക്കായാണ് ജിജി കോശി എന്നയാൾ ലക്ഷങ്ങൾ ചെലവഴിച്ചിരിക്കുന്നത്. ലേലത്തിലൂടെയാണ് അദ്ദേഹം KL 7 DA 9999 എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചു പേർ പങ്കെടുത്ത ഓൺലൈൻ ലേലത്തിലാണ് ഇത്രയും തുക ചെലവഴിച്ചിരിക്കുന്നത്. ലേലത്തിന് മുന്നോടിയായി ഫാൻസി നമ്പർ ഫീസായി 50,000 രൂപ അടച്ചാണ് ജിജി ലേലത്തിൽ പങ്കെടുത്തത്.

ഈ തുക കൂടാതെ ഓൺലൈൻ ലേലത്തിൽ 12,51,000 രൂപ വരെ വിളിക്കുകയും ചെയ്‌തു. ഇതുൾപ്പെടെയാണ് ഇഷ്ട നമ്പറിന് മൊത്തം 13.01 ലക്ഷം രൂപ മുടക്കുന്നത്. നമ്പര്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ തുക അടയ്ക്കാന്‍ വെള്ളിയാഴ്ച്ച വരെ സമയമുണ്ട്. ഈ സമയത്തിനുള്ളിൽ ഫാൻസി നമ്പറിനായുള്ള തുട അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ലേലം അസാധുവാവുകയും പുതിയ ലേലം വിളിക്കുകയും ചെയ്യുമെന്നും ജോയിന്റ് ആർടിഒ കെകെ രാജീവ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതാദ്യമായല്ല കേരളത്തിൽ ഫാൻസി നമ്പരിനായി ഇത്രയും ഉയർന്ന തുക നൽകുന്നത്. ഇതിനു മുമ്പ് ഇഷ്‌ട നമ്പരിനായി 31 ലക്ഷം രൂപയോളം ചെലവഴിച്ചതാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തുക. തിരുവന്തപുരത്തെ ഒരു വ്യവസായിയാണ് തന്റെ പോർഷ 718 ബോക്‌സ്റ്റർ ആഡംബര കാറിനായി ഇത്രയും ഉയർന്ന തുക മുടക്കിയത്. ദേവി ഫാർമ എംഡി കെഎസ് ബാലഗോപാലാണ് ഈ റെക്കോർഡിന് ഉടമ.

റിസർവേഷൻ ഫീ ഉൾപ്പെടെയുള്ള 31 ലക്ഷം രൂപയ്ക്ക് KL 01 CK 1 എന്ന നമ്പറാണ് ബാലഗോപാൽ സ്വന്തമാക്കിയത്. 2017-ൽ തന്റെ ലാൻഡ് ക്രൂയിസറിന്റെ നമ്പറിനായി ലേലത്തിൽ 19 ലക്ഷം രൂപ നൽകി ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ആയതിനാൽ KL 7 DA 9999 എന്ന നമ്പർ സ്വന്തമാക്കിയ ജിജി കോശിയുടേത് കേരളത്തിൽ ഫാൻസി നമ്പർ പ്ലേറ്റിനായി മുടക്കുന്ന ഏറ്റവും ഉയർന്ന തുകയല്ല.
എങ്കിലും ഇത്രയും ഉയർന്ന തുക മുടക്കിയത് എന്തായാലും വാർത്താ പ്രാധാന്യം അർഹിക്കുന്നുണ്ടെന്നു വേണം പറയാൻ. ഫാൻസി നമ്പരുകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചതിന് ശേഷം ലേലത്തിലൂടെ വിൽക്കുന്ന സംവിധാനമാണ് കേരളത്തിൽ പിന്തുടർന്നു പോവുന്നത്. ഇത്തരത്തിൽ അധിക ഫണ്ട് സ്വരൂപിക്കാൻ സർക്കാരിനെ ഇത് സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും ഫാന്‍സി നമ്പര്‍പ്ലേറ്റുകള്‍ക്കായി ലേലം സംഘടിപ്പിക്കാറുണ്ട്. ആർക്കും ഇത്തരം ഫാൻസി നമ്പരിനായി അപേക്ഷിക്കാനാവും. അത് എങ്ങനെയെന്ന് ഒന്നു പറഞ്ഞുതരാം.

ഇതിനായി റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു പൊതു ഉപയോക്താവായി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള നമ്പർ തെരഞ്ഞെടുക്കാം. അതിനുശേഷം രജിസ്ട്രേഷൻ നമ്പറിനുള്ള രജിസ്ട്രേഷൻ ഫീസും ബുക്കിംഗ് ഫീസും അടയ്ക്കേണ്ടതുണ്ട്. ചാർജുകൾ ശ്രദ്ധാപൂർവ്വം നോക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ള നമ്പറിൽ ഔദ്യോഗിക ബിഡ് നൽകാം.
പിന്നീട് ഫലങ്ങൾ കാണിക്കുന്നതിനായി കാത്തിരിക്കുക. ഈ ലേലത്തിൽ വിജയിച്ചാൽ, ബാക്കി തുക ഓൺലൈനായി അടയ്ക്കാം. ലേലം അനുകൂലമായില്ലെങ്കിൽ കുടിശിക ശേഖരിച്ച് വീണ്ടും ശ്രമിക്കാനും സാധിക്കും. ഇനി ലേലത്തിൽ വിജയിക്കാനായാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയതിനു ശേഷം സ്ക്രീനിൽ ദൃശ്യമാകുന്ന അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇഷ്ടമുള്ള നമ്പർ ലഭിച്ചില്ലെങ്കിൽ ഫീസ് റീഫണ്ട് ക്ലെയിം ചെയ്യാം.


Click it and Unblock the Notifications








