വേഗതയുടെ കാര്യത്തിലെ മടിയൻമാർ, ഇന്ത്യയിലെ ഏറ്റവും സ്പീഡ് കുറഞ്ഞ കാറുകളെ പരിചയപ്പെടാം
ഇന്ത്യയിൽ പ്രധാനമായും ബഹുജന വിപണിക്ക് വേണ്ടിയാണ് നിർമാതാക്കൾ കാറുകൾ നിർമിക്കുന്നതു തന്നെ. അതിനാൽ വാങ്ങുന്നവരുടെ ആവശ്യം നിറവേറ്റുന്നതിനായി കമ്പനികൾക്ക് എവിടെയെങ്കിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുന്നുമുണ്ട്.

മിക്കവാറും സമയങ്ങളിൽ വിട്ടുവീഴ്ച്ച വരുന്നത് എഞ്ചിന്റെ കാര്യത്തിലാണ്. ചിലപ്പോൾ ഫീച്ചറുകൾ അല്ലെങ്കിൽ യാത്രാ സുഖസൗകര്യങ്ങളുടെ കാര്യത്തിലുമാവാറുണ്ട്. എഞ്ചിൻ വിഭാഗത്തിൽ കാര്യമായ വിട്ടുവീഴ്ച്ച ചെയ്യുന്ന കാറുകളെ കുറിച്ച് പറയുമ്പോൾ ഡ്രൈവിംഗിന്റെ പഞ്ചും ത്രില്ലും ഇതിലില്ലെന്നു വേണം പറയാൻ.
Recommended Video

ശരിക്കും മികച്ച ഡ്രൈവ് ഫീൽ നൽകാൻ കുഴിമടിയൻമാരാണിവർ. എത്ര മൈലേജും സേഫ്റ്റിയും ഉണ്ടെങ്കിലും ഡ്രൈവ് ചെയ്യാൻ ബോറടിപ്പിക്കുന്ന മോഡലുകളാണെങ്കിൽ പലരും അവയിൽ നിന്നും ഒഴിവാകാറുമുണ്ട്. അതിനാൽ സ്പീഡ് പുറത്തെടുക്കാൻ മടിയൻമാരായ ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ കാറുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെുത്തി തരാം.

ടാറ്റ ടിയാഗോ എഎംടി
ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് ടാറ്റ ടിയാഗോ. മാന്യമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനോടുകൂടിയ ചില ഒപ്റ്റിമൽ ഫീച്ചറുകളോടെയാണ് ഈ ഹാച്ച്ബാക്ക് വരുന്നത്. ഈ എഞ്ചിൻ പരമാവധി 82 bhp കരുത്തിൽ 113 Nm torque വരെ നൽകാൻ പ്രാപ്‌തവുമാണ്.

വാഹനത്തിന്റെ ഭാരം കണക്കിലെടുക്കുമ്പോൾ 82 bhp പവർ കണക്ക് അത്ര മോശമൊന്നുമല്ലെന്നു വേണം പറയാൻ. എന്നാൽ ഓട്ടോമാറ്റിക്കിലേക്ക് എത്തുമ്പോൾ എഎംടി എന്നറിയപ്പെടുന്ന ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ആണ് ടാറ്റ ടിയാഗോയുമായി ജോടിയാക്കിയിരിക്കുന്നത്.

കാര്യക്ഷമമായ എഎംടിയുടെ സൗകര്യത്തോടെ വാഹനത്തിന്റെ പെർഫോമൻസ് നഷ്‌ടപ്പെടുന്നുവെന്നു വേണം പറയാൻ. എഎംടി ഗിയർബോക്‌സുള്ള ടാറ്റ ടിയാഗോയ്ക്ക് ഏകദേശം 16.3 സെക്കൻഡ് എടുക്കും 100 കിലോമീറ്റർ വേഗതയിലെത്താൻ എന്നതാണ് ബോറടിപ്പിക്കുന്ന കാര്യം.

