അതിസമ്പന്നനായ പ്രധാനമന്ത്രി! എങ്കിലും ആള് സിമ്പിളാണ്; ഋഷി സുനകിന്റെ കാർ ശേഖരം ഇതാ
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യത്തെ ഇന്ത്യൻ വംശജനാണ് ഋഷി സുനക്. അതുമാത്രമല്ല, ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 42-കാരനായ ഋഷി.

ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസിന് രാജിവെക്കേണ്ടിവന്നു. ഇദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് ഇന്റർനെറ്റിലെ താരം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വേളയിൽ സുനക് വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാവും ഋഷിയുടെ ആദ്യ ദൗത്യവും. ബോറിസ് ജോൺസന്റെ പകരക്കാരൻ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സാമ്പത്തിക സമ്പത്ത് കാരണവും സുനക് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നയാളാണ്.

യുകെയിലെ ഏറ്റവും സമ്പന്നരായ ആളുകളിൽ ഒരാണ് ബ്രിട്ടിന്റെ പുതിയ പ്രധാനമന്ത്രി. ഋഷി സുനകിനും ഭാര്യ അക്ഷത മൂര്‍ത്തിക്കും 730 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കമ്പൈന്‍ഡ് സ്വത്താണുള്ളത്. അതായത് 6856 കോടിയിലധികം ഇന്ത്യന്‍ രൂപ. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ധനികരുടെ പട്ടിക സണ്‍ഡേ ടൈംസ് പുറത്തുവിട്ടപ്പോൾ അതില്‍ 222-ാം സ്ഥാനത്തായിരുന്നു സുനക്.

വലിയ അത്യാഡംബര കാർ ശേഖരമൊന്നും അവകാശപ്പെടാനില്ലാത്തയാളാണ് പുതിയ പ്രധാനമന്ത്രി. എന്നിരുന്നാലും ഋഷി സുനകിന്റെ ഗരാജിലെ വാഹനങ്ങൾ ഏതെല്ലാമെന്ന് അറിയാൻ വാഹന പ്രേമികളായ പ്രേക്ഷകർക്ക് കൗതുകമുണ്ടായിരിക്കും. ഏതെല്ലാം കാറുകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളതെന്ന് ഒന്നു പരിശോധിച്ചാലോ?

ലാൻഡ് റോവർ ഡിസ്‌കവറി
ഋഷി സുനക്കിന്റെ ഗാരേജിലെ ഈ ഹൈ-എൻഡ് എസ്‌യുവികളിലെ ഒരേയൊരു മോഡലാണ് ലാൻഡ് റോവർ ഡിസ്‌കവറി. 3.0 ലിറ്റർ 6-സിലിണ്ടർ എഞ്ചിനുള്ള ഈ ലക്ഷ്വറി വാഹനം പരമാവധി 355 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഈ ഡിസ്‌കവറിക്ക് പിന്നിൽ ഫിക്‌സഡ് പനോരമിക് ഗ്ലാസ് റൂഫും മുൻവശത്ത് സ്ലൈഡിംഗ് പനോരമിക് സൺറൂഫും ഉണ്ട്. വെറും 7.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഡിസ്‌കവറി എസ്‌യുവിക്ക് സാധിക്കും. ഈ ലാൻഡ് റോവറിന്റെ ഏറ്റവും ഉയർന്ന വേഗത 120 mph ആണ്.

ജാഗ്വർ XJ
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വറിന്റെ ഹൈ പെർഫോമൻസ് സലൂൺ മോഡലാണ് XJ. സുനക് തന്റെ കാർ ശേഖരത്തിൽ ചേർത്തിട്ടുള്ള ഏറ്റവും സമ്പന്നമായ വാഹനം ഇതാണ്. 76,995 ഡോളറിന്റെ പ്രാരംഭ വിലയാണ് ഈ കാറിനുള്ളത്. അതായത് ഏകദേശം 64 ലക്ഷം രൂപയോളം വില വരുമെന്ന് സാരം.

ഈ ഹൈ-എൻഡ് ആഡംബര കാറിൽ 3 ലിറ്റർ V6 ടർബോചാർജ്ഡ് എഞ്ചിനാണ് ജാഗ്വർ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 225 bhp പവറിൽ 158 മൈൽ വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്. വെറും 3.9 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ജാഗ്വർ XJ സലൂണിന് കഴിയും.

ഫോക്‌സ്‌വാഗൺ ഗോൾഫ് Mk6 GTI
സുനകിന്റെ ഏറ്റവും പ്രിയപ്പെട്ട കാറുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് Mk6 GTI. ഹോട്ട് ഹാച്ചായ ഈ തട്ടുപൊളിപ്പൻ വാഹനത്തിന് പരമാധി 207 bhp കരുത്ത് വരെ പുറത്തെടുക്കാൻ കഴിയുമെന്നതാണ് ഹൈലൈറ്റ്. അതേസമയം ഉയർന്ന വേഗത 149 മൈലാണ്.

2.0 ലിറ്റർ ഇൻലൈൻ 4 ടർബോ എഞ്ചിനുള്ള ഫോക്‌സ്‌വാഗൺ ഗോൾഫ് Mk6 GTI പതിപ്പിന്റെ അടിസ്ഥാന വില 29,000 ഡോളറാണ്. അതായത് ഏകദേശം 24 ലക്ഷം രൂപയോളം വരുമെന്ന് സാരം. സ്പോർട്ടി ഹാച്ച്ബാക്കിന് 6.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 60 മൈൽ വരെ വേഗത്തിലെത്താനും കഴിയും.


Click it and Unblock the Notifications








