ലൊക്കേഷൻ യാത്രകൾ ഇനി മിനിയുടെ കൂടെ, 54 ലക്ഷത്തിന്റെ പുത്തൻ കാർ വാങ്ങി മോളിവുഡിന്റെ പ്രിയ നിർമാതാവ്
മലയാള സിനിമ ലോകത്ത് വണ്ടിഭ്രാന്തൻമാരായി ഒരുപാട് ആളുകളാണുള്ളത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ആസിഫ് അലി, പൃഥ്വിരാജ് സുകുമാരൻ അങ്ങനെ ലിസ്റ്റ് നീളും. യാത്രകൾക്കായി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്നവരാണ് താരങ്ങളെങ്കിലും നിർമാതാക്കൾക്കിടയിലും ഒരു അണ്ടർറേറ്റഡ് വാഹന പ്രേമിയുണ്ട്. മറ്റാരുമല്ല മലയാളത്തിൽ നിലവിൽ ഏറ്റവും പേരുകേട്ട പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ മാജിക് ഫ്രെയിംസിന്റെ ഉടമയായ ലിസ്റ്റിൻ സ്റ്റീഫന്റെ കാര്യമാണീ പറഞ്ഞുവരുന്നത്.
ലിസ്‌റ്റിൻ സ്‌റ്റീഫനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമാണെന്ന് തന്നെ വേണം പറയാൻ. പണ്ട് ചലചിത്ര നിർമാതാക്കൾക്ക് കാര്യമായ ഫാൻബേസ് ഒന്നുമില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ ചലനങ്ങൾ ഉണ്ടാക്കുന്നതിൽ ലിസ്റ്റിൻ വിജയിച്ചിട്ടുണ്ട്. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളും കുറിപ്പുകളുമായി എത്തുന്ന ആളാണ് ഇദ്ദേഹം.

2011-ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആണ് ലിസ്റ്റിൻ നിര്‍മിക്കുന്ന ആദ്യത്തെ ചിത്രം. പിന്നീട് ധാരാളം ഹിറ്റ് സിനിമകൾ മോളിവുഡിന് സമ്മാനിച്ച ഇദ്ദേഹം ഒരു വണ്ടിഭ്രാന്തൻ കൂടിയാണ്. നേരത്തെ മെർസിഡീസ് ബെൻസ്, ലാൻഡ് റോവർ ഉൾപ്പടെയുള്ള വമ്പൻ കാറുകൾ സ്വന്തമാക്കിയ ലിസ്റ്റിൻ ഇപ്പോഴിതാ മറ്റൊരു ലക്ഷ്വറി കാർ കൂടി ഗരാജിലെത്തിച്ചിരിക്കുകയാണ്. ആഡംബര കാറുകളിലെ ഗ്ലാമർ റാണിയായ മിനി കൂപ്പറാണ് നിർമാതാവ് വാങ്ങിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രീമിയം വാഹനങ്ങളില്‍ താരപരിവേഷമുള്ള മോഡലാണ് മിനി കൂപ്പര്‍ എന്ന കുഞ്ഞന്‍ കാര്‍. ഒതുക്കമുള്ള രൂപവും ആഡംബര കാറുകളെ തട്ടിച്ച് നോക്കുമ്പോഴുള്ള കുറഞ്ഞ വിലയുമെല്ലാം മിനി കൂപ്പറുകളുടെ പ്രത്യേകതയാണ്. കൂപ്പർ സീരീസിലെ S ജോൺകൂപ്പർ വർക്ക്‌സിലെ സ്പെഷ്യൽ ട്രാക്ക് എഡിഷനാണ് ലിസ്റ്റിൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 42.70 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്ന വാഹനത്തിന് കൊച്ചിയിൽ 54.41 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ.