ടാറ്റ നെക്സോൺ ഇവി
ഈ ലിസ്റ്റിൽ ആരും പ്രതീക്ഷിക്കാത്ത പേരുകളിൽ ഒന്നാണ് ഇലക്‌ട്രിക് എസ്‌യുവിയായി നെക്സോണിന്റേത്. ഔട്ട്‌റൈഡ് ആക്സിലറേഷനിൽ ആന്തരിക ജ്വലന എഞ്ചിനുകളേക്കാൾ വേഗമേറിയതാണ് ഇലക്ട്രിക് വാഹനങ്ങൾ എന്നതാണ് ഈ മോഡലിനെ ഇവിടെ പ്രതീക്ഷിക്കാതിരിക്കുന്നതിന്റെ കാരണം.

എന്നാൽ നെക്സോൺ ഇവി ഇലക്‌ട്രിക്കിന്റെ ഇക്കോ മോഡിലാണ് വേഗത പുറത്തെടുക്കാൻ മടിക്കുന്നതെന്നു മാത്രം. കൂടുതൽ റേഞ്ച് നൽകുന്നതിനായാണ് വാഹനം പവറിൽ വിട്ടുവീഴ്ച്ച ചെയ്യുന്നത്. അതിനാൽ ഈ മോഡിൽ നെക്‌സോണിന്റെ 0-100 വേഗത കൈവരിക്കാൻ ഏകേദശം 17 സെക്കൻഡാണ് വേണ്ടി വരിക.

എന്നിരുന്നാലും 245 Nm torque സൃഷ്ടിക്കുന്ന 127 bhp മോട്ടോറുമായാണ് ടാറ്റ നെക്‌സോണിന്റെ വരവ്. സ്‌പോർട്‌സ് മോഡിൽ 10 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ നെക്സോൺ ഇവിക്ക് സാധിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

മാരുതി സുസുക്കി ആൾട്ടോ 800
ഇന്ത്യയിലെ എൻട്രി ലെവൽ കാറുകളിലൊന്നായ ആൾട്ടോ 800 ആണ് സ്പീഡിന്റെ കാര്യത്തിൽ മടിയനായുള്ള അടുത്ത മോഡൽ. തീർച്ചയായും പെർഫോമൻസിനെ അടിസ്ഥാനമാക്കിയല്ല വാഹനത്തെ ഒരുക്കിയിരിക്കുന്നത് എന്ന മനസിൽ ഓർമിക്കേണം.

ഒരു ചെറിയ 800 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുമായാണ് ആൾട്ടോ വിപണിയിലെത്തുന്നത്. ഈ മോട്ടോർ 47 bhp പവറിൽ പരമാവധി 69 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ എഞ്ചിനാണ്. ഈ ഹൃദയവുമായി 100 കിലോമീറ്റർ വേഗതയിലെത്താൻ 17 സെക്കൻഡാണ് വേണ്ടി വരുന്നത്.

റെനോ ക്വിഡ് എഎംടി
ഈ ലിസ്റ്റിലെ അടുത്ത വാഹനം റെനോ ക്വിഡാണ്. മികച്ച സിറ്റി കാറിനായി തിരയുന്നവർക്ക് പറ്റിയ കാറാണ് ഫ്രഞ്ച് വാഹന നിർമാതാക്കളിൽ നിന്നുള്ള ഈ കുട്ടികാർ. ആവശ്യത്തിലധികം സുഖ സൗകര്യങ്ങളുള്ള സുഖപ്രദമായ ഹാച്ച്ബാക്കാണിത് എന്നതിൽ തർക്കമൊന്നുമില്ല. എഎംടി സിറ്റി ഡ്രൈവിംഗിനെ കൂടുതൽ എളുപ്പമാക്കുന്നുമുണ്ട്.

സിറ്റി ഡ്രൈവിംഗിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും എഎംടി ഓട്ടോമാറ്റിക് ഓപ്ഷൻ ഓപ്പൺ റോഡുകളിലോ ഓവർടേക്കിംഗിലോ കാര്യമായ മടുപ്പുളവാക്കിയേക്കാം. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാർ ഏകദേശം 19.05 സെക്കൻഡ് എടുക്കും.

റെനോ ട്രൈബർ
എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടു കൂടിയ ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോയിൽ നിന്നുള്ള എംപിവിയാണ് ട്രൈബർ. ശരിക്കും പറഞ്ഞാൽ ക്വിഡിന്റെ അതേ എഞ്ചിനുമായാണ് ഈ 7 സീറ്റർ വാഹനം വിപണിയിൽ അണിനിരക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി എന്നുമാത്രമല്ല ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ചിരിക്കുന്ന ഏറ്റവും സുരക്ഷിതമായ മൾട്ടി പർപ്പസ് വാഹനം കൂടിയാണ് ട്രൈബർ. ശരിക്കും പറഞ്ഞാൽ ഒരു കാര്യക്ഷമമായ എഞ്ചിൻ നൽകിയാൽ റെനോ ട്രൈബറിനെ തേടി കൂടുതൽ ആളുകളെത്തുമെന്നും ഉറപ്പാണ്.

ട്രൈബർ ഒരു എഞ്ചിൻ ഓപ്ഷനുമായാണ് വരുന്നത് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 71 bhp കരുത്തിൽ 96 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. വേഗത കുറഞ്ഞ എഎംടി ഗിയർബോക്‌സാണ് വാഹനത്തെ കൂടുതൽ പിന്നോട്ടുവലിക്കുന്നത്. ഏകദേശം 20 സെക്കൻഡ് വേണ്ടിവരും കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ.

അതേസമയം മാനുവൽ ട്രാൻസ്മിഷനുള്ള ട്രൈബറിന് നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 17 സെക്കൻഡിൽ കൂടുതൽ സമയമെടുക്കുമെന്നതും നിരാശയുളവാക്കുന്ന കാര്യമാണ്.

മഹീന്ദ്ര ബൊലേറോ
ഒരു ഡീസൽ വാഹനം വേഗത പുറത്തെടുക്കാൻ മടികാണിക്കുന്ന കാര്യം ചിലപ്പോൾ പലരേയും ആശ്ചര്യപ്പെടുത്തിയേക്കാം. ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയിൽ നിന്നുള്ള മൾട്ടി പർപ്പസ് വാഹനമായ ബൊലേറോയാണ് സ്പീഡിന്റെ കാര്യത്തിലെ മടിയൻ.

മഹീന്ദ്രയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണിത്. ആക്സിലറേഷന്റെ കാര്യം പറയുമ്പോൾ വാഹനം സ്ലോ ആണെന്ന് സമ്മതിക്കാതെ തരമില്ല. എല്ലാത്തിനുമുപരി ഇത് മൈലേജും ടോർക്കും കേന്ദ്രീകരിച്ചുള്ള ഒരു എഞ്ചിനുമായി വരുന്നുവെന്നതാണ് യാഥാർഥ്യം.

അതായത് 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലാണ് ബൊലേറോ വരുന്നത്. അത് 75 bhp പവറിൽ 210 Nm torque വരെയാണ് വികസിപ്പിക്കുന്നത്. പിൻവീൽ ഡ്രൈവ് സംവിധാനമുള്ള എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒരു ടർബോ ഡീസൽ യൂണിറ്റ് ആണെങ്കിലും 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 23.46 സെക്കൻഡാണ് ബൊലേറോ്ക്ക് വേണ്ടിവരിക.

ടാറ്റ നാനോ
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ കാർ ടാറ്റ നാനോ ആയിരിക്കണം. അത് മോശമാണെന്നല്ല, ഒരിക്കലും പെർഫോമൻസിനായി നിർമിച്ച വാഹനമല്ല ഇതെന്ന് ഓർത്താൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ടാറ്റ നാനോയ്ക്ക് ഏകദേശം 28 സെക്കൻഡ് സമയമാണ് വേണ്ടിവരിക.

ഒരു റിയർ-വീൽ ഡ്രൈവ് വാഹനമായിരുന്ന നാനോയ്ക്ക് 37 bhp കരുത്തിൽ 51 Nm torque ഉത്പാദിപ്പിക്കുന്ന 624 സിസി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്.


Click it and Unblock the Notifications