ത്രീ-ഡോർ ഹാച്ച്ബാക്കായ ലക്ഷ്വറി കാർ ശരിക്കും കാഴ്ച്ചയിൽ തന്നെ ഏറെ കൌതുകമുണർത്തുന്ന ഒന്നാണെന്ന് പറയാം. കൂപ്പർ S മോഡലിന്റെ പ്രത്യേക പതിപ്പാണ് ജോൺ കൂപ്പർ വർക്സ് എന്ന JCW. കൊച്ചിയിലെ മിനിയുടെ പ്രീമിയം ഡീലർഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ലിസ്റ്റിൻ പുതിയ കാർ വാങ്ങിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഡീലർഷിപ്പ് തന്നെ പുറത്തുവിട്ടിട്ടുമുണ്ട്.
ഭാര്യക്കും മക്കൾക്കും ഒപ്പമെത്തിയാണ് ലിസ്റ്റിൻ സ്റ്റീഫൻ കുടുംബത്തിലെ പുതിയ അംഗത്തിനെ കൂടെക്കൂട്ടിയിരിക്കുന്നത്. സ്‌പോർട്ടി ഹാച്ച്ബാക്കിന്റെ ത്രീ-ഡോർ പെർഫോമൻസ് പതിപ്പ് 2021-ലാണ് ഇന്ത്യയിൽ എത്തുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനാലാണ് മിനി കൂപ്പർ കാറുകൾക്ക് രാജ്യത്ത് ഇത്രയും ഉയർന്ന വില വരുന്നത്. 3-ഡോർ മോഡലാണെങ്കിലും റോഡ് പ്രസൻസിനൊന്നും യാതൊരു കുറവുമില്ലെന്നു വേണം പറയാൻ.

അഗ്രസീവായുള്ള എക്സ്റ്റീരിയർ സ്റ്റൈലിംഗ്, കൂറ്റൻ ബമ്പറുകൾ, ഫ്രണ്ട് ഗ്രില്ലിന് ബ്ലാക്ക് ഫിനിഷ്, ബോഡി ഡിക്കലുകൾ, എല്‍ഇഡി ലൈറ്റിംഗ് എന്നിവയെല്ലാമാണ് മിനി കൂപ്പർ S ഹാച്ചിന്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അതോടൊപ്പം തന്നെ വലിയ 18 ഇഞ്ച് അലോയ് വീലുകളും കാറിന് മോടിയേകുന്ന കാര്യങ്ങളാണ്. ഉയർന്ന വില കൊടുക്കുന്നതിനാൽ തന്നെ യാത്രകൾ ആഡംബരമാക്കാനായി പ്രീമിയം ഫീച്ചറുകളുടെ വലിയ അകമ്പടിയും വാഹനത്തിലുണ്ട്.
ലെതറില്‍ തീര്‍ത്ത സ്‌പോര്‍ട്‌സ് സീറ്റുകൾ, സ്പോർട്ടി സ്റ്റിയറിംഗ് വീൽ, ഹർമാൻ കാർഡൺ സ്റ്റീരിയോ സിസ്റ്റം, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോൾ പോലുള്ളവയെല്ലാം മിനി കൂപ്പർ S മോഡലിനെ വേറിട്ടു നിർത്തുന്ന കാര്യങ്ങളാണ്. 228 bhp കരുത്തിൽ പരമാവധി 320 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനം വിപണിയിൽ എത്തുന്നത്.
പാഡിൽ ഷിഫ്റ്ററുകളുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് കൂപ്പർ ഹാച്ചിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 6.1 സെക്കൻഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ മിനി കൂപ്പർ S മോഡലിനാവും എന്നതും ശ്രദ്ധേയമാണ്. മോളിവുഡിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വന്തമാക്കിയിട്ടുള്ള വാഹനങ്ങളിൽ ഒന്നാണ് മിനി കാറുകൾ.
കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍, അർജുൻ അശോകൻ, മഞ്ജു വാര്യർ പോലുള്ളവർ മിനി കൂപ്പർ ഗരാജിലെത്തിച്ചിട്ടുണ്ട്. ഈ നിരയിലേക്കാണ് നിർമാതാവ് കൂടിയായ ലിസ്റ്റിൻ സ്റ്റീഫനും അംഗത്വം എടുത്തിരിക്കുന്നത്. ഇനി പുതിയ ലൊക്കേഷനുകളിലേക്ക് തന്റെ ഏറ്റവും പുതിയ കുഞ്ഞൻ വാഹനത്തിലാവും മാജിക് ഫ്രെയിംസിന്റെ ഉടമയുടെ യാത്രകൾ.


Click it and Unblock the Notifications








